/indian-express-malayalam/media/media_files/wwdpTHzLzOeNtlaHO6zB.jpg)
Kerala News Highlights
Kerala News Highlights: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം നടന്നത്. രാവിലെ 6.45 ഓടേയാണ് സംഭവം. കാട്ടാന റോഡ് മുറിച്ചു കടക്കുമ്പോഴാണ് ജിതേന്ദ്രന്‍ ആ വഴി വന്നത്. കാട്ടാന ജിതേന്ദ്രന് നേരെ തിരിയുകയായിരുന്നു. കാട്ടാന സ്‌കൂട്ടര്‍ ചവിട്ടിമറിച്ചിട്ടു.
കാട്ടാന ആക്രമണത്തില്‍ ജിതേന്ദ്രന് വാരിയെല്ലിന് പൊട്ടലുണ്ട്. ആദ്യം പാലോടുള്ള ആശുപത്രിയിലാണ് എത്തിച്ചത്. ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജിതേന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിതേന്ദ്രന്‍ കൊല്ലത്ത് ആണ് ജോലി ചെയ്യുന്നത്. വീട്ടില്‍ വന്ന് തിരികെ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജിതേന്ദ്രൻ അപകടനില തരണം ചെയ്തയായി മെഡിക്കൽ കോളജ് ആശുപത്രി അറിയിച്ചു.
- Sep 21, 2025 20:50 IST
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടൻ
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടൻ. സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇക്കാര്യം പ്രഖ്യാപിച്ചത്.
- Sep 21, 2025 18:27 IST
വികസന സദസ്സ് സംസ്ഥാന തല ഉദ്ഘാടനം നാളെ
സംസ്ഥാന സർക്കാരിൻ്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും ഭാവി വികസനത്തിനായുള്ള നിർദേശങ്ങൾ സ്വീകരിക്കാനുമായി സംഘടിപ്പിക്കുന്ന 'വികസന സദസ്സ്' സംസ്ഥാനതല ഉദ്ഘാടനം 2025 സെപ്റ്റംബർ 22 രാവിലെ 11ന് നടക്കും. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. - Sep 21, 2025 17:34 IST
ജിഎസ്‌ടി പരിഷ്കാരം; സാധനങ്ങൾ വില കുറയുമെന്ന് മോദി
ജിഎസ്‌ടി പരിഷ്കാരങ്ങളുടെ ഫലമായി മരുന്നുകൾ, ഇൻഷുറൻസ്, നിത്യോപയോഗ സാധനങ്ങൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
- Sep 21, 2025 16:09 IST
കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി
കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി എംപി. വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്താൽ ആലപ്പുഴയ്ക്ക് എയിംസിന് യോഗ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
- Sep 21, 2025 14:58 IST
ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അയല്‍വാസി ഒളിവില്‍, അന്വേഷണം
എറണാകുളത്ത ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അയല്‍വാസിയായ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പൊലീസിനു പരാതി ലഭിച്ചത്. നാലു മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
പൊലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളാണ് കുട്ടി. മെഡിക്കല്‍ പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
- Sep 21, 2025 14:57 IST
മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് നാളെ ശക്തമായ മഴ
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ വീണ്ടും രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
- Sep 21, 2025 14:56 IST
സർക്കാരിന്റെ അയ്യപ്പ സംഗമം പരാജയം: എംകെ പ്രേമചന്ദ്രൻ
ശബരിമലയെ വിവാദ ഭൂമിയാക്കാനുളള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയും സർക്കാരും പിൻമാറണമെന്ന് ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി. ആഗോള അയ്യപ്പ സംഗമം നൂറു ശതമാനം പരാജയമാണെന്നും ആഗോള വിജയമാണ് ആഗോള അയ്യപ്പ സംഗമമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന കല്ലുവെച്ച നുണയാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് എത്ര കോടി ചിലവഴിച്ചുവെന്ന് സർക്കാർ ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- Sep 21, 2025 13:42 IST
എയിംസ് ആലപ്പുഴയിൽ തന്നെ, ആവർത്തിച്ച് സുരേഷ് ഗോപി
എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. 13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ വരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
- Sep 21, 2025 13:41 IST
അയ്യപ്പ സംഗമം 'വേസ്റ്റ് ഓഫ് മണി, വേസ്റ്റ് ഓഫ് ടൈം'; പരിഹസിച്ച് രമേശ് ചെന്നിത്തല
ആഗോള അയ്യപ്പ സംഗമം വൻ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അമ്പത് രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ വരുമെന്ന് പറഞ്ഞു. ആരും വന്നില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും പോയെന്നും അദ്ദേഹം പരിഹസിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
അയ്യപ്പൻ്റെ അനിഷ്‌ടം ഈ പരിപാടിക്ക് ഉണ്ടായി. എന്നാൽ യുഡിഎഫ് ചോദിച്ച ഒന്നിനും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നും യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അയ്യപ്പന് പോലും സംഗമം ഇഷ്‌ടപ്പെട്ടില്ല. സംഗമം പരാജയം ആയെന്ന് വിഎന്‍ വാസവൻ എങ്കിലും സമ്മതിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
- Sep 21, 2025 12:44 IST
അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു
വിവാദങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്ത് നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ചത്.സന്നിധാനത്തെ ദേവസ്വം സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണപ്പാളി ശുദ്ധികലശം നടത്തിയതിന് ശേഷമായിരിക്കും തിരികെ സ്ഥാപിക്കുക. എന്നാൽ കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് അടയ്ക്കുന്നതിനാൽ ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വ്യക്തത വരുത്തിയിട്ടില്ല
- Sep 21, 2025 11:28 IST
48 വർഷത്തെ സിനിമാ ജീവിതത്തിലെ വലിയ അവാർഡ്: മോഹൻലാൽ
നാൽപ്പത്തിയെട്ട് വർഷം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന്് നടൻ മോഹൻലാൽ. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതിന് ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജൂറിയോടും ഇന്ത്യൻ ഗവണ്മെന്റിനോടും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ്.ഇതിനു മുൻപ് ഈ അവാർഡ് കിട്ടിയത് മഹാരഥൻമാർക്ക്, കൂടെയുള്ള എല്ലാവരെയും ഓർക്കുന്നു, ഇന്ത്യൻ സിനിമയിലെ അവാർഡ് മലയാള സിനിമയ്ക്കു ലഭിച്ചതിൽ സന്തോഷം. ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവർത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്ക്കുന്നു- മോഹൻലാൽ പറഞ്ഞു.
- Sep 21, 2025 11:11 IST
അയ്യപ്പസംഗമത്തിന് ആളില്ലെന്ന വാദം തള്ളി എംവി ഗോവിന്ദന്‍
ആഗോള അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 4600 ആളുകള്‍ പങ്കെടുത്താല്‍ പോരെയെന്ന് അദ്ദേഹം ചോദിച്ചു.
കളവ് പ്രചരിപ്പിക്കുന്നതിനും അടിസ്ഥാനം വേണം. കള്ളപ്രചരണം നടത്തുന്ന മാധ്യമങ്ങളുണ്ട്. ശുദ്ധ അസംബന്ധമാണ്. നാണവും മാനവും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് ആണ് പ്രചരിപ്പിക്കുന്നത്. ലോകപ്രശസ്തമായ വിജയമാണ് സംഗമത്തിന്റേത്. എന്തെങ്കിലും കൊടുക്കുന്നതിന് നാണവും മാനവും വേണം. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
- Sep 21, 2025 10:37 IST
മോഹൻലാലിന്റെ വാർത്താ സമ്മേളനം ഉടൻ
ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. രാവിലെ 11-ന് എറണാകുളത്താണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.