/indian-express-malayalam/media/media_files/uploads/2017/08/accident-1.jpg)
Kerala News Highlights
Kerala News Highlights: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്.
നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. നോറ തല്‍ക്ഷണം തന്നെ മരിച്ചു. മുത്തശ്ശിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് കാറുകളെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെയും ഇവിടെ അപകടം നിരവധി ഉണ്ടായിട്ടുണ്ട്.
- May 02, 2025 21:47 IST
കോഴിക്കോട് മെഡിക്കൽ കോളേജിൽ പെട്ടിത്തെറി
കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊട്ടിത്തെറി. യുപിഎസ് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. ആശുപത്രിയിൽ നിന്ന് പുക ഉയർന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവർ പരിഭ്രാന്തരായി. ആർക്കും പിരക്കില്ല.
- May 02, 2025 20:27 IST
ചിലിയിലും അർജന്റീനയിലും 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ചിലിയിലും അർജന്റീനയിലും 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. വെള്ളിയാഴ്ചയാണ് ചിലിയുടെയും അർജന്റീനയുടെയും തെക്കൻ തീരങ്ങളിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- May 02, 2025 19:07 IST
പത്തനംതിട്ടയിൽ പതിനാല് വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടിയിൽ പതിനാല് വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്. വീട്ടുകാർക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ഗർഭിണിയാണ്. പെൺകുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു.
- May 02, 2025 17:51 IST
കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും
കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. കണ്ണൂർ ഇരിട്ടി നടുവിൽ സൂരജ് (40), ഭാര്യ എറണാകുളം മഴുവന്നൂർ പഞ്ചായത്തിലൂള്ള മണ്ണൂരിൽ കൂഴൂർ കട്ടക്കയത്ത് വീട്ടിൽ കെ.എ.തോമസിന്റെയും അന്നമ്മയുടെയും മകൾ ബിൻസി (35) എന്നിവരെയാണ് കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
- May 02, 2025 16:18 IST
പി.വി അൻവർ യുഡിഎഫിലേക്ക്; സഹകരിപ്പിക്കാൻ തീരുമാനം
പി.വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനമെന്ന് റിപ്പോർട്ട്. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് തീരുമാനം സ്വാഗതമെന്ന് പി.വിഅൻവർ പ്രതികരിച്ചു.
- May 02, 2025 15:59 IST
വേടന്റെ നടപടി ധീരമെന്ന് ബിനോയ് വിശ്വം
ലഹരി ഉപയോഗം തുറന്ന് പറഞ്ഞ വേടന്റെ നടപടി ധീരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തിരുത്താൻ ശ്രമിക്കുമെന്നുമുള്ള വേടന്റെ ആത്മാർത്ഥത ആർക്കും അവഗണിക്കാനാകില്ല. വ്യക്തിപരമായി സംഭവിച്ച തെറ്റ് ഏറ്റ് പറയാൻ തയ്യാറായ അനുഗ്രഹീത കലാകാരനാണ് വേടൻ. വേടനെ അവഹേളിക്കാനുള്ള ശ്രമം അപലപനീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
- May 02, 2025 12:06 IST
വിഴിഞ്ഞം രാജ്യത്തിന്റെ മഹാകവാടമെന്ന് പ്രധാനമന്ത്രി
വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ മഹാകവാടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അനന്തപത്മനാഭന്റെ മണ്ണിലേക്ക് വന്നതിൽ സന്തോഷമെന്ന് പറഞ്ഞ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്.
രാജ്യത്തിന്റെ പണം ഇനി പുറത്തേക്ക് ഒഴുകില്ലെന്നും രാജ്യത്തിനും കേരളത്തിനും സാമ്പത്തിക സ്ഥിരത നൽകാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇത്രയും വലിയ തുറമുഖം നിർമ്മിച്ച അദാനിയെയും അദ്ദേഹം പ്രശംസിച്ചു.
- May 02, 2025 11:41 IST
കേരളത്തിന് പുതുയുഗത്തിൻ്റെ പിറവിയെന്ന് മുഖ്യമന്ത്രി
കേരളത്തിന് പുതുയുഗത്തിൻ്റെ പിറവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയിൽ, അധ്യക്ഷ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് അഭിമാനകരമായ പദ്ധതിയാണെന്നും അദാനി ഗ്രൂപ്പിന് നന്ദിയെന്നും മുഖ്യമന്ത്രി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പദ്ധതിക്കായി കേരളം ചെലവഴിച്ച കണക്കുകളും മുഖ്യമന്ത്രി വേദിയിൽ അവതരിപ്പിച്ചു. പ്രതിസന്ധികളിൽ തളരാതെ കേരലം മുന്നോട്ടു പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
- May 02, 2025 11:37 IST
‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’; ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ഫേസ്ബുക്കിൽ ചിത്രംപങ്കുവെച്ചിരിക്കുന്നത്. എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകൾക്ക് മുൻപ് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വേദിയിൽ ഇടം പിടിച്ചിരുന്നു.
- May 02, 2025 11:35 IST
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെപ്പോലും അവര്‍ ഭയക്കുന്നു: ചാണ്ടി ഉമ്മന്‍
കേരളത്തെയും ഭാരതത്തെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പ്രത്യേകിച്ചും ഭാരതത്തിന്‍റെ പ്രധാനമന്ത്രി വന്നുകൊണ്ട് തന്നെ വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് നടത്തുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചതിന് ശേഷം കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
- May 02, 2025 11:33 IST
സിപിഎമ്മിന് മറുപടിയായി ഉമ്മൻ ചാണ്ടിയുടെ വിഴിഞ്ഞം പ്രസംഗം പങ്കുവെച്ച് പ്രതിപക്ഷ നേതാവ്
വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ സംസാരിക്കുന്ന പഴയ വിഡിയോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഴിഞ്ഞം തുറമുഖത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പഴയ പ്രസംഗമാണ് വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ഒരു കല്ലിട്ടാല്‍ തുറമുഖമാകുമോ എന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും എല്‍ഡിഎഫ് സര്‍ക്കാരിനാണ് എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 'ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണ്.വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു.'- എന്ന കുറിപ്പിനൊപ്പമാണ് വി ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയുടെ പഴയ നിയമസഭ പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചത്.
- May 02, 2025 11:31 IST
45 മിനിറ്റ് പ്രധാനമന്ത്രി സംസാരിക്കും
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുറമുഖവകുപ്പ് മന്ത്രിക്കും മാത്രം. പ്രതിപക്ഷ നേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ അവസരമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 45 മിനിറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് മിനിറ്റും വകുപ്പുമന്ത്രി വിഎന്‍ വാസവന്‍ മൂന്ന് മിനിറ്റുമാണ് പ്രസംഗിക്കുക. പ്രതിപക്ഷ പ്രതിനിധികളായി ചടങ്ങില്‍ സ്ഥലം എംപി ശശി തരൂരും സ്ഥലം എംഎല്‍എ എം വിന്‍സെന്റുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അല്‍പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വിഴിഞ്ഞത്തെത്തി. പാങ്ങോട് മിലിട്ടറി ക്യാംപില്‍നിന്നാണു ഹെലികോപ്റ്റല്‍ മോദി വിഴിഞ്ഞത്തേക്കു പോയത്.
- May 02, 2025 09:43 IST
ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
- May 02, 2025 09:43 IST
പുതുപ്പള്ളിയിലെത്തി എം വിന്‍സെന്‍റ്
വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോവളം എംഎല്‍എ എം വിന്‍സെന്റ്. കേരളത്തെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമായ ചരിത്ര മുഹൂര്‍ത്തമാണെന്ന് എം വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു.
'കേരളത്തിന്റെ തന്നെ വികസന കവാടം എന്ന് വിശേഷിപ്പിക്കുന്ന വിഴിഞ്ഞം തുറമുഖം ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഈ തുറമുഖം ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ വന്ന് പ്രാര്‍ഥിച്ചിട്ട് വേണം വിഴിഞ്ഞത്തേയ്ക്ക് പോകാന്‍ എന്ന് എന്റെ മനസ് പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മന്‍ ചാണ്ടി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഏത് അഴിമതി ആരോപണവും കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഇറങ്ങിതിരിച്ചത് കൊണ്ടാണ് ഈ തുറമുഖം ഇന്ന് യാഥാര്‍ഥ്യമായത്. തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്റെ എല്ലാ അവകാശങ്ങളും എടുക്കാന്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പരസ്യങ്ങളിലൂടെ മത്സരിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന്. ഒരു കല്ലിട്ടാല്‍ തുറമുഖമാകുമോ എന്നാണ് പിണറായി വിജയന്‍ ചോദിച്ചത്.കല്ലിട്ടാല്‍ അല്ല, കരാര്‍ ഒപ്പിട്ടാല്‍ തുറമുഖമാകും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് കരാര്‍ ഒപ്പിട്ടത്. വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കേണ്ടത് അദാനി. അത് പൂര്‍ത്തീകരിച്ചു. എന്നാല്‍ പശ്ചാത്തല സൗകര്യം ഒരുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അത് ചെയ്തില്ല. ഇവിടെ എന്താണ് പശ്ചാത്തല സൗകര്യം? റെയില്‍ കണക്ടിവിറ്റിയും റോഡ് കണക്ടിവിറ്റിയും പൂര്‍ത്തിയായിട്ടില്ല.'- എം വിന്‍സെന്റ് പറഞ്ഞു.
'ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ പ്രകാരം ആറുവര്‍ഷത്തിനുള്ളില്‍ റെയില്‍ കണക്ടിവിറ്റി പൂര്‍ത്തിയാക്കണം. 2021ല്‍ റെയില്‍ കണക്ടിവിറ്റി പൂര്‍ത്തിയാക്കേണ്ടതാണ്.2025 ആയിട്ടും റെയില്‍ പദ്ധതി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ച് ദേശീയപാതയുമായി ബന്ധപ്പിക്കണമെന്നും കരാറില്‍ പറഞ്ഞിട്ടുണ്ട്. രണ്ടു കൊല്ലം കൊണ്ട് റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാക്കേണ്ടതാണ്. അങ്ങനെ നോക്കിയാല്‍ 2017ല്‍ റോഡ് കണക്ടിവിററി പൂര്‍ത്തിയാവേണ്ടതുണ്ട്. ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണവും എവിടെ എത്തിയിട്ടില്ല. പ്രദേശത്തുള്ളവര്‍ക്ക് ജോലി നല്‍കാന്‍ ലക്ഷ്യമിട്ട് സീഫുഡ് പാര്‍ക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇതുവരെ തുടങ്ങിയിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉണ്ടായിരുന്നുവെങ്കില്‍ 2019ല്‍ തന്നെ എല്ലാം പൂര്‍ത്തിയാവുമായിരുന്നു'- എം വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു. ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തിയ ശേഷമാണ് വിന്‍സെന്റ് വിഴിഞ്ഞത്തേയ്ക്ക് തിരിച്ചത്.
- May 02, 2025 09:41 IST
റാപ്പര്‍ വേടനെതിരെയായ പുലിപ്പല്ല് കേസ്; തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് യോഗം തിങ്കളാഴ്ച
റാപ്പര്‍ വേടനെതിരെയായ കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ചയോടെ യോഗം ചേരും. പുലിപ്പല്ലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. വേടനെതിരെ കേസ് എടുത്തതിനെതിരെ വനംമന്ത്രി തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.വേടനെതിരെ വനംവകുപ്പ് എടുത്ത കേസില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ വനം മന്ത്രിയും മലക്കം മറിഞ്ഞിരുന്നു. വേടന്‍ രാഷ്ട്രീയ ബോധമുള്ള കലാകാരന്‍നാണ്. കേസ് എടുത്ത നടപടി അന്വേഷിക്കാന്‍ ഹെഡ് ഓഫ് ദി ഫോറസ്റ്റിനെ നിയോഗിച്ചതായും എ കെ ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞു.
- May 02, 2025 09:39 IST
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
വര്‍ഷങ്ങളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ഇന്ന് . തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us