Kerala News Today Highlights: കൊച്ചി: വീട്ടമ്മയെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ സീറോ മലബാർ സഭ മാനന്തവാടി രൂപതയിലെ വൈദികന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പൊലീസിന് പരാതി നൽകാൻ വൈകിയതിന് യുവതി പറയുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. സംഭവം നടന്ന് രണ്ടര വർഷം കഴിഞ്ഞാണ് പൊലീസിന് പരാതി നൽകിയത്. യുവതിയുടെ ഭർത്താവ് ബിഷപ്പിന് നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളും പൊലീസിന് നൽകിയ പരാതിയിലെ കാര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Read Also: കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു; ദേവനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു
ചേവായൂർ പള്ളിയിലെ വികാരിയായിരുന്ന വൈദികൻ ഫാദർ മനോജ് പ്ലാക്കുട്ടത്തിൽ യുവതിയെ വീട്ടിലെത്തി ബലാൽസംഗം ചെയ്തെന്നായിരുന്നു പരാതി. 2017 ജുൺ 15 നായിരുന്നു സംഭവം. വൈദികൻ പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം. സാക്ഷികളെ സ്വാധീനിക്കരുതെന്നും വ്യവസ്ഥയുണ്ട്. സംഭവത്തിനു ശേഷം ഭർത്താവിനൊപ്പം വിദേശത്തായിരുന്നപ്പോൾ യുവതി തന്നെ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് വൈദികൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
വൈദികനയച്ച വാട്സാപ്പ് സന്ദേശങ്ങളും മെസേജുകളും കോടതി പരിശോധിച്ചിരുന്നു. യുവതി ഗൾഫിലായിരുന്നപ്പോൾ 18 കോളുകൾ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതി കോടതിയെ അറിയിച്ചിരുന്നു. ബിഷപ്പിന് പരാതി നൽകിയിട്ടും നടപടിയില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും വൈദികനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമിപിച്ചത്.
Live Blog
Kerala News Today Highlights: കേരള വാർത്തകൾ തത്സമയം
അതേസമയം, നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദിഖ് എന്നിവരുടെ വിസ്താരം ഇന്നലെ നടന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസിൽ, സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു.
ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. മൃതദേഹം കുടുംബത്തിനു വിട്ടുനൽകി. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അൽപ്പസമയത്തിനകം ലഭിക്കും. കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ചെളിയും വെള്ളവും കണ്ടെത്തി.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-162 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ND 222441 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ NG 229719 എന്ന ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുകയാണ്. കേരളത്തിൽ ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ താപനിലയിൽ കാര്യമായ മാറ്റമില്ല. കാസർഗോഡ് ജില്ലയിലെ കുഡുലുവിൽ 1.2 മിമി മഴ ലഭിച്ചു. കണ്ണൂർ, പാലക്കാട് ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്.
ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹം കുടുംബത്തിനു വിട്ടുനൽകി. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അൽപ്പസമയത്തിനകം ലഭിക്കും. കുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. ഉപദ്രവിപ്പിക്കപ്പെട്ടതിന്റെയോ ബലംപ്രയോഗിച്ചതിന്റെയോ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി വെള്ളത്തില്‍ വീണതാകാന്‍ സാധ്യതയെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. വസ്ത്രങ്ങളെല്ലാം കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ദേവനന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ മരിച്ച ദേവനന്ദയുടെ ശരീരത്തിൽ മുറിവും ചതവുകളുമില്ല. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല . പോസ്റ്റ്മോര്‍ട്ടം ഉടന്‍ നടത്തും. വീഡിയോയില്‍ ചിത്രീകരിക്കും.
വീടിനു സമീപമുള്ള പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസുകാരി ദേവനന്ദയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നാട്. വിദേശത്തായിരുന്ന അച്ഛൻ പ്രദീപ് ഇന്നു രാവിലെ നാട്ടിലെത്തി. മകളുടെ മൃതദേഹം കണ്ട പ്രദീപ് ബോധംകെട്ടു വീണു. മകളെ കാണാനില്ലെന്ന വാർത്ത അറിഞ്ഞാണ് പ്രദീപ് കേരളത്തിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രദീപ് വീട്ടിലേക്ക് വരുന്ന വഴിയിലാണ് മകൾ മരിച്ച വിവരം അറിഞ്ഞത്.
യുഎപിഎ കേസിൽ അറസ്റ്റിലായ താഹയ്‌ക്ക് ജാമ്യമില്ല. എൻഐഎ കോടതി ജാമ്യാപേക്ഷ തള്ളി. ജാമ്യം അനുവദിക്കരുതെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു.
ദേവനന്ദയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. രാഷ്ട്രീയ പ്രവർത്തകരും സിനിമാ താരങ്ങളും ദേവനന്ദയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ദേവനന്ദയുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേവനന്ദയുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. കൊല്ലം പള്ളിമൺ ഇളവൂരിൽ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ദേവനന്ദയെ കാണാതാകുന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. ഇന്ന് രാവിലെ 7.35 ഓടെ ദേവനന്ദയുടെ മൃതദേഹം വീടിനു അടുത്തുള്ള ഇത്തിക്കരയാറ്റിൽ നിന്നു കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നു കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്തംഗം ഉഷ പറഞ്ഞു. കുട്ടിയുടെ വീട്ടിൽ നിന്നും 700 മീറ്ററോളം അകലമുണ്ട് പുഴയിലേക്ക്. ഇത്ര ദൂരം കുട്ടി തനിച്ചു നടന്നുവരില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാരും അയൽവാസികളും പറയുന്നു. കൂടുതൽ അന്വേഷണം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുന്നത്. പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിട്ടുണ്ട്.