/indian-express-malayalam/media/media_files/2025/10/23/helicopter-2025-10-23-10-14-47.jpg)
Kerala Malayalam News Today Highlights Live Updates
Keralamalayalam news Today Live Updates: തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വ്യോമസേനക്കായിരുന്നുവെന്നും ലാൻഡിങ് ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്‌ദരുടെ മേൽനോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഭവം രാഷ്ട്രപതി ഭവനോ കേന്ദ്രസർക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതുവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കുകയായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു സുരക്ഷിതമായി താഴെ ഇറങ്ങിയിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്.
- Oct 23, 2025 14:08 IST
കേരളത്തിൽ മഴ കനക്കും, മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യത. തുടർന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
- Oct 23, 2025 12:52 IST
മലപ്പുറത്ത് യുവാവ് അറസ്റ്റിൽ; 2.58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
മലപ്പുറം നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായി. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ (37) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.58 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
- Oct 23, 2025 12:22 IST
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 27 മുതൽ
ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
- Oct 23, 2025 12:05 IST
കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വരാം. എന്നാൽ, അത് പരിഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
- Oct 23, 2025 11:39 IST
സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു
സംസ്ഥാനത്ത് പലയിടത്തും ചെങ്കണ്ണ് പടരുന്നു. കഴിഞ്ഞ വർഷം കൂടുതലും വൈറസായിരുന്നു രോഗാണുവെങ്കിൽ ഇത്തവണ ബാക്ടീരിയ കാരണം ഉണ്ടാകുന്ന കൻജൻക്റ്റിവൈറ്റിസ് ആണ് പടരുന്നത്.
- Oct 23, 2025 11:20 IST
ഡ്രൈവിങ് ലൈസൻസിനുള്ള റോഡ് ടെസ്റ്റ് കർശനമാകും
ഡ്രൈവിങ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷയിലും പാർക്കിങ് മര്യാദകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് റോഡ് ഡ്രൈവിങ് ടെസ്റ്റ് നടത്തണം. ആർടിഒകൾക്കാണ് നിർദേശം നൽകിയത്.
- Oct 23, 2025 10:42 IST
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിക്കെതിരെ നടപടി വന്നേക്കും
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ് പി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകും. ആലത്തൂർ ഡിവൈഎസ്പി ആർ.മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്.
- Oct 23, 2025 10:16 IST
എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവം: ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി
എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി, മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ രണ്ടാംപ്രതി, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികൾ എന്നിങ്ങനെയാണ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നൽകിയിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us