/indian-express-malayalam/media/media_files/2025/11/02/balagopal-varthamanam3-2025-11-02-13-59-23.jpg)
കെഎൻ ബാലഗോപാൽ
Kerala News Highlights: കേരളത്തില്‍ ധനസ്ഥിതിയുടെ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്ന് പണം ലഭിക്കാനുണ്ടെന്നും ആ പ്രശ്നം നിലനില്‍ക്കുന്നുണ്ട്, എങ്കിലും മുന്നോട്ട് പോകാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റി എന്നതില്‍ സന്തോഷമുണ്ട്. അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ അതിന്‍റെ മെച്ചം അടുത്ത ഘട്ടങ്ങളിലായി ഉണ്ടാകും. അതുകൊണ്ട് തന്നെ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
- Jan 30, 2026 19:28 IST
കേന്ദ്രപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: വി.കെ. ശ്രീകണ്ഠൻ എം.പി.
പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോ-കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് സമിതി (ദിശ) യോഗത്തിലാണ് സമിതി ചെയർമാൻ കൂടിയായ വി.കെ. ശ്രീകണ്ഠൻ എം.പി. നിർദ്ദേശം നൽകിയത്. - Jan 30, 2026 18:00 IST
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയിൽ
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയിൽ. ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫിസിൽവച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അശോക് നഗർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
- Jan 30, 2026 17:04 IST
വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനം; ചടങ്ങിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശം
രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയതിന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം. ഫെബ്രുവരി നാലിനു നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം ആവശ്യപെട്ട് കുഞ്ഞികൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നിർദേശം.
- Jan 30, 2026 16:13 IST
എയര്‍ ഇന്ത്യയുടെ പുതിയ വിമാന ഓര്‍ഡറുകളില്‍ 15 എണ്ണം എയര്‍ബസ് എ321 എക്‌സ്എല്‍ആര്‍ ആക്കി മാറ്റി
എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ321നീയോ വിമാനങ്ങള്‍ക്കായുള്ള നിലവിലെ ഓര്‍ഡറുകളില്‍ നിന്ന്15വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഏറ്റവും പുതിയ എ321എക്‌സ്എല്‍ആര്‍ വിമാനങ്ങളിലേക്ക് മാറ്റി. ഹൈദരാബാദില്‍ നടക്കുന്ന വിങ്സ് ഇന്ത്യ2026ലായിരുന്നു എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം.
- Jan 30, 2026 15:37 IST
മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് - ബിജെപി സഖ്യം
മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് - ബിജെപി സഖ്യം. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച മിനിമോൾ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
- Jan 30, 2026 13:33 IST
തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം, ഒരാള്‍ മരിച്ചു
തൃശൂരിൽ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യ ശ്രമം. മണ്ഡലംകുന്ന് സ്വദേശികളായ ദേവകി (83) ജാനകി (80) സരോജനി (75) എന്നിവരെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സരോജിനി പിന്നീട് മരിച്ചു. ജാനകി, ദേവകി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ മണ്ഡലംകുന്നിന് സമീപത്തെ വീട്ടില്‍ അവശ നിലയില്‍ അയല്‍വാസികളാണ് മൂവരെയും കണ്ടെത്തിയത്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് ഇടപെട്ട് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമായ സരോജിനി പിന്നീട് മരിക്കുകയായിരുന്നു. ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്ന കുറിപ്പ് കണ്ടെത്തി. മൂന്നു പേരും അവിവാഹിതരാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
- Jan 30, 2026 13:30 IST
മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി
മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മിനിമോള്‍ ടീച്ചര്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു. ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
എല്‍ഡിഎഫ് 10, യുഡിഎഫ് എട്ട്, ബിജെപി നാല്, രണ്ട് വിമതര്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. നൂര്‍ജഹാന്‍ നവാസ് ആയിരുന്നു നേരത്തെ വൈസ് പ്രസിഡന്റ്.
- Jan 30, 2026 12:21 IST
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും തരൂരിൻറ സാന്നിധ്യം ഉണ്ടാകുമെന്ന് വിഡി സതീശൻ
തിരഞ്ഞെടുപ്പിൽ ശശി തരൂർ സജീവമായിരിക്കുമെന്നും അദ്ദേഹത്തിൻ്റെ സാന്നിധ്യം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ശശി തരൂർ ഒരു വിശ്വപൗരനും കോൺഗ്രസിൻ്റെ അഭിമാനവുമാണ്. വിദേശ സർവീസിൽ നിന്ന് വന്ന അദ്ദേഹം ലോകം അറിയപ്പെടുന്ന എഴുത്തുകാരനുമാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന വലിയൊരു സമൂഹം കേരളത്തിലുണ്ട്. യുഡിഎഫിന് പിന്തുണയുമായി അദ്ദേഹം ജനങ്ങളുടെ ഇടയിലേക്ക് വരികയാണ്.
തരൂരുമായി ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാർത്തകൾ വെറും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ക്യാമ്പിൽ നിന്ന് പ്രചരിപ്പിക്കുന്ന ഇത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. യുഡിഎഫിന് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചുവരാനുള്ള പോരാട്ടത്തിൻ്റെ മുൻനിരയിൽ ശശി തരൂർ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇനിയും തിരഞ്ഞെടുപ്പിന് ദിവസങ്ങളുണ്ടെന്നും വിസ്മയങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.
- Jan 30, 2026 12:12 IST
എനിക്ക് സംസ്കാരം കുറവാണ്, തർക്കത്തിനില്ല: ശിവൻകുട്ടിക്ക് മറുപടിയുമായി സതീശൻ
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തനിക്ക് സംസ്കാരവും നിലവാരവും കുറവാണെന്ന് പറഞ്ഞതിനോട് പരിഹാസരൂപേണ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ശിവൻകുട്ടി തന്നെക്കാൾ വളരെ വലിയ ആളാണെന്നും അദ്ദേഹത്തിന് വളരെയധികം സംസ്കാരവും നിലവാരവും ഉണ്ടെന്നും അതിൽ തനിക്ക് യാതൊരു തർക്കവുമില്ലെന്നും വിഡി സതീശൻ പറഞ്ഞു. താൻ അദ്ദേഹത്തേക്കാൾ നിലവാരം കുറഞ്ഞ ഒരാളാണെന്ന് സമ്മതിക്കുന്നുവെന്നും അതിനാൽ തർക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- Jan 30, 2026 11:24 IST
ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നു, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഉദാഹരണമെന്ന് മുഖ്യമന്ത്രി
തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംഘപരിവാര്‍ സംഘടനകള്‍ക്ക് ആ പേരിനോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പങ്കുവച്ച അനുസ്മരണ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
- Jan 30, 2026 11:23 IST
ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃക'; പ്രശംസയുമായി സാമ്പത്തിക സർവേ
കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതികളെ പ്രശംസിച്ച് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ. ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃകയാണെന്ന് സാമ്പത്തിക സർവേയിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളും ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരും അടങ്ങിയ സംഘം മികച്ച രീതിയിൽ പ്രവർത്തിച്ചെന്നും സർവേയിൽ പറയുന്നു.
- Jan 30, 2026 10:42 IST
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് മുന്നിൽ റീത്ത്
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് മുന്നില്‍ റീത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ തളിപ്പറമ്പിലെ വീട്ടിലാണ് രാവിലെ റീത്ത് പ്രത്യക്ഷപ്പെട്ടത്. ഇന്നലെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ ഡിവൈഎഫ്‌ഐയാണ് റീത്ത് വച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
- Jan 30, 2026 10:42 IST
സീറ്റ് ചർച്ച, വഴങ്ങാതെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
നാലു സീറ്റ് ഏറ്റെടുക്കാനുളള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ഏറ്റുമാനൂർ സീറ്റ് വിട്ടാൽ പകരം പൂഞ്ഞാർ കിട്ടണമെന്നാണ് കേരള കോൺഗ്രസ് നിലപാട്. ഇടുക്കി വിട്ടു കൊടുക്കുന്നതിലും ജോസഫ് വിഭാഗം തീരുമാനമെടുത്തിട്ടില്ല. ആവശ്യപ്പെട്ട സിറ്റുകളിൽ വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കേരള കോൺഗ്രസ് നിർദ്ദേശിച്ചില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തു.
- Jan 30, 2026 10:41 IST
സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കി ; രൂക്ഷവിമർശനവുമായി വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം
ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം. തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു. പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണെന്നും പുസ്തകത്തിലുണ്ട്.
അടുത്ത ബുധനാഴ്ച പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്യും. രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് "നേതൃത്വത്തെ അണികൾ തിരുത്തണ"മെന്ന പുസ്തകത്തിൽ പ്രധാനമായും ഉള്ളത്. ഇതിനൊപ്പമാണ് പാർട്ടി നേതൃത്വത്തെയും വിമർശിക്കുന്നത്.
- Jan 30, 2026 10:40 IST
ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്. 2018ൽ റോഡ് ഉപോധിക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് വാറന്റ്.
ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us