/indian-express-malayalam/media/media_files/wwdpTHzLzOeNtlaHO6zB.jpg)
Kerala News Live
Kerala news Live, Breaking News: വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മേപ്പാടി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരും.
അതേസമയം കുംകി ആനകളെ ഉപയോഗിച്ചുകൊണ്ട് കാട്ടാനയെ തുരത്താനുള്ള നീക്കം വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ട്. ഏതാനും ആഴ്ചകളായി ഇവിടെ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി മേപ്പാടിയിൽ നിന്ന് വീട്ടിലേക്ക് അരിയും സാധനങ്ങളുമായി മടങ്ങുന്ന വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. റോഡിനോട് ചേർന്ന് തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
ഇന്നലെ വൈകിട്ട് ആന ചീറുന്ന ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. വന മേഖലയിൽ നിന്ന് തോട്ടത്തിലൂടെ ഇറങ്ങിവന്ന് അറുമുഖനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ധനസഹായം എന്നതിനപ്പുറത്തേക്ക് കൃത്യമായ പരിഹാരം വിഷയത്തിൽ ഉണ്ടാകണമെന്ന് ഡിഎഫ്ഒയോട് നാട്ടുകാർ ആവശ്യപ്പെട്ടു.
- Apr 25, 2025 17:57 IST
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഒന്നാംപ്രതിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) തിരിച്ചടി. ഇഡി സമര്‍പ്പിച്ച കുറ്റപത്രം പരിശോധിച്ച റോസ് അവന്യു കോടതി വ്യക്തമായ രേഖകള്‍ നല്‍കാതെ സോണിയയ്ക്കും രാഹുലിനും നോട്ടീസ് അയയ്ക്കാന്‍ പറ്റില്ല എന്ന് വ്യക്തമാക്കി.
- Apr 25, 2025 16:34 IST
നിയമം ഭാഗികമായി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല; സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം
വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വഖഫ് നിയമം, നിയമനിർമ്മാണ അധികാരത്തിന്റെ സാധുവും നിയമാനുസൃതവുമായ വിനിയോഗമാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. പാർലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്ന് സുപ്രീം കോടതി പരിഗണിക്കുന്ന ഒരു കൂട്ടം ഹർജികൾക്ക് മറുപടിയായി കേന്ദ്രം വാദിച്ചു.
- Apr 25, 2025 13:42 IST
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അന്തരിച്ചു
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ ആയിരുന്ന കസ്തൂരിരംഗന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.2003 മുതല്‍ 2009 വരെ രാജ്യസഭ അംഗമായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യശില്‍പ്പിയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനായിരുന്നു.
- Apr 25, 2025 12:35 IST
ശാഖകുമാരി വധക്കേസ്; ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവ്
തിരുവനന്തപുരം ശാഖകുമാരി വധക്കേസിൽ പ്രതിയായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മധ്യവയസ്കയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ മാസം 26ന് പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ഒന്നരയോടെ അരുൺ ബെഡ് റൂമിൽ വച്ച് ബലം പ്രയോഗിച്ച് ഇലക്ട്രിക് വയറിലൂടെ ശാഖാ കുമാരിയുടെ വലതു കൈത്തണ്ടയിലും മൂക്കിലും കറൻറ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ മടങ്ങിയശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് കണ്ടെത്തി.
വിവാഹം വേണ്ടെന്നു തീരുമാനിച്ച് ഒറ്റയ്ക്ക് താമസിരുന്ന ശാഖാകുമാരി ചെറുപ്പകാരനായ അരുണുമായി പ്രണയത്തിലായതിന് പിന്നാലെയായിരുന്നു വിവാഹം. ഇലക്ട്രീഷ്യൻ ആയിരുന്നു അരുൺ. ധനികയായ ശാഖാകുമാരിക്ക് തൻറെ സ്വത്തുകൾക്ക് അവകാശിയായി ഒരു കുഞ്ഞു ജനിക്കണമെന്ന ആഗ്രഹമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. 2020 ഒക്ടോബർ 29 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ വിവാഹം രഹസ്യമാക്കാനായിരുന്നു അരുൺ ശ്രമിച്ചത്. വിവാഹത്തിന് മുമ്പേ തന്നെ അരുൺ പണം വാങ്ങിയതിനൊപ്പം കാർ, ബൈക്ക് എന്നിവ ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് വാങ്ങി ആഡംബര ജീവിതം നയിച്ചുപോന്നു.
കുട്ടികൾ വേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹവും ഭാര്യയുടെ പ്രായകൂടുതലും അരുണിനെ കൊല നടത്താൻ പ്രേരിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. ശാഖാകുമാരിയെ തെളിവില്ലാതെ കൊലപ്പെടുത്തി നിയമപരമായ ഭർത്താവെന്ന നിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതായിരുന്നു അരുൺ ലക്ഷ്യമിട്ടിരുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അരുണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിൽ ശിക്ഷയിന്മേൽ ഇരുഭാഗം വാദം കേൾക്കുന്നതിനും വിധി പറയുന്നതിനായി ഇന്നത്തേയ്ക്ക് വിചാരണ മാറ്റിവച്ചു. വെള്ളറട പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എം ശ്രീകുമാറാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ അജികുമാർ ഹാജരായി.
- Apr 25, 2025 10:49 IST
കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിന്റെ ഭാഗമായി പാക് പൗരൻമാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലുള്ള 102 പാക് പൗരൻമാർക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലുള്ള പാക് പൗരൻമാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.
കേരളത്തിലെത്തിയ പാക് പൗരൻമാരിൽ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വിസയിൽ എത്തിയവരാണ്. കുറച്ചാളുകൾ വ്യാപര ആവശ്യങ്ങൾക്കെത്തി. മെഡിക്കൽ വിസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നു മുൻപും രാജ്യം വിടണമെന്ന നിർദ്ദേശമാണു നൽകിയിട്ടുള്ളത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം പാക് പൗരൻമാരെ അറിയിച്ചു.
- Apr 25, 2025 09:45 IST
പാലക്കാട് പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ
പാലക്കാട് പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് മംഗലാപുരത്ത് നിന്നും ടൗൺ നോർത്ത് പൊലീസിൻ്റെ പിടിയിലായത്.
- Apr 25, 2025 09:44 IST
മാസപ്പടി കേസ് : വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്
സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ട്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
വീണ വിജയന്‍ സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയതിന്റെ തെളിവുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചു. സേവന – വേതന വ്യവസ്ഥ സംബന്ധിച്ച് വീണയും കര്‍ത്തയും തമ്മിലുള്ള ഇമെയിലുകള്‍ തട്ടിപ്പിനുള്ള മറ മാത്രമെന്നും പറയുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us