/indian-express-malayalam/media/media_files/2025/04/11/fLtm2rDpDpCpE7ukMIBT.jpg)
കെ എം എബ്രഹാം
Kerala News Highlights : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ കേസ്. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്.
2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇക്കാലത്ത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. കെ എം എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും ആഡംബര ഫ്‌ളാറ്റുകളും കൊല്ലത്ത് ഷോപ്പിംഗ് മാളുമുണ്ട്. ഈ സ്ഥാപനത്തിൻറെ ഉറവിടം വ്യക്തമാക്കണമെന്ന് ഉള്‍പ്പെടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് എതിരെ കെ എം എബ്രഹാം അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ പിന്തുണയോടെയാണ് ഇദ്ദേഹം അപ്പീല്‍ സമര്‍പ്പിച്ചതെന്നാണ് വിവരം. ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനും,മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനും തന്നോടുള്ള വൈരാഗ്യമാണ് ഇതിനൊക്കെ കാരണമെന്നായിരുന്നു കെ എം എബ്രഹാമിന്റെ പ്രതികരണം.
- Apr 26, 2025 19:03 IST
ഇന്‍വെസ്റ്റ് കേരള; 4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അടുത്ത മാസം തുടക്കമാകും: മന്ത്രി പി. രാജീവ്
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിന്ന് നിക്ഷേപ വാഗ്ദാനം ലഭിച്ചതില്‍ 4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അടുത്ത മാസം തുടക്കമാകുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. ഏപ്രില്‍ മാസത്തില്‍ 1670 കോടി രൂപയുടെ നാല് പദ്ധതികള്‍ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്, ഇഒഐ ട്രാക്കിംഗ് വെബ്സൈറ്റുകള്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. - Apr 26, 2025 18:05 IST
ജോലി തട്ടിപ്പിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. അത്തരം വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം. അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികൾ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.
- Apr 26, 2025 15:55 IST
വരവില്‍ കവിഞ്ഞ സ്വത്ത്; കെ.എം എബ്രഹാമിനെതിരെ കേസ്
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാമിന് എതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
- Apr 26, 2025 14:16 IST
എംജിഎസ് നാരായണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
എംജിഎസ് നാരായണന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. "ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം ജി എസ് നാരായണനെ വേറിട്ടു നിർത്തുന്നത്. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയിൽ നിന്ന് തീർത്തും വ്യത്യസ്തമായ പാതയാണ് എംജിഎസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പിൽക്കാലത്ത് പ്രമുഖ ചരിത്രകാരന്മാർ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിർവഹിക്കുന്ന സാമൂഹിക ധർമ്മം അപഗ്രഥിച്ച് ചരിത്രത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചരിത്രത്തെയും ചരിത്രരചനയെയും ഒരു വിജ്ഞാന രൂപമായി വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം വീണ്ടും പഠിക്കപ്പെടാനും അപഗ്രഥിക്കപ്പെടാനുമുള്ള രചനകളാണ് സമൂഹത്തിന് സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കലിക്കറ്റ് സർവകലാശാലയുടെ ചരിത്രവിഭാഗം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയർന്നിരുന്നു.
ഒരു ഘട്ടത്തിൽ അദ്ദേഹം ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും നിശിതമായ വിമർശനമുയർത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം ചരിത്രരചനയെ സങ്കുചിത താല്പര്യങ്ങൾക്ക് അടിപ്പെടുത്താനുള്ള വലതുപക്ഷ സമ്മർദ്ദത്തെ ശക്തമായി ചെറുത്തു കൊണ്ട് അദ്ദേഹം നിലപാട് സ്വീകരിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു. രാജ്യത്ത് സംഘപരിവാർ ഭരണത്തിൽ വർദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ 2015 ൽ ശക്തമായ ഭാഷയിലാണ് അദ്ദേഹം മറ്റു ചരിത്രകാരന്മാർക്കൊപ്പം പ്രതിഷേധിച്ചത്. നോട്ടു നിരോധനത്തെ വിമർശിച്ചതിന് എംടി വാസുദേവൻ നായർക്കെതിരെ വിദ്വേഷ പ്രചാരണം നടന്നപ്പോൾ മതനിരപേക്ഷ കേരളത്തിന്റെ ശബ്ദമായി അദ്ദേഹം എംടിക്ക് ഉറച്ച പിന്തുണ നൽകി.
ചരിത്രത്തെ സങ്കുചിത താല്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിക്കാനും തിരുത്തിയെഴുതാനും സംഘടിത ശ്രമം നടക്കുന്ന ഇക്കാലത്ത് എംജിഎസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു"- മുഖ്യമന്ത്രി.
- Apr 26, 2025 11:39 IST
സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗത്തിൽ നിയന്ത്രണം
തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26-ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വൈകുന്നേരം 7:55 മുതൽ ചില സർവീസുകൾ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്.
- Apr 26, 2025 11:33 IST
കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ
അവധിക്കാല തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത് - മംഗളൂരു ജങ്ഷൻ സ്പെഷ്യൽ ട്രെയിനാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. പൂർണമായും ജനറൽ കോച്ചുകൾ മാത്രമുള്ള സ്പെഷൽ ട്രെയിനാണ് ഓടിക്കുക.
06163 തിരുവനന്തപുരം നോർത്ത്-മംഗളൂരു ജംങ്ഷൻ സ്‌പെഷ്യൽ ട്രെയിൻ(061663) തിങ്കളാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.50ന് മംഗളൂരുവിലെത്തും.മേയ് അഞ്ച് മുതൽ ജൂൺ വരെയാണു സർവീസ്. മംഗളൂരു ജംങ്ഷൻ-തിരുവനന്തപുരം നോർത്ത് (06164) ട്രെയിൻ മംഗലാപുരത്ത് നിന്ന് നിന്ന് ചൊവ്വാഴ്ചകളിൽ വൈകിട്ട് ആറിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽ എത്തും. മേയ് ആറ് മുതൽ ജൂൺ 10 വരെയാണു സർവീസ്.
- Apr 26, 2025 11:04 IST
7 ജില്ലകളിൽ കൊടും ചൂട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയും ഇടിമിന്നലും 29 വരെ തുടരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- Apr 26, 2025 11:03 IST
എം.ജി.എസ്.നാരായണൻ ഇനി ഓർമ
ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻറെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിൻറെ തലവനായി പ്രവർത്തിച്ചു. കേരളത്തിൻറെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് എം.ജി.എസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us