/indian-express-malayalam/media/media_files/2025/12/24/kunju-muhammed-2025-12-24-10-31-10.jpg)
പി.ടി.കുഞ്ഞുമുഹമ്മദ്
Keralamalayalam news Highlights: തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കോടതി നിർദേശ പ്രകാരം സ്റ്റേഷൻ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുഖ്യമന്ത്രിക്കാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്.
- Dec 24, 2025 20:44 IST
പൂക്കളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി വസന്തോത്സവത്തിന് കനകക്കുന്നില്‍ തുടക്കം
പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കം. 'വസന്തോത്സവം' പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി' എന്ന ആശയത്തിലാണ് ജനുവരി 4 വരെ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കേരളം രാജ്യത്തിനു മുന്നില്‍ വിളംബരം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഒരുമയുടെയും സന്ദേശമാണ് ഈ ആഘോഷ പരിപാടിയിലൂടെ പങ്കുവയ്ക്കുന്നത്.
- Dec 24, 2025 19:23 IST
പോറ്റിയും ഗോവര്‍ദ്ധനും എന്തിന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രി
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും എന്തിന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാക്കൾക്ക് പോലും ബുദ്ധിമുട്ടുള്ള ഗാന്ധി കുടുംബത്തിന്റെ അപ്പോയിൻ്റ്‌മെൻ്റ് ഇവർക്ക് എങ്ങനെ ലഭിച്ചുവെന്നും പോറ്റിയുമായും ഗോവർദ്ധനുമായും എന്തുതരം ബന്ധമാണ് ഉള്ളതെന്ന് കോൺഗ്രസ് എംപിമാരായ ആടൂർ പ്രകാശും ആന്റോ ആന്റണിയും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
- Dec 24, 2025 16:42 IST
ക്ഷീരകർഷകർക്ക് ക്രിസ്തുമസ് സമ്മാനം: കേരള ഫീഡ്സ് 'എലൈറ്റും' 'മിടുക്കിയും' ഇനി പ്രത്യേക വിലക്കിഴിവോടുകൂടി 20 കിലോ പായ്ക്കറ്റുകളിലും
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്റെ ജനപ്രിയ കാലിത്തീറ്റകളായ'എലൈറ്റും' 'മിടുക്കി'യും ഇനി മുതൽ20കിലോയുടെ ചെറിയ ചാക്കുകളിൽ ലഭ്യമാകും. പ്രത്യേക വിലക്കിഴിവോടെയാണ് ഇവ വിപണിയിലെത്തുന്നത്:'കേരള ഫീഡ്സ് എലൈറ്റ്' 20കിലോയുടെ പായ്ക്കറ്റ്596രൂപയ്ക്കും'കേരള ഫീഡ്സ് മിടുക്കി' 20കിലോ പായ്ക്കറ്റ്528രൂപയ്ക്കും ലഭ്യമാക്കും. മൃഗസംരക്ഷണം,ക്ഷീരവികസനം വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡിസംബർ24ന് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു.
- Dec 24, 2025 16:09 IST
പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'
പുതുവര്‍ഷത്തില്‍ ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈബ് 4 വെല്‍നസ്സ് പ്രവര്‍ത്തങ്ങള്‍ക്ക് 4 പ്രധാന ഘടകങ്ങള്‍ ഉണ്ടാകും. ആരോഗ്യകരമായ ഭക്ഷണം (Eat Well), പ്രായാനുസൃത വ്യായാമം (Act Well), കൃത്യമായ ഉറക്കം (Sleep Well), ആരോഗ്യ പരിപാലനം (care Well) എന്നിവയാണ് അവ. കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിനായാണ് സമഗ്ര ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന് മുന്നോടിയായി ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന വിളംബര ജാഥ ജനുവരി ഒന്നാം തീയതി തിരുവനന്തപുരത്ത് എത്തിച്ചേരും. ജനുവരി ഒന്നിന് ക്യാമ്പയിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. ഈ ക്യാമ്പയിനില്‍ എല്ലാവരുടെ സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു.
- Dec 24, 2025 14:16 IST
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു
സസ്പെൻഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സംസ്ഥാന പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവിൽ പത്തനംതിട്ട ആറന്മുള സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു.
- Dec 24, 2025 13:40 IST
സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ
സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 280 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 10,1880 രൂപയാണ്.
- Dec 24, 2025 12:40 IST
ശബരിമല സ്വർണക്കൊള്ള: ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എസ്ഐടി സംഘം ബെല്ലാരിയിൽ. ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന നടത്തുകയാണ് സംഘം. ഗോവർധനെ പ്രത്യേക സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
- Dec 24, 2025 12:08 IST
'വസന്തോത്സവം' ടൂറിസം മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.
- Dec 24, 2025 11:39 IST
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം
ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പാലാ- തൊടുപുഴ റോഡിൽ ഐങ്കൊമ്പിലാണ് അപകടം. തീർത്ഥാടകർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
- Dec 24, 2025 11:23 IST
ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു
ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. സമസ്തി പൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച. ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്.
- Dec 24, 2025 11:10 IST
ഇനി മേയർ സ്ഥാനത്തേക്കില്ല; കടുത്ത അതൃപ്തിയിൽ ദീപ്തി മേരി വർഗീസ്
മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്.
- Dec 24, 2025 10:45 IST
നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്
ഈരാറ്റുപേട്ട നഗരസഭയിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് ചെയർമാൻ സ്ഥാനം മാത്രം നൽകാമെന്നാണ് മുസ്ലിം ലീഗ് നിലപാട്.
- Dec 24, 2025 10:32 IST
കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും
പാലക്കാട് കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us