/indian-express-malayalam/media/media_files/xSmj1Ife278Ia6RSexlR.jpg)
Kerala News Highlights
Kerala news Highlights: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. വെഞ്ഞാറമൂട് വാമനപുരത്ത് വെച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കാര്‍, മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരേ വന്ന മന്ത്രിയുടെ കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിച്ച വാഹനത്തിലെ ഡ്രൈവറെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ വന്ന ജി സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തില്‍ കയറി മന്ത്രി ബാല​ഗോപാൽ തിരുവനന്തപുരത്തേക്ക് പോയി.
- Nov 09, 2025 21:01 IST
മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തലച്ചിറ അബ്ദുള്‍ അസീസ് അസീസിനെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
- Nov 09, 2025 17:41 IST
ഭോപ്പാലില്‍ വാഹനാപകടം; മലയാളികളായ ദേശീയ കയാക്കിംഗ് താരങ്ങള്‍ക്ക് ദാരുണാന്ത്യം
കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ് ഇത്തിപ്പറമ്പില്‍ വീട്ടില്‍ അജിത്ത് രവി, രഞ്ജിനി ദമ്പതികളുടെ മകന്‍ ഐ എ അനന്തകൃഷ്ണന്‍ (അനന്തു -19), കൈനകരി തോട്ടുവാത്തല പഴയാറ്റില്‍ രഘുനാഥ് - ജീജാമോള്‍ ദമ്പതികളുടെ മകന്‍ വിഷ്ണു രഘുനാഥ് (ഉണ്ണി - 26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഭോപ്പാല്‍ നേവല്‍ ബേസിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ ഇരുവരും മരണപ്പെട്ടു എന്നാണ് നാവികസേനയില്‍ നിന്ന് കുടുംബങ്ങള്‍ക്ക് നല്‍കിയ വിവരം.
- Nov 09, 2025 16:00 IST
മലപ്പുറത്ത് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികള്‍ മരിച്ചു
മലപ്പുറം വാണിയമ്പലത്ത് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികള്‍ മരിച്ചു. മരുതുങ്ങൽ സ്വദേശി നന്ദൻ ആണ് മരിച്ചത്. 23 വയസായിരുന്നു. രാവിലെ 8 മണിക്കായിരുന്നു അപകടം. രാവിലെ വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയതായിരുന്നു നന്ദൻ. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നന്ദൻ.
- Nov 09, 2025 15:04 IST
എസ്ഐആർ നടപ്പാക്കുന്നത് 'വോട്ടുകൊള്ള' മറച്ചുവയ്ക്കാൻ; ആരോപണവുമായി രാഹുൽ ഗാന്ധി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുന്നത്, 'വോട്ടുകൊള്ള' മറച്ചുവയ്ക്കാനും സ്ഥാപനവൽക്കരിക്കാനും വേണ്ടിയെന്ന് രാഹുൽ ഗാന്ധി. ഹരിയാനയിലേതിനു സമാനമായി മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും 'വോട്ട് ചോരി' നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
- Nov 09, 2025 13:51 IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗി മരിച്ച സംഭവം; ചികിത്സാപ്പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ മൊഴി. മരിച്ച വേണുവിന്റെ കേസ് ഷീറ്റില്‍ പോരായ്മകളില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമാണ് ചികിത്സ നല്‍കിയത് എന്നുമാണ് ഡോക്ടര്‍മാരുടെ വാദം. വേണുവിന്‍റെ ബന്ധുക്കളില്‍ നിന്നും വിവരം ശേഖരിക്കണമെന്നും ആശയവിനിമയത്തില്‍ അപാകത ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തില്‍ ഡിഎംഇ നാളെ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
- Nov 09, 2025 12:15 IST
കാട്ടുപന്നി കുറുകെച്ചാടി, കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറഞ്ഞു; 3 യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെടി നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഋഷി (24), ജിതിൻ (21) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്. ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വെച്ചാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു.
- Nov 09, 2025 12:14 IST
കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി
വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമൊന്നും കണക്കിലെടുക്കേണ്ടതില്ല. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി പാടിയതാണ്. അവര്‍ക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
- Nov 09, 2025 11:04 IST
ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു
ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് മിശാൽ (19 ) ആണ് മരിച്ചത്.ദുബൈയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മിശാലിനെ ഉടൻ ദുബൈ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിൽ സന്ദർശക വിസയിൽ എത്തിയതായിരുന്നു.
- Nov 09, 2025 11:04 IST
വേണുവിന്റെ മരണത്തില്‍ ചികിത്സാപിഴവില്ല, കേസ് ഷീറ്റില്‍ അപാകതകളില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലിരുന്ന രോഗി മരിച്ചതില്‍ ചികിത്സാപിഴവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കിയെന്നുമാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
- Nov 09, 2025 11:03 IST
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: സംസ്‌കൃത വകുപ്പ് മേധാവിക്കെതിരെ കേസ്
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തു. കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം വിഭാഗം മേധാവി ഡോ. സി എന്‍ വിജയകുമാരിക്കെതിരെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയന്റെ പരാതിയിലാണ് കേസ്.
- Nov 09, 2025 11:03 IST
ഗണഗീതത്തില്‍ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി
എറണാകുളം - ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. ഏത് സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ട് പോയി പാട്ട് പാടിപ്പിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനാണ് റിപ്പോര്‍ട്ട് തേടിയത് എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us