/indian-express-malayalam/media/media_files/2025/08/24/crime-2025-08-24-13-25-19.jpg)
Kerala News Highlights
Kerala News Highlights: മദ്യപിച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്. പട്ടാംപൊയില്‍ സ്വദേശി ബിജീഷ് എന്നയാള്‍ക്കാണ് കുത്തേറ്റത്. ലിങ്ക് റോഡില്‍ വച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.കുത്തേറ്റ് പരിക്കേറ്റ ബിജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ബിജീഷും മദ്യ ലഹരിയില്‍ ആയതിനാല്‍ ആരാണ് ആക്രമിച്ചതെന്നോ എന്താണ് ആക്രമണത്തിന്റെ കാരണമെന്നോ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ ബിജീഷിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇതിന് ശേഷം വിഷയത്തില്‍ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് ഉള്‍പ്പെടെ ശ്രമിക്കുന്നത്.
- Nov 02, 2025 21:37 IST
ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ തട്ടിയെടുത്ത് ഹമാസ് ഡ്രോണ്‍
ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്ന ഡ്രോണ്‍ ദൃശ്യങ്ങൾ പുറത്ത് വിട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹനവ്യൂഹത്തിന്‍റെ ഭാഗമായിരുന്നു കൊള്ളയടിക്കപ്പെട്ട ട്രക്കെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
- Nov 02, 2025 18:42 IST
108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു
സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത.
- Nov 02, 2025 15:57 IST
58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി
സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്' പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി ആരംഭിച്ചു. പുതിയ കൗണ്ടറുകളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കെ.എം.എസ്.സി.എല്‍. ആണ് പദ്ധതി നടപ്പിലാക്കുന്നത്. കരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ മുഖേന കാന്‍സര്‍ രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ലാഭരഹിതമായി 90 ശതമാനത്തിലേറെ വില കുറച്ചാണ് കാന്‍സര്‍ മരുന്നുകള്‍ വിതരണം നടത്തിയത്.
- Nov 02, 2025 10:19 IST
കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം
കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. കൊച്ചിയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. ഇയാളുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ദിവസം മുന്‍പാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം ഉണ്ടായ അവസാന മരണം റിപ്പോര്‍ട്ട് ചെയ്തത്.
- Nov 02, 2025 10:18 IST
ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല
ചിറ്റൂരില്‍ കാണാതായ ഇരട്ടസഹോദരന്മാരില്‍ ഒരാളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ചിറ്റൂര്‍ സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ലക്ഷ്മണന്റെ മൃതദേഹമാണ് രാവിലെ കുളത്തില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 6 മണി മുതലാണ് 14 വയസ്സുകാരായ രാമന്‍, ലക്ഷ്മണന്‍ എന്നിവരെ കാണാതായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us