/indian-express-malayalam/media/media_files/2025/08/24/crime-2025-08-24-13-25-19.jpg)
Kerala News Highlights
Kerala News Highlights: കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം.ഞായറാഴ്ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കില്‍ കൊലപാതകം നടന്നത്. കഴുത്തിനോടു ചേര്‍ന്നാണ് കുത്തേറ്റിട്ടുള്ളത്. ഷിജോയുടെ ബന്ധുവാണ് പ്രതി എന്നാണ് വിവരം. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശരീരത്തില്‍ അധികം പരിക്കുകളൊന്നുമില്ലായിരുന്നു. അതിനാല്‍ ഒറ്റ കുത്തിന് ഷിജോ കൊല്ലപ്പെട്ടു എന്നുള്ളതാണ് പോലീസ് വ്യക്തമാക്കുന്നത്.
- Oct 27, 2025 21:08 IST
കൗമാര കേരളത്തിന്റെ കായികമേളയ്ക്ക് നാളെ സമാപനം
എട്ടു നാൾ അനന്തപുരി സാക്ഷ്യം വഹിച്ച കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് നാളെ (ഒക്ടോബർ 28) പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് മുഖ്യാതിഥി.
- Oct 27, 2025 17:56 IST
പിംഎം ശീയിൽ അനുനയമില്ല; പ്രശ്നങ്ങൾ ഇപ്പോഴും ബാക്കിയെന്ന് ബിനോയ് വിശ്വം
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ലെന്നും ഇന്നു നടന്ന അനുനയ ചർച്ചയ്ക്കു ശേഷം ബിനോയ് വിശ്വം പ്രതികരിച്ചു.
- Oct 27, 2025 17:21 IST
കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; നടപടി നാളെ മുതൽ;
കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്ഐആർ) നടപ്പാക്കുന്നതിന്റെ നടപടികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.
- Oct 27, 2025 16:41 IST
മുഖ്യമന്ത്രി-ബിനോയ് വിശ്വം കൂടിക്കാഴ്ച അവസാനിച്ചു
പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കിയതുമായി ബന്ധപ്പെട്ട വിയോജിപ്പുകൾ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
- Oct 27, 2025 15:45 IST
പിഎം ശ്രീ; വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് കെഎസ്‌യു പ്രതിഷേധം
/indian-express-malayalam/media/post_attachments/93d87825-4b0.png)
സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസിലേക്ക് കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തി.
- Oct 27, 2025 15:12 IST
വികസന സദസ്സിന് മുന്നില്‍ ഒറ്റയ്ക്ക് കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചുവെന്നാരോപിച്ചാണ് എംഎല്‍എയുടെ എകാംഗ പ്രതിഷേധം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒന്നും ചെയ്യാതെ പാതിവഴിയില്‍ പണി ഉപേക്ഷിച്ച മിനി സിവില്‍സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
- Oct 27, 2025 15:11 IST
മെസിയുടെ പേരിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ: ഹൈബി ഈഡൻ
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച് ഹൈബി ഈഡൻ എംപി. മെസിയുടെയും അർജൻറീന ടീമിൻറെയും മത്സരത്തിൻറെ പേരിൽ കലൂർ സ്റ്റേഡിയത്തിൽ സ്‌പോൺസർ നടത്തുന്ന നവീകരണ പ്രവർത്തനങ്ങളെയാണ് എംപി ചോദ്യം ചെയ്തത്.
സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റിക്ക് (ജിസിഡിഎ) ഹൈബി ഈഡൻ എംപി കത്തു നൽകി. നിർമാണ പ്രവർത്തനങ്ങളിലെ വിശദീകരണം ആവശ്യപ്പെട്ടാണ് എംപിയുടെ കത്ത്. അർജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ട് സ്‌പോൺസർക്ക് സ്റ്റേഡിയം കൈമാറിയതിന് പിന്നിൽ പ്രത്യേക ഡീൽ ഉള്ളതായി സംശയിക്കുന്നുവെന്നും ഹൈബി ഈഡൻ ആരോപിച്ചു.
- Oct 27, 2025 11:24 IST
ചര്‍ച്ചയുടെ എല്ലാ വാതിലും എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകും: ബിനോയ് വിശ്വം
പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പിഎം ശ്രീയില്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ കമ്മറ്റി കൂടാന്‍ പോവുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയുടെ എല്ലാ വാതിലും എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകും. അത് തുറന്നു കിടക്കും. എല്‍ഡിഎഫ് എല്‍ഡിഎഫാണ്. ആശയ അടിത്തറയുണ്ട്, രാഷ്ട്രീയ അടിത്തറയുണ്ട്, പരസ്പര ബന്ധങ്ങളുണ്ട്. ചര്‍ച്ചകള്‍ ഉണ്ടാകും –അദ്ദേഹം പറഞ്ഞു.
- Oct 27, 2025 09:31 IST
രാഹുലിനൊപ്പം വേദി പങ്കിട്ട സംഭവം; ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം. സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തി പ്രകടിപ്പിച്ചു. പ്രമീളയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സി കൃഷ്ണകുമാറും ജില്ല അധ്യക്ഷനും ആവശ്യപ്പെട്ടു. പ്രമീള അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നാണ് ജില്ലാ നേതൃയോഗത്തിൽ കൃഷ്ണകുമാർ പക്ഷം. മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റ് പറയണമെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം, ബിജെപിയിലെ വിഭാഗീയത മുതലെടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനാണ് കോൺഗ്രസിന്റെ നീക്കം. പാലക്കാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമീള ശശിധരനെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
- Oct 27, 2025 09:05 IST
പാൽച്ചുരത്തിൽ ലോറി നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു
വയനാട് പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. 54കാരനായ തമിഴ്നാട് സ്വദേശി സെന്തിൽ കുമാറാണ് മരിച്ചത്. സഹയാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന സഹായി ചാടി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിയിൽ കുടുങ്ങിയ ഡ്രൈവർ സെന്തിൽ കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
- Oct 27, 2025 09:04 IST
പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനം, ജി സുധാകരൻ ദീപശിഖ കൈമാറി
പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. വലിയ ചുടുകാട്ടിൽ നിന്ന് വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള ദീപശിഖാ റിലേയ്ക്ക് തുടക്കം. മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ദീപശിഖ അത്‌ലറ്റുകൾക്ക് കൈമാറി. രാവിലെ 7.30 നായിരുന്നു ദീപശിഖ കൈമാറ്റം. വിഎസ് അച്യുതാനന്ദനാണ് 2019 വരെ ദീപശിഖ തെളിച്ച് കൈമാറിയിരുന്നത്. അതിനു ശേഷം ജി സുധാകരനാണ് ദീപശിഖ കൈമാറുന്നത്.
- Oct 27, 2025 09:04 IST
മഴ കനക്കും; പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടിപ്പിച്ച് അധികൃതർ.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ പെയ്യും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
- Oct 27, 2025 09:03 IST
കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരുമരണം
കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾക്ക് ദാരൂണാന്ത്യം. അപകടത്തിൽ 45 പേർക്ക് പരിക്ക്. എംസി റോഡിൽ കുറുവിലങ്ങാടാണ് അപകടം ഉണ്ടായത്. അപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു (45)-ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us