/indian-express-malayalam/media/media_files/2025/07/10/sfi-strike-2025-07-10-09-31-36.jpg)
Kerala News Highlights
Kerala News Highlights:കേരള സർവ്വകലാശാലയിലെ അധികാര തർക്കത്തിനിടെ ഇന്ന് ഗവർണർക്കും വിസിക്കും എതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം. എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തി. ഉച്ചയോടെയാണ് രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷം ഉണ്ടായി. ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്. കഴിഞ്ഞ ദിവസം സർവ്വകലാശാലയിലെ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്.
- Jul 10, 2025 20:32 IST
കീം: പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും: മന്ത്രി ആര്‍. ബിന്ദു
കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ സ്റ്റേ ആവശ്യം ഹൈക്കോടതി നിരസിച്ചതിനു പിന്നാലെ, പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. കോടതിയുടെ തീരുമാനം സർക്കാരിന് തിരിച്ചടിയല്ലെന്നും പ്രവേശന നടപടികള്‍ വൈകുമെന്നതുകൊണ്ടാണ് അപ്പീലൂമായി പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
- Jul 10, 2025 19:40 IST
വി.എ അരുണ്‍കുമാറിന്റെ നിയമനം; സ്വമേധയാ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
ഐഎച്ച്ആർഡി താല്‍ക്കാലിക ഡയറക്ടറായി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ നിയമച്ചതില്‍
സ്വമേധയാ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. - Jul 10, 2025 18:45 IST
നിപ; സംസ്ഥാനത്ത് സമ്പര്‍ക്കപ്പട്ടികയില്‍ 499 പേര്‍
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.
- Jul 10, 2025 17:02 IST
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; പ്രതി സുകാന്ത് സുരേഷിന് ജാമ്യം
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ പ്രതി സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ഉപാധിയോടെയാണ് ജാമ്യം. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട സാചര്യമില്ലെന്നും കോടതി വിലയിരുത്തി.
- Jul 10, 2025 15:58 IST
രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം
ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ഉച്ചയോടെയാണ് രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചുമായി എത്തിയത്. പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു
- Jul 10, 2025 13:52 IST
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; സുപ്രീംകോടതിയില്‍ ഹര്‍ജി
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിനോട് അടിയന്തരമായി ഇടപെടണമെന്ന് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
- Jul 10, 2025 12:12 IST
കൈക്കൂലിക്കേസ്; ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖര്‍ കുമാറിന് മുൻകൂർ ജാമ്യം
വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലിക്കേസിൽ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യം നൽകിയത്.കൊല്ലത്തെ കശുവണ്ടി വ്യവസായിയായ അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. ഇതിലാണ് ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. കൈക്കൂലി വാങ്ങാൻ ഇടനില നിന്ന രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ പരാതിക്കാരൻ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയിൽ ശേഖർ കുമാർ പറഞ്ഞിരുന്നത്.
- Jul 10, 2025 11:24 IST
‘അടിയന്തരാവസ്ഥ ഇരുണ്ട അധ്യായം’; ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും വിമർശിച്ച് ശശി തരൂരിന്റെ ലേഖനം
അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ഡോ. ശശി തരൂർ എംപി.ശശി തരൂർ എഴുതിയ ലേഖനത്തിലാണ് വിമർശനം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തിൽ വിമർശിക്കപ്പെട്ടിരിക്കുന്നത്.
- Jul 10, 2025 11:23 IST
ജെഎസ്‌കെ സിനിമാ പേര് മാറ്റത്തെ ട്രോളി മന്ത്രിയും സംവിധായകനും
'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' (ജെഎസ്‌കെ) വിവാദത്തിലെ ഒത്തുതീര്‍പ്പ് തീരുമാനത്തെ പരിഹസിച്ച് തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും. 'വി ശിവന്‍കുട്ടി'യെന്ന തൻ്റെ പേര് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. 'വി ഫോര്‍'… എന്ന പോസ്റ്റാണ് ലിജോ പങ്കുവെച്ചത്.
- Jul 10, 2025 11:22 IST
ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരം ഇല്ലെങ്കില്‍ ടോള്‍ നിര്‍ത്തലാക്കും; മുന്നറിയിപ്പുമായി ഹൈക്കോടതി
ദേശീയപാതയില്‍ മണ്ണുത്തി - ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ഒരാഴ്ച സമയം ഹൈക്കോടതി അനുവദിച്ചു. നടപടിയെടുത്തില്ലെങ്കില്‍ ടോള്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.
സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത റോഡില്‍ യാത്രക്കാര്‍ ടോള്‍ നല്‍കുന്നത് എന്തിനാണെന്നു കോടതി ദേശീയ പാത അതോറിറ്റിയോട് ആരാഞ്ഞു. യാത്രക്കാര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ടോള്‍ പിരിക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കുമ്പോള്‍ യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം. റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കുന്നതില്‍ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തി. പൊതുവിശ്വാസത്തിന്റെ പേരിലാണ് യാത്രക്കാര്‍ ടോള്‍ നല്‍കുന്നത്. സഞ്ചാരയോഗ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമാണ് റോഡെങ്കില്‍ ടോള്‍പിരിവ് നിര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്നും കോടതി പറഞ്ഞു.
- Jul 10, 2025 11:21 IST
സമസ്തയുടെ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് കോഴിക്കോട്ട്
സ്കൂൾ സമയമാറ്റത്തിൽ സര്‍ക്കാരിനെതിരായ സമസ്ത സമരം തുടങ്ങുന്നു. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ ടി ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Jul 10, 2025 11:21 IST
ചെന്നിത്തല നവോദയ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസുകാരി എസ്. നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us