/indian-express-malayalam/media/media_files/2026/01/21/shimjitha-deepak-suicide-case-2026-01-21-15-44-44.jpg)
Kerala News Highlights
Kerala News Highlights:ബസിനുള്ളിൽ വെച്ച് യുവാവിനെ അപമാനിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.
പ്രതിക്ക് ജാമ്യം നൽകുന്നത് കേസിലെ നിർണായകമായ തുടരന്വേഷണത്തെ ബാധിക്കുമെന്നും ആത്മഹത്യാ പ്രേരണയുൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ നിലനിൽക്കുമെന്നുമുള്ള പ്രൊസിക്യൂഷൻ വാദങ്ങൾ കോടതി പൂർണമായും അംഗീകരിച്ചു. ഒപ്പം, ഇത്തരം കുറ്റകൃത്യം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അതു സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ഷിംജിത മഞ്ചേരി ജയിലിലാണുള്ളത്.
- Jan 27, 2026 19:57 IST
റിപ്പബ്ലിക് ദിനത്തിൽ സ്കൂളിൽ ഭക്ഷണം വിളമ്പിയത് പഴയ നോട്ട്ബുക്ക് താളുകളിൽ; പ്രധാനാധ്യാപകന് സസ്പെൻഷൻ
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കീറിയ നോട്ടുപുസ്തകത്താളുകളിൽ വിളമ്പിയ സംഭവത്തിൽ മധ്യപ്രദേശിൽ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ മൈഹാർ ജില്ലയിലുള്ള ഭട്ഗവാൻ സർക്കാർ ഹൈസ്കൂളിലാണ് സംഭവം നടന്നത്.
- Jan 27, 2026 19:06 IST
എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ തീരുമാനം
കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ തീരുമാനം. നയരൂപീകരണ സമിതിയിലേതാണ് തീരുമാനം.
- Jan 27, 2026 17:49 IST
ഗോമാംസം കഴിപ്പിച്ചെന്ന ആരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
പശു മാംസം കഴിപ്പിച്ചെന്ന് ആരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ 24 കാരനായ യുവാവിനെ വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. വാരണാസി സ്വദേശിയായ വീരേന്ദ്ര യാദവ് ആണ് പിടിയിലായത്. 28 വയസ്സുകാരനായ അഫ്താബ് ആലം ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഫ്താബ് തന്നെ കബളിപ്പിച്ച് മാംസാഹാരം കഴിപ്പിച്ചുവെന്നും പിന്നീട് ഇക്കാര്യം മറ്റുള്ളവരോട് പറഞ്ഞ് തന്നെ പരിഹസിച്ചുവെന്നുമാണ് വീരേന്ദ്ര പൊലീസിനോട് പറഞ്ഞത്. സുഹൃത്തുക്കൾക്കിടയിൽ താൻ വലിയ അപമാനത്തിന് ഇരയായെന്നും ഇതിലെ പകയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
പ്രതിയുടെ ആരോപണങ്ങൾ കളവാണെന്ന് കൊല്ലപ്പെട്ട അഫ്താബിന്റെ കുടുംബം പ്രതികരിച്ചു. പണവും ജോലിയുമായും ബന്ധപ്പെട്ട കാരണങ്ങളാലാണ് അഫ്താബ് കൊല്ലപ്പെട്ടതെന്ന് തങ്ങൾ സംശയിക്കുന്നുവെന്നും അഫ്താബിന്റെ പ്രധാനപ്പെട്ട രേഖകൾ കാണാനില്ലെന്നും അഫ്താബിന്റെ പിതാവ് കലാമുദ്ദീൻ പറഞ്ഞു.
- Jan 27, 2026 17:24 IST
രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 59 വയസുള്ള കോവളം സ്വദേശിയ്ക്കാണ് കഴിഞ്ഞ 24-ാം തീയതി കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ചില സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലും സ്വകാര്യ കണ്ണാശുപത്രികളിലും മാത്രം ചെയ്യുന്ന കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ജനറല്‍ ആശുപത്രിയില്‍ നടത്തിയത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രകിയയ്ക്ക് നേതൃത്വം നല്‍കിയ ജനറല്‍ ആശുപത്രിയിലെ എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
- Jan 27, 2026 15:40 IST
ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എം.എ യൂസഫലി
ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം.എ യൂസഫലി. 'ശശി തരൂർ ഇത്തവണ ദുബായിലെത്തിയപ്പോൾ ഞാൻ കണ്ടിട്ടില്ല. ആറു മാസം മുമ്പ് വന്നപ്പോൾ എന്റെ വീട്ടിൽ വന്നിരുന്നു. ഞങ്ങൾ കാണാറുണ്ട്. എന്നാൽ ഇത്തരമൊരു വാർത്ത അടിസ്ഥാനമില്ലാത്തതാണ്. തെറ്റായ പ്രചാരണങ്ങൾ നടത്തരുത്' യൂസഫലി പറഞ്ഞു.
- Jan 27, 2026 14:05 IST
മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസ് റദ്ദാക്കി, ഫണ്ട് കൊള്ളയിൽ കേസ് എടുക്കണം : വി ഡി സതീശൻ
പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് റദ്ദാക്കിയ സ്പീക്കറുടെ നടപടിയടക്കം രൂക്ഷ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് വകുപ്പ് അനുസരിച്ചാണ് സ്പീക്കറുടെ നടപടിയെന്ന ചോദ്യമുയർത്തിയ സതീശൻ, ഫണ്ട് വെട്ടിപ്പിൽ സി പി എം പ്രതിരോധത്തിലാണെന്നും മറുപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി.
- Jan 27, 2026 14:05 IST
തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി
സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
- Jan 27, 2026 10:26 IST
പത്മകുമാറിൻ്റെ കയ്യക്ഷരം പരിശോധിക്കും, സ്വർണം ചെമ്പാക്കിയതിന്‍റെ രേഖകളിൽ ശാസ്ത്രീയ പരിശോധന നടത്താൻ എസ്ഐടി
ശബരിമല സ്വർണക്കൊള്ളയിൽ സ്വർണ്ണം ചെമ്പാക്കിയതിന്റെ രേഖകൾ ശാസ്ത്രീയ പരിശോധന നടത്തും. മിനുട്സ് തിരുത്തിയത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാർ എന്ന് ഉറപ്പാക്കാനായി കയ്യക്ഷരം പരിശോധിക്കും. ഇതിനായി കയ്യക്ഷര സാമ്പിൾ ശേഖരിച്ചു. കുറ്റപത്രം നൽകുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ കുറ്റപത്രം നൽകാൻ കടമ്പകൾ ഏറെയാണ്.
- Jan 27, 2026 10:26 IST
നിയമസഭ സമ്മേളനത്തിന് തുടക്കം; സഭയിൽ പുതുതന്ത്രവുമായി യുഡിഎഫ്
മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചു. സ്വർണക്കൊള്ള വീണ്ടും ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സഭയിൽ സംസാരിച്ചു തുടങ്ങിയത്. എസ്ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച വിഡി സതീശൻ രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുമെന്ന് വ്യക്തമാക്കി. പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ളയിൽ സമരത്തിലാണെന്നും ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us