/indian-express-malayalam/media/media_files/2025/10/20/robin-2025-10-20-10-22-51.jpg)
Kerala Malayalam News Today Highlights
Keralamalayalam news Highlights: തിരുവനന്തപുരം: തമ്പാനൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന വള്ളക്കടവ് സ്വദേശി റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചതിനെ തുടർന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
- Oct 20, 2025 20:49 IST
നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിലെത്തും
നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിലെത്തും. ഒക്ടോബർ 21 മുതൽ 24 വരെയാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം. തിങ്കളാഴ്ച വൈകുന്നേരത്തോടെ രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തുന്നത്.
- Oct 20, 2025 19:37 IST
ശബരിമലയുടെ ഐതിഹ്യത്തിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ട്, സംഘപരിവാറിന് അത് അംഗീകരിക്കാനാവുന്നില്ല: മുഖ്യമന്ത്രി
ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ടെന്നും സംഘപരിവാറിന് ഇത് അംഗീകരിക്കാനാവുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ടെന്നും, ഒരു മുസ്ലീമിന് സ്ഥാനം കൊടുക്കാൻ പാടുണ്ടോ എന്നതാണ് സംഘപരിവാറിനെ ചൊടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Oct 20, 2025 18:57 IST
കായിക കേരളത്തിന് ട്രാക്കുണരുന്നു; സംസ്ഥാനത്ത് 22 സിന്തറ്റിക് സ്റ്റേഡിയങ്ങൾ
ഒളിമ്പിക് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുമ്പോൾ കുതിപ്പിന്റെ ട്രാക്കിലാണ് കേരളം. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം സിന്തറ്റിക് ട്രാക്ക് കണ്ടിരുന്ന കുട്ടികളല്ല ഇന്നുള്ളത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് 20 സിന്തറ്റിക് ട്രാക്കുകളാണ് കായികതാരങ്ങളുടെ പരിശീലനത്തിനും മത്സരങ്ങൾക്കുമായി സംസ്ഥാനത്ത് കായിക വകുപ്പ് നിർമിച്ചത്. ഇതോടെ ആകെ സിന്തറ്റിക് ട്രാക്കുകളുടെ എന്ന 22 ആയി. അവയിൽ പരിശീലിച്ചും മത്സരിച്ചും കയറിവന്ന പുത്തൻ താരോദയങ്ങൾക്കാണ് കേരളം കൺപാർക്കുന്നത്. നിലവിൽ 14 ജില്ലകളിലും സിന്തറ്റിക് ട്രക്കുകൾ വന്നു.കായികമേളകളിൽ നേട്ടങ്ങൾ കൊയ്ത സ്കൂളുകളിലാണ് സ്റ്റേഡിയങ്ങൾ അനുവദിച്ചിട്ടുള്ളത്. ഇത് ആ സ്കൂളിലെയും സമീപ സ്‌കൂളുകളിലെയും കായികതാരങ്ങൾക്ക് ഏറെ സഹായകമായി. മൺ സ്റ്റേഡിയങ്ങളിൽ പരിശീലനം നേടിയ താരങ്ങൾ സിന്തറ്റിക് ട്രാക്കിൽ മത്സരത്തിനെത്തുമ്പോൾ പലപ്പോഴും ഉദ്ദേശിച്ച പ്രകടനം കാഴ്ചവെക്കാനാകാതെ പ്രയാസപ്പെടാറുണ്ട്. ഇതിനൊരു അറുതിവന്നിരിക്കുകയാണ് നിലവിൽ. പരിശീലനം നേടിയ അതേ തരം ട്രാക്കിൽ മത്സരിക്കാനുമാകുന്നത് കായികതാരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. - Oct 20, 2025 16:36 IST
143 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ആർജെഡി
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 143 സ്ഥാനാർത്ഥികളുടെ പട്ടിക രാഷ്ട്രീയ ജനതാദൾ (ആർജെഡി) പുറത്തിറക്കി. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് രഘോപൂരിൽ ലളിത് യാദവ് ദർഭംഗ റൂറലിൽ നിന്നും മത്സരിക്കും.
- Oct 20, 2025 15:44 IST
ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു. അനന്തസുബ്രഹ്മണ്യത്തെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
- Oct 20, 2025 13:57 IST
അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി
അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
- Oct 20, 2025 13:21 IST
നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്
നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുല്ലശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും കേസെടുത്തു.
- Oct 20, 2025 13:01 IST
ഞങ്ങൾ നന്ദികെട്ടവരല്ല, ജി സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല: മന്ത്രി സജി ചെറിയാൻ
ജി സുധാകരനെ നേരിൽ കാണുമെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി സജി ചെറിയാൻ. ഞങ്ങൾ നന്ദികെട്ടവരല്ല. ജി സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കും. ജി സുധാകരന് തന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
- Oct 20, 2025 12:42 IST
ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന. 200 രൂപ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
- Oct 20, 2025 11:54 IST
ആലപ്പുഴ തുറവൂരിൽ വാഹനാപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം
ആലപ്പുഴ തുറവൂരിൽ വാഹനാപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്. ദേശീയപാതയിൽ പത്മാക്ഷികവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. അച്ഛനോടൊപ്പം ശബരീശൻ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
- Oct 20, 2025 11:34 IST
കൊടും ക്രിമിനൽ കൊടിമരം ജോസ് അറസ്റ്റിൽ
നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനൽ കൊടിമരം ജോസ് പിടിയിൽ. കൊലപാതകവും കവർച്ചയുമടക്കം ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ജോസിനെ എറണാകുളം നോർത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
- Oct 20, 2025 11:16 IST
കഴക്കൂട്ടം ബലാത്സംഗം: പ്രതി എത്തിയത് മോഷണത്തിനെന്ന് പൊലീസ്
തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ പ്രതി എത്തിയത് മോഷണത്തിനായിട്ടാണെന്ന് തിരുവനന്തപുരം ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മുമ്പ് ഇയാൾ തൊട്ടടുത്ത രണ്ടു വീടുകളിൽ മോഷ്ടിക്കാൻ കയറിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
- Oct 20, 2025 10:43 IST
നിയമം ലംഘിച്ച് എയര്‍ഹോണുകള്‍, കൊച്ചിയിൽ വ്യാപക പരിശോധന
കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അന്തര്‍ സംസ്ഥാന വാഹനങ്ങളടക്കം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. കൊച്ചിയിൽ രാവിലെ മുതൽ വ്യാപക പരിശോധനയാണ് നടക്കുന്നത്.
- Oct 20, 2025 10:25 IST
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു
മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) അന്തരിച്ചു. മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ. ആർ വിജയലക്ഷ്മി (റിട്ട. ഗവഃഅധ്യാപിക), കെ. ആർ പ്രസാദ് (റിട്ട: ഇന്ത്യൻ എയർ ഫോഴ്സ്).
- Oct 20, 2025 10:24 IST
വി എസ് അച്യുതാനന്ദന്റെ 102ാം ജന്മദിനം ഇന്ന്
വി.എസ്.അച്യുതാനന്ദന്‍റെ നൂറ്റി രണ്ടാം ജൻമദിനമാണ് ഇന്ന്. തിരുവനന്തപുരത്ത് നിന്ന് വി എസിന്റെ മകൻ വി എ അരുൺ കുമാറും കുടുംബവുമൊക്കെ ഇന്നലെ ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ രാവിലെ അരുൺ കുമാറും കുടുംബവും വി എസ് അന്തിയുറങ്ങുന്ന വലിയ ചുടുകാട്ടിൽ എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.