/indian-express-malayalam/media/media_files/TwXWUMRujD5z2WZpUZuf.jpg)
Kerala Malayalam News Today Highlights
Keralamalayalam news Highlights: തിരുവനന്തപുരം: ഓണത്തിന് സപ്ലൈകോ വഴിയുള്ള സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 339 രൂപയ്ക്ക് നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ. സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്ക് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ സപ്ലൈക്കോ വിപണിയിൽ ഇറക്കിയിട്ടുണ്ടെന്നും ഓണകിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ തുടങ്ങുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
- Aug 25, 2025 19:09 IST
കോണ്‍ഗ്രസ് എല്ലാകാലവും സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി; വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് രമേശ് ചെന്നിത്തല
കോണ്‍ഗ്രസ് എല്ലാകാലവും സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് എന്നും ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീപക്ഷ നിലപാട് പാർട്ടിയുടെ അജണ്ടയാണ്. ആരോപണ വിധേയനായ രാഹുൽ മാങ്കുട്ടത്തിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നേതൃത്വം ഐകകണ്ഠനേ എടുത്ത തീരുമാനമാണെന്ന് ചെന്നിത്തല പറഞ്ഞു. - Aug 25, 2025 17:58 IST
ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; ലിവിയ ജോസ് ജയിൽ മോചിതയായി
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ലിവിയ ജോസ് ജയിലിൽ നിന്ന് പുറത്തിറങ്ങി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. 76 ദിവസമായി റിമാൻഡിലായിരുന്നു. ലിവിയ ജോസിനെയും സുഹൃത്തായ നാരായണ ദാസിനെയും ചേർന്നാണ് ബംഗളൂരുവിൽ നിന്ന് വ്യാജ ലഹരി സ്റ്റാംപ് കൈക്കലാക്കി ഷീല സണ്ണിയുടെ ബാഗിൽ വെച്ചത്. ഷീല സണ്ണി സ്വഭാവ ദൂഷ്യം ആരോപിച്ചതിന്റെ വൈരാഗ്യമായിരുന്നു കാരണം.
- Aug 25, 2025 17:05 IST
റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
രാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഇരു വിഭാഗങ്ങളുടേയും വാദങ്ങൾ കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി.
- Aug 25, 2025 17:02 IST
മുസിരിസ് ബിനാലെയ്ക്ക് മുന്നോടിയായി കലാ ശില്‍പ്പശാല സംഘടിപ്പിച്ചു
ഡിസംബര്‍ 12 ന് ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് മുന്നോടിയായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) 'കല നില' ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കെബിഎഫിന്‍റെ കീഴിലുള്ള ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) ആണ് കലാ അധ്യാപകര്‍, പ്രാക്ടീഷണര്‍മാര്‍, ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ക്കായി ശില്‍പ്പശാല നടത്തിയത്. കേശവദാസപുരത്തെ കലാ ഇടമായ 'നെയ്ബറി'ല്‍ നടന്ന പരിപാടിക്ക് എബിസി പ്രോഗ്രാം ലീഡ് ബ്ലെയ്സ് ജോസഫ്, പ്രോഗ്രാം അസോസിയേറ്റ് നീതു കെ.എസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇരുപതോളം പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. ശില്‍പ്പശാലയില്‍ വിവിധ കലാ രീതികള്‍ പരിചയപ്പെടുകയും പ്രാദേശിക സന്ദര്‍ഭങ്ങളില്‍ അവ എങ്ങനെ ഉള്‍പ്പെടുത്താമെന്നും അതിന്‍റെ സാമൂഹിക പ്രസക്തി എന്തെന്ന് അന്വേഷിക്കുകയും ചെയ്തു. ശരീര ചലന പ്രവര്‍ത്തനങ്ങള്‍ (ബോഡി മൂവ്മെന്‍റ്സ്), സംഭാഷണങ്ങള്‍ എന്നിവയിലാണ് ശില്‍പ്പശാല ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രതിനിധികള്‍ അവരുടെ കലാസംഭാവനകള്‍ പങ്കുവെക്കുകയും ചെയ്തു. - Aug 25, 2025 15:03 IST
തോമസ് ഐസക്കിന്റെ നിയമനം ഹൈക്കോടതി ശരിവച്ചു
വിജ്ഞാനകേരളം മിഷന്‍ ഉപദേശകനായുള്ള മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനത്തില്‍ അപാകതയില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വിലയിരുത്തി. വിദഗ്ധരെ ഉപദേശകരായി സര്‍ക്കാരിന് നിയമിക്കാന്‍ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇല്ലാത്ത വകുപ്പിലാണ് നിയമനമെന്നും നിയമനത്തില്‍ അഴിമതിയുണ്ടെന്നും സര്‍ക്കാരിന് എഴുപതിനായിരം രൂപ ബാധ്യത വരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിതള്ളിയ കോടതി പായിച്ചിറ നവാസിനെ വിമര്‍ശിച്ചു. ഹര്‍ജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തല്‍ക്കാലം പിഴ ചുമത്തുന്നില്ലെന്നും വ്യക്തമാക്കി. ഐസക് പ്രതിഫലമില്ലാതെയാണ് സേവനം നല്‍കുന്നതെന്നും കാറിന് ഇന്ധനച്ചെലവും ഡ്രൈവര്‍ക്ക് ശമ്പളവും നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
- Aug 25, 2025 14:30 IST
പരാതിയൊന്നുമില്ലാതെയാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്ന് സതീശൻ
പാർട്ടിക്കോ, പൊലീസിനോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പരാതിയൊന്നുമില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
- Aug 25, 2025 14:03 IST
തൃശൂരിൽ കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. നഗരത്തോട് ചേർന്ന സ്ഥലത്തുള്ള കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.
- Aug 25, 2025 13:14 IST
രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നു: കെ സുധാകരൻ
രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നതായി കെ സുധാകരൻ. ഇത് പാർട്ടിയെടുത്ത തീരുമാനമാണ്. രാജിവെക്കുമ്പോൾ മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- Aug 25, 2025 12:33 IST
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ പാർട്ടി ഐക്യകണ്ഠേനയെടുത്തതെന്ന് സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവകരമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
- Aug 25, 2025 12:19 IST
എംഎൽഎ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പരിപാടിയിലും പങ്കെടുക്കില്ല: വികെ സനോജ്
രാജിവെച്ചാലും ഇല്ലെങ്കിലും പാലക്കാട് എംഎൽഎ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഉമാ തോമസ് എംഎൽഎക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതായും ഡിവൈഎഫ്ഐ അറിയിച്ചു.
- Aug 25, 2025 11:56 IST
കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിന് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു: എം ബി രാജേഷ്
ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കാനുള്ള കോൺഗ്രസ് തീരുമാനം ഒത്തുതീർപ്പെന്ന് മന്ത്രി എം ബി രാജേഷ്. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിന് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു.
- Aug 25, 2025 11:38 IST
റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.
- Aug 25, 2025 11:26 IST
ഇന്ന് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപ മാത്രമാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,440 രൂപയാണ്.
- Aug 25, 2025 11:11 IST
അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ
എഡിജിപി എംആർ അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ. അജിത് കുമാറിനെതിരെ മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി അയച്ചിരിക്കുകയാണ് സര്‍ക്കാര്‍. പൂരം റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ എന്നിവയാണ് തിരിച്ചയത്.
- Aug 25, 2025 10:54 IST
രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ
ലൈംഗിക ആരോപണങ്ങളിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. രാഹുലിനെതിരായ ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണവും ഉണ്ടാകില്ല.
- Aug 25, 2025 10:43 IST
സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ
സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us