/indian-express-malayalam/media/media_files/2025/08/02/cm-pinarayi-vijayan-2025-08-02-11-36-07.jpg)
Kerala News Live Updates
Kerala News Highlights: ശ്രീനാരായണ ഗുരു ജയന്തി ആശംസനേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും, വർഗ്ഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ വാക്കുകളും പ്രവർത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതായിരുന്നില്ല. അത് എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
- Sep 07, 2025 18:19 IST
കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു
കേരളത്തിൽ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം നാളെ മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 2 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലായിരിക്കും മഴ ഇക്കുറി കൂടുതൽ ശക്തമാകുകയെന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
- Sep 07, 2025 16:47 IST
പാലരുവി എക്‌സ്പ്രസിന് നാളെ മുതല്‍ ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്
തൂത്തുക്കുടി - പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്‌സ്പ്രസ് നാളെ മുതല്‍ ഇരിങ്ങാലക്കുടയില്‍ നിര്‍ത്തും. ജനപ്രതിനിധികളുടെയും റെയില്‍വേ യാത്രക്കാരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം എന്ന് റെയില്‍ വെ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യം കൂടിയാണ് പാലരുവി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയിലെ സ്റ്റോപ്. എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ള തിരക്ക് കുറയ്ക്കാനും തീരുമാനം സഹായകരമാകും.
- Sep 07, 2025 13:40 IST
ശബരിമലയുടെ വികസനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയല്ല വേണ്ടതെന്ന് വെള്ളാപ്പള്ളി
സര്‍ക്കാര്‍ ശബരിമലയുടെ വികസനവുമായി മുന്നോട്ട് പോകുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയല്ല വേണ്ടതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞയായി കാണുന്നതുപോലെ എല്ലാം രാഷ്ട്രീയമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
- Sep 07, 2025 12:09 IST
പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം
പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഏഷ്യയിലെയും യൂറോപ്പിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ഈ പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനാകുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും.
- Sep 07, 2025 11:34 IST
മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ
കൊച്ചി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മുംബൈ വിമാനത്താവളത്തിൽ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. പ്രമുഖ നടി നൽകിയ പരാതിയിലാണ് സനിൽകുമാർ ശശിധരനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്. കൊച്ചി പൊലീസ് മുംബൈ വിമാനത്താവളത്തിൽ എത്തി സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം. അതേസമയം, എയർപോർട്ട് പൊലീസ് സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ ഉണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
- Sep 07, 2025 11:33 IST
തിരുവനന്തപുരത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.
തിരുവനന്തപുരം കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസി(35)നെയാണ് വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us