/indian-express-malayalam/media/media_files/SD0nG5uGH0uhw0eUL3oR.jpg)
Kerala News Highlights
Kerala News Highlights: ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂർ ഇരട്ടിയിലും പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥീരീകരിച്ചു. കാക്കയിൽ ആണ് രോഗം സ്ഥീരീകരിച്ചത്. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ ജാഗ്രതാ നിർദേശം നൽകി. കണ്ണൂർ റീജണൽ ഡയഗ്‌നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കാക്കയിൽ രോഗ ബാധ കണ്ടെത്തിയത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർക്കും കലക്ടർ നിർദേശം നൽകി.
- Jan 18, 2026 19:47 IST
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കുമെന്ന് എം.എ ബേബി
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല എല്‍ഡിഎഫ് പ്രചാരണമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സിപിഐഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
- Jan 18, 2026 17:51 IST
സർക്കാർ സ്‌കൂളിൽ പ്രിൻസിപ്പാളിന്റെ മുറിക്കുള്ളിൽ വനിതാ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി
ഉത്തർപ്രദേശിലെ ബരാബങ്കിയിലുള്ള ഒരു സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പാളിന്റെ മുറിക്കുള്ളിൽ വനിതാ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് ആത്മഹത്യയാണ് സംശയിക്കുന്നത്. മരണകാരണം വ്യക്തമാക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
- Jan 18, 2026 17:06 IST
ഗുഡ്സ് ട്രെയിൻ പാളംതെറ്റി; ട്രെയിനുകൾ വൈകിയോടുന്നു
പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തെ തുടർന്നു സംസ്ഥാനത്തു ഒട്ടേറെ ട്രെയിനുകൾ വൈകിയോടുന്നു. ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ലോകമാന്യ തിലക് കൊച്ചുവേളി എക്സ്പ്രസ്, നിസാമുദ്ദീൻ കൊച്ചുവേളി എക്സ്പ്രസ്, കോഴിക്കോട്നിന്നും പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ്, കോഴിക്കോട് പാലക്കാട് പാസഞ്ചർ ട്രെയിൻ തുടങ്ങിയവയാണ് വൈകി സർവീസ് നടത്തുന്നത്. മംഗലാപുരത്തുനിന്നു പാലക്കാട്ടേക്കുവന്ന ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 11.30നാണ് അപകടം. പാളംതെറ്റിയ ഗുഡ്സ് ട്രെയിൻ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
- Jan 18, 2026 16:15 IST
കേരളത്തിൽ അത്യാധുനിക നൈപുണ്യ വികസനത്തിന് തുടക്കം
കേരളത്തിലെ നൈപുണ്യ വികസന രംഗത്ത് നിർണ്ണായകമായ ചുവടുവെപ്പുമായി നാഷണൽ സ്കിൽ അക്കാദമി (NSA), ഗുജറാത്ത് ആസ്ഥാനമായുള്ള പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റി (PDEU), അസാപ്പ് കേരള (ASAP) എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. കൊച്ചി കളമശ്ശേരിയിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അത്യാധുനിക പരിശീലന പരിപാടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം. കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.
- Jan 18, 2026 15:35 IST
സ്കൂൾ കലോത്സവം; സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 1,023 പോയിന്‍റുകളുമായാണ് കണ്ണൂർ വിജയകിരീടം നേടിയത്. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്‍റെ നേട്ടം. തൃശൂർ 1,018 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തെത്തി.
- Jan 18, 2026 15:05 IST
സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് നിലപാടെന്ന് വി.ഡി സതീശൻ
സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുത ഉണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് നിലപാടെന്നും അത് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെയും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെയും വിമർശനങ്ങൾക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി.
- Jan 18, 2026 11:59 IST
സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കും
ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കും. 11 മണിക്കാണ് മാരാര്‍ജി ഭവനിൽ വാര്‍ത്താസമ്മേളനം. 2006, 2011, 2016 എന്നീ കാലയളവിൽ സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നു എസ് രാജേന്ദ്രൻ. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രൻ പ്രതികരിച്ചത്.
- Jan 18, 2026 11:02 IST
സി.പി.എമ്മിൽ 'കമ്മ്യൂണിസം' വെറും ബോർഡ് മാത്രം; ആദർശമുള്ളവർ പടിയിറങ്ങുന്നു: രമേശ് ചെന്നിത്തല
സി.പി.എമ്മിൽ കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമായെന്നും, വെറും അധികാര കേന്ദ്രമായി പാർട്ടി മാറിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മനംമടുത്ത് പ്രവർത്തകർ പാർട്ടി വിടുന്നത് സി.പി.എമ്മിൽ കമ്മ്യൂണിസം ഇല്ലാത്തതിനാലാണെന്നും, ഇതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
- Jan 18, 2026 10:10 IST
കോണ്‍ഗ്രസിന്റെ 'വിജയോത്സവം 2026 മഹാപഞ്ചായത്ത്' നാളെ; രാഹുല്‍ കേരളത്തില്‍, 15,000 പേരെത്തും
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവന്‍ കോണ്‍ഗ്രസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന 'വിജയോത്സവം 2026 മഹാപഞ്ചായത്ത്' നാളെ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഏകദേശം 15,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. രണ്ട് മണിക്ക് മറൈന്‍ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
- Jan 18, 2026 10:07 IST
23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് കേരളത്തിലെത്തും. രണ്ടു മണിക്കൂറാകും മോദി തിരുവനന്തപുരത്ത് ചെലവഴിക്കുക. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us