/indian-express-malayalam/media/media_files/2024/11/11/AkyzDpfJLe11l86wOqtA.jpg)
Kerala News Highlights
Kerala News Highlights: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെ മുരളീധരൻ. സസ്പെൻഷൻ നടപടിയിലുള്ള ഒരാളുടെ എന്തു നടപടിക്കും പാർട്ടിക്ക് ഉത്തരവാദിത്തമില്ല. ഉദിച്ചുയരേണ്ട താരങ്ങളൊക്കെ ഉദിച്ചുയരും. അല്ലാത്തത് അസ്തമിക്കും. കെ മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണ്. ഇനി അങ്ങോട്ടു കയറ്റേണ്ടെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.
"സസ്പെന്റ് ചെയ്ത ആൾക്കാരെ, ആരു തന്നെയായാലും പങ്കെടുക്കരുതെന്ന് തന്നെയാണ് പാർട്ടി നിലപാട്. ആരോപണവിധേയനെതിരെ എന്നേ പാർട്ടി നടപടിയെടുത്തതാണ് . എന്നേ സസ്പെൻഡ് ചെയ്തു കഴിഞ്ഞു. സസ്പെൻഷൻ ഏതാണ്ട് പുറത്താക്കലിന് തുല്യമാണ്. ഇനി അത് എന്നും പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. ആശയദാരിദ്ര്യം കാരണമാണ് സിപിഎം ഇക്കാര്യം ഇങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്."- കെ മുരളീധരൻ കൂട്ടിച്ചേർത്തു.
- Nov 30, 2025 19:20 IST
തമിഴ്നാട്ടിൽ ബസ്സുകൾ കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം
തമിഴ്നാട് ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂരിനു സമീപം ബസ്സുകൾ കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. നാൽപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. തിരുപ്പത്തൂർ-കാരക്കുടി റോഡിലെ കുമ്മൻഗുഡി പാലത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
- Nov 30, 2025 17:48 IST
അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വർ കസ്റ്റഡിയിൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ.
- Nov 30, 2025 14:55 IST
കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി; വടകര ഡിവൈഎസ്‌പിക്ക് സസ്പെന്‍ഷൻ
കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ, ആരോപണ വിധേയനായ വടകര ഡിവൈഎസ്‌പി എ. ഉമേഷിനെ സസ്പെന്‍ഡ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഡിവൈഎസ്‌പി ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
- Nov 30, 2025 13:10 IST
എസ്ഐടി സംഘം വീണ്ടും രാഹുലിന്‍റെ ഫ്ലാറ്റിൽ
ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തേടി എസ്ഐടി സംഘം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട് ഫ്ലാറ്റിൽ വീണ്ടും എസ്ഐടി സംഘം വിശദമായ പരിശോധന നടത്തി. രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്ലാറ്റിലുള്ളിൽ കയറി പരിശോധന നടത്തി. മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.
- Nov 30, 2025 13:00 IST
കാനത്തിൽ ജമീലയ്ക്ക് വിട, സംസ്കാരം ചൊവ്വാഴ്ച അത്തോളിയിൽ ഔദ്യോഗിക ബഹുമതികളോടെ
അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം മറ്റന്നാൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമമസ്ജിദിലാണ് സംസ്കാരം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. അർബുദബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീലയുടെ മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്.
- Nov 30, 2025 11:40 IST
ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസിന് ബന്ധമില്ല; വിഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും വിഡി സതീശൻ പറഞ്ഞു. ശബരിമലയിലെ സ്വർണം മോഷ്ടിച്ച കുറ്റവാളികൾക്കെതിരെ നടപടി എടുക്കാത്ത സിപിഎം കോൺഗ്രസിനെ ക്രൂശിക്കാൻ ശ്രമിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. കൊലപാതക കേസുകളിൽ ഉൾപ്പെട്ടവരും ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ടവരുമാണ് സിപിഎം സ്ഥാനാർത്ഥികൾ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്നും പരാതി പോലും ലഭിക്കും മുമ്പ് നടപടിയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിഡി സതീശൻ പറഞ്ഞു.
- Nov 30, 2025 11:38 IST
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണ്. അതിൽ അനുമതി നൽകുക മാത്രമാണ് ചെയ്തെന്നാണ് മൊഴി. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി.
- Nov 30, 2025 11:02 IST
രാജ്ഭവന്റെ പേരു മാറുന്നു, ഇനി മുതല്‍ 'ലോക്ഭവന്‍'
ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് നാളെ മുതല്‍ ലോക്ഭവന്‍ എന്നാകും. സ്വദേശമായ ഗോവയില്‍ പോയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തിരിച്ചെത്തിയ ശേഷം നാളെ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കും. ലോക് ഭവന്‍ എന്നാല്‍ ജനങ്ങളുടെ ഭവനം എന്നാണര്‍ത്ഥം. വിജ്ഞാപനം നിലവില്‍ വരുന്നതോടെ ഗവര്‍ണറുടെ ഔദ്യോഗിക വിലാസം ലോക്ഭവന്‍, കേരള എന്നാകും.
- Nov 30, 2025 11:01 IST
ഏകാദശിക്ക് 'പ്രത്യേക വഴിപാട്', തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴരുത്; മുന്നറിയിപ്പുമായി ഗുരുവായൂര്‍ ദേവസ്വം
ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് നിര്‍വ്വഹിച്ച് തരാമെന്ന് വാഗ്ദാനം നല്‍കി ഭക്തരുടെ പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഇത്തരത്തില്‍ വഴിപാട് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം നല്‍കുന്ന വെബ് സൈറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ദേവസ്വത്തിന്റെ മുന്നറിയിപ്പ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിനത്തില്‍ ഏറ്റവും ശ്രേഷ്ഠമായ ഉദയാസ്തമന പൂജ വഴിപാട് ദേവസ്വം വകയായി നടത്തുകയാണ്. വിഷ്ണു സഹസ്ര നാമാര്‍ച്ചനയോ, അതിന്റെ പ്രസാദവിതരണമോ അന്ന് ഭക്തര്‍ക്കായി നിശ്ചയിച്ചിട്ടില്ല. അത് പതിവുമല്ല. ഇക്കാര്യത്തില്‍ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us