/indian-express-malayalam/media/media_files/bC7tajEgCzuhMfJYW319.jpg)
Kerala News Highlights
Kerala News Highlights:മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ മരട് പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിർദേശമുണ്ട്. പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
- Jul 07, 2025 21:19 IST
സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ
സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ ആശുപത്രികളെ ഇകഴ്ത്തി സംസാരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. തന്റെ പ്രസ്താവനയിൽ, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. നേരത്തെ, സർക്കാർ ആശുപത്രിയിൽ ചികിത്സക്കിടെ മരിക്കാറായെന്നും പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് രക്ഷപ്പെട്ടതെന്നും സജിചെറിയാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന വിവാദമായതോടെയാണ് ഫേസ്ബുക്കിൽ കുറിപ്പുമായി സജി ചെറിയാൻ എത്തിയത്.
- Jul 07, 2025 17:16 IST
ഹിറ്റാച്ചിക്ക് മുകളിൽ പാറ ഇടിഞ്ഞുവീണ് അപകടം; ജീവനക്കാർ കുടുങ്ങി;
പത്തനംതിട്ട കോന്നിയിൽ ഹിറ്റാച്ചിക്കു മുകളിൽ പാറ ഇടിഞ്ഞുവീണ് അപകടം. പയ്യനാമണ്‍ ചെങ്കുളം പാറമടയിലാണ് അപകടമുണ്ടായത്. ഹിറ്റാച്ചിക്കുള്ളിലായി രണ്ടു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
- Jul 07, 2025 16:58 IST
ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാനുള്ള സൗകര്യവുമായി ഫെഡറൽ ബാങ്ക്
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാനുള്ള പുതിയ സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ഇതോടെ, നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഭാരത് ബിൽ പേയ്‌മെൻറ് സിസ്റ്റത്തിലെ ഡൊണേഷൻ വിഭാഗത്തിനു കീഴിൽ ഈ സംവിധാനം ആരംഭിക്കുന്ന കേരളത്തിലെ ആദ്യ ക്ഷേത്രമായി ഗുരുവായൂർ ക്ഷേത്രം. ഫെഡറൽ ബാങ്കിന്റെ ഫെഡ്മൊബൈൽ, ഗൂഗിൾ പേ, ഫോൺ പേ, ഭീം യു പി ഐ എന്നിവയുള്‍പ്പെടെയുള്ള ഏത് യുപിഐ ആപ്പിലൂടെയും ലോകത്തെവിടെ നിന്നും ഏതു സമയത്തും ക്ഷേത്രത്തിലേക്ക് സംഭാവന നൽകാൻ കഴിയും. - Jul 07, 2025 15:56 IST
കോഴി ഫാമിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് സ്ത്രീകൾ ദാരുണാന്ത്യം
ഒഡീഷയിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന കോഴി ഫാമിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ എട്ടു വയസ്സുള്ള പെൺകുട്ടിക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഒഡീഷയിലെ നുവാപാഡ ജില്ലയിലായിരുന്നു സംഭവം.
- Jul 07, 2025 15:18 IST
ക്യാമറ കണ്ണട ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍
ക്യാമറയുള്ള കണ്ണട ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ കസ്റ്റഡിയില്‍. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷായെ (66) ആണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസെടുത്തുവെന്നും സുരേന്ദ്ര ഷായെ പിന്നീട് ജാമ്യത്തില്‍ വിട്ടുവെന്നും പൊലീസ് അറിയിച്ചു.
- Jul 07, 2025 13:03 IST
ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല പണിമുടക്ക്
സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
- Jul 07, 2025 13:00 IST
കൽദായ സഭയുടെ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു
കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാർ അപ്രേം സേവനമനുഷ്ഠിച്ചു. നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. 1968ൽ ബാഗ്‌ദാദിൽ വെച്ചാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. തൃശൂർ ആയിരുന്നു സഭയുടെ ആസ്ഥാനം. പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയൻ കൂടിയായിരുന്നു മാർ അപ്രേം. സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് ശേഷമാകും സംസ്കാരമുണ്ടാകുക.
- Jul 07, 2025 12:17 IST
നിപ; സമ്പർക്ക പട്ടികയിലെ ഒരാൾ ഇതര സംസ്ഥാനക്കാരൻ
പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിക്ക് രണ്ടാമത്തെ ഡോസ് ആൻറി ബോഡി നൽകിയിരിക്കുകയാണ്. 12 മണിവരെ ആൻറി ബോഡി മെഡിസിൻ നൽകും. അണുബാധ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
- Jul 07, 2025 11:07 IST
വിസിക്കു വിശദീകരണം നല്‍കാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയില്‍, ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി വിസി
ഭാരതാംബ ചിത്ര വിവാദത്തെത്തുടര്‍ന്ന് കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിസിക്ക് മറുപടി നല്‍കാതെയാണ് ജോയിന്റ് രജിസ്ട്രാര്‍ രണ്ടാഴ്ച അവധിയില്‍ പോയത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെയും വിസി അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
- Jul 07, 2025 09:53 IST
തനിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ കാര്യം അവരോട് ചോദിക്കണം; മന്ത്രി വീണാ ജോർജ്
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ തനിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ കാര്യം അവരോട് തന്നെ ചോദിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പാലക്കാട് നിപ അവലോകന യോഗത്തിൽ എത്തിയതായിരുന്നു മന്ത്രി. പകൽ വെളിച്ചത്തിലല്ലാത്ത മന്ത്രിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ ആക്ഷേപങ്ങൾക്കും മന്ത്രി മറുപടി പറഞ്ഞു. പകൽ 7 മണി തങ്ങളുടെ നാട്ടിലൊക്കെ പകൽ തന്നെയാണ്. കേരളത്തിൽ മറ്റ് നാട്ടിൽ എങ്ങിനെയാണെന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
- Jul 07, 2025 09:49 IST
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം. രാവിലെ ഏഴുമുതല്‍ എട്ടുവരെ ബോള്‍ഗാട്ടി, ഹൈക്കോടതി ജങ്ഷന്‍, ഷണ്‍മുഖം റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, എംജി റോഡ്, നേവല്‍ ബേസ് എന്നിവിടങ്ങളിലും രാവിലെ ഒമ്പതുമുതല്‍ പകല്‍ ഒന്നുവരെ ദേശീയപാത 544, കളമശേരി എസ്സിഎംഎസ് മുതല്‍ കളമശേരി എച്ച്എംടി, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തോഷിബ ജങ്ഷന്‍, മെഡിക്കല്‍ കോളേജ് റോഡ്,കളമശേരി നുവാല്‍സ് വരെ കര്‍ശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
- Jul 07, 2025 09:48 IST
ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് മര്‍ദനം, യുവാക്കളുടെ ആക്രമണം മദ്യലഹരിയില്‍
ഹോട്ടലില്‍ മന്തി കഴിക്കാന്‍ എത്തിയ കുടുംബത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെ ഒറ്റപ്പാലത്താണ് സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഒറ്റപ്പാലം സഫ്രോണ്‍ മന്തി എന്ന ഹോട്ടലിലാണ് അടിപിടിയുണ്ടായത്.സംഭവത്തില്‍ ഹരിഹരൻ, രാജേഷ്, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ വന്ന മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുല്‍ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു.
- Jul 07, 2025 09:46 IST
കെ.പി.സി.സി പുനസംഘടന ഉടൻ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച
കേരളത്തിൽ കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പുകൾ ഊർജിതമാകുന്നു. കെ.പി.സി.സി യിലെ ഭാഗിക അഴിച്ചുപണിയുടെയും, ഡിസിസികളിലെ സമ്പൂർണ്ണ പുനസംഘടനയുടെയും സാധ്യതയാണ് ഉയർന്നിരിക്കുന്നത്.സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കെ.പി.സി.സി നേതൃത്വം ഇതിനായി ചർച്ചകൾ ആരംഭിക്കും. പുനസംഘടനയ്ക്കായുള്ള കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കാനായി കെ.പി.സി.സി സംഘം നാളെ ഡൽഹിയിലേക്ക് തിരിക്കും. മറ്റന്നാൾ ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.
ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പുനസംഘടനാ ചർച്ചകൾ വേഗത്തിലാക്കുമെന്നാണ് വിവരം. ഭാരവാഹികളുടെ പട്ടിക ഹൈക്കമാൻഡുമായി കൂടിയാലോചന നടത്തി അന്തിമമാക്കും.ഡിസിസിയിൽ സമ്പൂർണ്ണ അഴിച്ചുപണി ഉൾപ്പെടെ ആലോചനയിലാണ്. കെ.പി.സി.സി യിൽ ഭാഗിക അഴിച്ചുപണിക്കാണ് നീക്കങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us