/indian-express-malayalam/media/media_files/2025/11/21/memu-trains1-2025-11-21-15-04-13.jpg)
Kerala News Highlights
Kerala News Highlights: വര്‍ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ എക്സ്പ്രസ് വണ്ടികളുടെ ചുരുങ്ങിയ യാത്രാനിരക്ക് വര്‍ധിച്ചു. ജനറല്‍ കോച്ചുമുതല്‍ ഉയര്‍ന്ന ക്ലാസുകള്‍ക്കാണ് അഞ്ചു രൂപ ചുരുങ്ങിയ വര്‍ധന ഉണ്ടായിട്ടുള്ളത്. 50 കിലോമീറ്റര്‍ ദൂരം വരുന്ന യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്ക് 30 രൂപയില്‍ നിന്ന് 35 ആയി ഉയര്‍ന്നത്. സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ ചുരുങ്ങിയ നിരക്ക് 45 രൂപ എന്നത് 50 രൂപയായി.
കിലോമീറ്ററിന് രണ്ടു പൈസ നിരക്കിലാണ് റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ ജനറല്‍ക്ലാസില്‍ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസര്‍കോടുവരെ പോകാന്‍ 10 രൂപ അധികം നല്‍കണം. കോട്ടയം വഴിയാണെങ്കില്‍ 15 രൂപ അധികം നല്‍കണം. സ്ലീപ്പര്‍, എസി, ചെയര്‍കാര്‍, എക്സിക്യുട്ടീവ് ചെയര്‍കാര്‍ എന്നിവയ്ക്കും ആനുപാതികമായ നിരക്ക് വര്‍ധനയുണ്ട്.
- Dec 27, 2025 20:05 IST
കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു
കണ്ണൂർ പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് പയ്യാവൂർ മുത്താറിക്കുളത്തായിരുന്നു അപകടം. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ സ്ഥിരീകരിക്കാനായിട്ടില്ല.
- Dec 27, 2025 17:03 IST
പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; കുറ്റപത്രം സമർപ്പിച്ച് പൊലീസ്
'പുഷ്പ 2' പ്രീമിയർ ഷോയ്ക്കിടെ തിരക്കിൽപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അപകടം നടന്ന സന്ധ്യ തിയേറ്റർ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് കുറ്റപത്രം. തിരക്ക് നിയന്ത്രിക്കാൻ തിയേറ്റർ അധികൃതർ മതിയായ നടപടികൾ സ്വീകരിച്ചില്ലെന്നും പൊലീസിന്റെ സേവനം ആവശ്യപ്പെട്ടിരുന്നില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
- Dec 27, 2025 16:48 IST
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി 22 വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും കൂടിക്കാഴ്ച നടത്തി. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയില്‍ മെച്ചപ്പെടുന്നുണ്ട്. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി. മികച്ച ചികിത്സ തന്നെ നല്‍കുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ട്. ജനറല്‍ ആശുപത്രി ടീമിനെ പിന്തുണച്ചുകൊണ്ട് വിദഗ്ധരുടെ ടീം ദിവസവും രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ജനറല്‍ ആശുപത്രി ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്.
- Dec 27, 2025 15:38 IST
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവത്തിന് കോൺഗ്രസ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിബി-ജി റാം ജി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 5 മുതൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ സമരം ആരംഭിക്കുമെന്ന് മല്ലികാർജുൻ ഖർഗെ അറിയിച്ചു. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Dec 27, 2025 14:16 IST
പെരുങ്ങോട്ടുകുറിശ്ശിയില്‍ അറുപതുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിച്ചു
അറുപതുവര്‍ഷത്തിന് ശേഷം ആദ്യമായി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്. എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണിയുടെ പ്രമോദ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
- Dec 27, 2025 14:15 IST
എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്; കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരാകരിച്ച് യുഡിഎഫ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കെ വി ശ്രീദേവി രാജി വച്ചു. എസ്ഡിപിഐ പിന്തുണ വേണ്ടന്ന് യുഡിഎഫ് തീരുമാനിച്ചതാണ് രാജിയിലേക്ക് നയിച്ചത്. മൂന്ന് അംഗങ്ങളാണ് പഞ്ചായത്തില്‍ എസ്ഡിപിഐക്കുള്ളത്.
- Dec 27, 2025 14:14 IST
മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്
സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ അവസാന നിമിഷവും പിടിവിടാതെ ട്വിസ്റ്റുകളും വിവാദങ്ങളും. മൂപ്പൈനാട്, ചിറക്കര, അഗളി, ഉദുമ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കങ്ങളാണ് ഉണ്ടായത്. അവസാന നിമിഷവും ചില അംഗങ്ങൾ കൂറുമാറിയപ്പോൾ ഭരണത്തിലെത്തിയതിലും ട്വിസ്റ്റുകൾ നിറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ എൽഡിഎഫ് പരാജയം നേരിട്ടപ്പോൾ മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തായ ചളവറയിൽ യുഡിഎഫാണ് ഭരണം പിടിച്ചത്. എൽഡിഎഫിൻ്റെ പഞ്ചായത്ത്, നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് കിട്ടിയത്. വാർഡ് 16 കയിലിയാട് നിന്ന് ജയിച്ച കോൺഗ്രസിലെ സന്ധ്യ സുരേഷ് ആണ് പ്രസിഡന്റ് ആയത്.
- Dec 27, 2025 14:14 IST
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്
ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്. പ്രസിഡൻ്റായി മില്ലി മോഹൻ കൊട്ടാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പ് നടന്ന നാലു ഗ്രാമ പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽ എൽഡിഎഫും രണ്ടിടങ്ങളിൽ യുഡിഎഫും അധികാരത്തിലെത്തി. ഇതിൽ മൂടാടി പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തിയപ്പോൾ തിരുവള്ളൂർ പഞ്ചായത്ത് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. നന്മണ്ട, കോട്ടൂർ ഗ്രാമ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പ് നടന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരിടത്ത് ജനകീയ മുന്നണിയും മറ്റൊരിടത്ത് യുഡിഎഫും ഭരണം പിടിച്ചെടുത്തു.
- Dec 27, 2025 12:06 IST
മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം; കസ്റ്റഡിയിലെടുത്ത സുബ്രഹ്‌മണ്യനെ നോട്ടീസ് നല്‍കി വിട്ടയച്ചു
മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയും ഒന്നിച്ചുള്ള വ്യാജ എഐ നിർമ്മിത ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കോൺഗ്രസ് നേതാവുമായ എൻ. സുബ്രഹ്മണ്യനെ നോട്ടീസ് നല്‍കി വിട്ടയച്ചു. വിഷയം നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ചേവായൂർ പൊലീസ് ആണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്നാണ് രാവിലെ എട്ടു മണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
- Dec 27, 2025 11:15 IST
പുതുവത്സരത്തില്‍ കൊച്ചി മെട്രോ പുലര്‍ച്ചെ ഒന്നരമണി വരെ സർവീസ് നടത്തും, വാട്ടർമെട്രോ പുലർച്ചെ നാല് വരെയും
പുതുവർഷാഘോഷം പ്രമാണിച്ച് കൊച്ചി മെട്രോ, വാട്ടർ മെട്രോ കൂടുതൽ സർവ്വീസുകള്‍ നടത്തും.
വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്താണ് കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകൾ ദീർഘിപ്പിക്കുന്നത്.ഡിസംബർ 26 മുതൽ ജനുവരി മൂന്ന് വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11:00 മണി വരെ സർവീസ് നടത്തും. പുതുവത്സരം (ഡിസംബർ 31) പ്രമാണിച്ച് പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ് ഉണ്ടകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us