scorecardresearch
Latest News

Kerala LIVE Highlights: സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു

Kerala News June 10 Highlights: നിപ രോഗലക്ഷണങ്ങളോടെ എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾക്ക് പരിശോധനയിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

Kerala LIVE Highlights: സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു

Kerala News June 10 Highlights: തിരുവനന്തപുരം: ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് സംസ്ഥാനത്തിന് മാറ്റം വന്നിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ മൂന്നുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിനടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇന്നു തീവ്രന്യൂനമർദമായി ഇത് മാറാനിടയുണ്ടെന്നും പിന്നീട് ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറു ദിശയിലേക്കു നീങ്ങുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. ലക്ഷദ്വീപിനോടു ചേർന്ന അറബിക്കടൽ മേഖലയിലും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ്, കേരള-കർണാടക തീരം എന്നിവിടങ്ങളിൽ ഇന്നുമുതൽ 13 വരെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ഈ മേഖലയിൽ പോകരുത്.

അതേസമയം, കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. കണ്ണൂരും കോഴിക്കോട്ടും ഇന്നു വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ തിരുവനന്തപുരത്ത് വലിയ തുറയിലുണ്ടായ കടൽക്ഷോഭത്തിൽ ഇരുനിലക്കെട്ടിടം തകർന്നു വീണു.

അതിനിടെ, സംസ്ഥാനത്തുനിന്നും നിപ വൈറസ് ബാധ അകലുന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്നലെ നിപ രോഗലക്ഷണങ്ങളോടെ എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾക്ക് പരിശോധനയിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. നിലവിൽ മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലുള്ള 7 പേർക്കും നിപ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി കലക്ടർ മുഹമ്മദ് സഫിറുല്ല പറഞ്ഞു.

Live Blog

Kerala News June 10 LIVE Updates


21:48 (IST)10 Jun 2019

സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും

19:56 (IST)10 Jun 2019

രാജ്യത്ത് മോദി പേടിയുണ്ട്, എന്നാൽ കേരളത്തിൽ പിണറായി പേടിയില്ല: മുഖ്യമന്ത്രി

രാജ്യത്ത് മോദി പേടിയുള്ളത് പോലെ സംസ്ഥാനത്ത് പിണറായി പേടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത് പോലത്തെ സ്ഥിതി കേരളത്തിൽ ഇല്ലായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മോദിപ്പേടി പോലെ സംസ്ഥാനത്ത് പിണറായിപ്പേടിയുമുണ്ടെന്ന യുഡിഎഫ് എംഎൽഎ കെ.സി. ജോസഫ് ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. Read More

19:54 (IST)10 Jun 2019

കണ്ണൂർ ഇന്റർനാഷണൽ എയര്പോര്ട് പ്രോഗ്രസ്സ് കാർഡ്

2018 ഡിസംബർ മാസം 9 ആം തിയതി പ്രവർത്തനം ആരംഭിച്ച എയര്പോര്ട്ടുവഴി അതെ മാസം 31269 യാത്രക്കാർ യാത്ര ചെയ്തു. മിലിട്ടറി/ട്രെയിനിങ് ഫ്ലൈറ്റ് മൂവേമെന്റുകൾ ഒഴിച്ച് നിർത്തിയാൽ ആകെ 227 ഫ്ലൈറ്റ് മൂവേമെന്റുകൾ ഉണ്ടായി. ഇന്റർനാഷണൽ യാത്രക്കാർ 15260 ഉം  പ്രാദേശിക ആഭ്യന്തര യാത്രക്കാർ  16009 ഉം  ആയിരുന്നു.എന്നാൽ ജനുവരി മാസം ആകെ 51119 യാത്രക്കാർ യാത്ര ചെയ്തു. ഇത് ആദ്യ  മാസത്തേക്കാൾ ഏകദേശം 40 ശതമാനത്തിൽ അധികം  ആണ്. ആകെ ഫ്‌ളൈറ്റ് മൂവേമെന്റുകൾ ഇരട്ടിയായി വർദ്ധിച്ചു.

19:17 (IST)10 Jun 2019

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; പരസഹായമില്ലാതെ നടന്ന് തുടങ്ങി

നിപ രോഗം ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. പരസഹായമില്ലാതെ യുവാവ് നടക്കാൻ തുടങ്ങിയതായി എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. അതേസമയം നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ കൂടി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. Read More

18:49 (IST)10 Jun 2019

ശബരിമല: പമ്പയിൽ പാർക്കിങ് അനുവദിക്കണമെന്നാവശ്യം

കൊച്ചി: ശബരിമല തീർത്ഥാടകർക്ക് പമ്പയിൽ പാർക്കിങ് അനുവദിക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ശുപാർശയുമായി ഹൈക്കോടതിക്ക് റിപ്പോർട്ട്. ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷ്ണറാണ് റിപ്പോർട്ട് നൽകിയത്. നിലയ്ക്കൽ പാർക്കിങ് കേന്ദ്രമാക്കിയതോടെ തീർത്ഥാടകർ ദുരിതമനുഭവിക്കുകയാണന്നും പമ്പയിലെ നിയന്ത്രണം നീക്കണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. റിപ്പോർട്ടിൽ പ്രാഥമിക വാദം കേട്ട കോടതി കേസ് ഈ മാസം 25 ലേക്ക് മാറ്റി

17:59 (IST)10 Jun 2019

പാളത്തിലെ അറ്റകുറ്റപ്പണി: ഏറനാട് എക്സപ്രസിന് നിയന്ത്രണം

പാളത്തിലെ അറ്റക്കുറ്റപ്പണി മൂലം ട്രെയിൻ നമ്പർ. 16606 നാഗർകോവിൽ-മാംഗ്ലൂർ സെൻട്രൽ ഏറനാട് എസ്ക്പ്രസ് പാലക്കാട് ഡിവിഷനിൽ 11, 15 തീയതികളിൽ 1 മണിക്കൂർ 10 മിനിറ്റ് പിടിച്ചിടും. ഈ ദിവസങ്ങളിൽ 1 മണിക്കൂർ 10 മിനിറ്റ് വൈകിയായിരിക്കും ട്രെയിൻ മാംഗ്ലൂർ സെൻട്രലിൽ എത്തിച്ചേരുക

17:47 (IST)10 Jun 2019

തൃശൂർ ജില്ലയിൽ 11 മുതൽ 14 വരെ യെല്ലോ അലർട്ട്

തൃശൂർ ജില്ലയിൽ ജൂൺ 11, 12, 13, 14 തീയതികളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഈ ദിിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് പ്രവചനം. ജൂൺ 12 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചു.

17:46 (IST)10 Jun 2019

ഭാരതപ്പുഴയിൽ രണ്ട് പേർ മുങ്ങിമരിച്ചു

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ പൈക്കുളം വില്ലേജിൽ തൊഴുപ്പാടം ദേശത്ത് ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. മോഹൻദാസ് (47), രാജേഷ് (26) എന്നിവരാണ് മരിച്ചത്.

17:19 (IST)10 Jun 2019

തിരുവനന്തപുരത്ത് ശക്തമായ കടൽ ക്ഷോഭം

വലിയതുറ പ്രദേശത്ത് കടൽക്ഷോഭത്തിൽ പത്തോളം വീടുകൾ തകർന്നു. തുടർ ദിവസങ്ങളിലും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോ: മാഹീൻ ഹസ്സൻ
ഫോട്ടോ: മാഹീൻ ഹസ്സൻ

16:35 (IST)10 Jun 2019

കേരളത്തിൽ പലയിടത്തും ശക്തമായ മഴ

കാലവർഷം കേരളത്തിൽ വരവറിയിച്ചതോടെ സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും ശക്തമായ മഴ. എറണാകുളം ജില്ലയിലെ പിറവത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 14 സെന്റിമീറ്റർ. ആലപ്പുഴയിലും ചേർത്തലയിലും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിലും 11 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. Read More

16:35 (IST)10 Jun 2019

സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രകാശനം ചെയ്യും

നാലാംവർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പ്രോഗ്രസ് റിപ്പോർട്ട് നൽകി പ്രകാശനം നിർവഹിക്കും. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.

16:02 (IST)10 Jun 2019

റോഡ് സുരക്ഷയിൽ ആദ്യം സ്വയം ബോധവാൻമാരാകണം: മന്ത്രി സി.രവീന്ദ്രനാഥ്

റോഡ് സുരക്ഷയിൽ ആദ്യം സ്വയം ബോധവാൻമാരായ ശേഷം മറ്റുള്ളവരെയും ബോധ്യപ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. തിരുവനന്തപുരത്ത് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാവാരാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷയെക്കുറിച്ച് മനസിലാക്കാൻ ആദ്യം വിദ്യാർത്ഥികളാകണം. ശേഷം മറ്റുള്ളവരെ ബോധവാന്മാരാക്കാൻ അധ്യാപകരുമാകണം. സുരക്ഷിത യാത്രയ്ക്കുള്ള ഇടമാണ് റോഡ് എന്ന് നാം ഉറപ്പുവരുത്തണം.
ഇടതു വശം ചേർന്നു പോകുക എന്ന നിയമമാണ് ആദ്യം പാലിക്കേണ്ടത്. എന്നാൽ ഭൂരിഭാഗം പേരും ഇത് പാലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

15:19 (IST)10 Jun 2019

തിരുവനന്തപുരത്ത് വലിയ തുറയിലുണ്ടായ കടൽക്ഷോഭത്തിൽ വീടുകൾ തകർന്നനിലയിൽ

15:04 (IST)10 Jun 2019

പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ ബസിലടക്കം ഇടിച്ച് ഒരാൾ മരിച്ചു

പെരുമ്പാവൂർ മാറമ്പളളിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ ബസിലടക്കം ഇടിച്ച് ഒരാൾ മരിച്ചു. ഇടുക്കി വണ്ടൻമേട് സ്വദേശി കരിമ്പാനയ്ക്കൽ ജോസഫ് ചാക്കോ (51) ആണ് മരിച്ചത്. രാവിലെ പത്തുമണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ ആദ്യം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ഈ കാർ ഒരു സ്കൂള്‍ ബസില്‍ ചെന്നിടിച്ചു. അപകട സമയത്ത് ബസിനകത്ത് കുട്ടികളില്ലായിരുന്നതിനാല്‍ വൻ അപകടം ഒഴിവായി.

14:56 (IST)10 Jun 2019

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രതീക്ഷിക്കുന്നതിലും വൈകുമെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രതീക്ഷിക്കുന്നതിലും വൈകുമെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുലിമുട്ട് നിർമ്മാണത്തിലെ കാലതാമസവും പാറ കിട്ടാനില്ലാത്തതുമാണ് വിഴിഞ്ഞം പദ്ധതിയെ വൈകിപ്പിക്കുന്നത്. പാറ ലഭ്യമാക്കേണ്ടത് അദാനി കമ്പനിയാണ്. നാലു തവണ കമ്പനി സാവകാശം തേടിയതായും നാലു തവണയും സർക്കാർ നിരാകരിച്ചതായും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.

14:36 (IST)10 Jun 2019

പി.വി.അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിലേക്കുളള തടയണ പൊളിച്ചുനീക്കിയില്ല

പി.വി.അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിലേക്ക് വെള്ളമെടുക്കാൻ നിർമ്മിച്ച തടയണ കാലവർഷത്തിനു മുൻപ് പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. തടയണയിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്ന് സ്ഥല പരിശോധന നടത്തിയ ജില്ലാ ജിയോളജിസ്റ്റ് റിപ്പോർട് നൽകി. രണ്ടു മാസം മുൻപ് നൽകിയ റിപ്പോർടിലെ വിവരങ്ങൾ തന്നെയാണ് ഈ മാസം 7 ന് സ്ഥലപരിശോധന നടത്തിയ ശേഷം ജിയോളജിസ്റ്റ് നൽകിയിരിക്കന്നത്. 

14:29 (IST)10 Jun 2019

തിരുവനന്തപുരത്ത് വലിയ തുറയിലുണ്ടായ കടൽക്ഷോഭത്തിൽ വീടുകൾ തകർന്നനിലയിൽ

ഫോട്ടൊ: മഹിൻ ഹസ്സൻ

14:09 (IST)10 Jun 2019

KEAM 2019 Rank List: എൻജനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഇടുക്കി സ്വദേശിക്ക് ഒന്നാം റാങ്ക്

എൻജനീയറിങ്/ഫാര്‍മസി/ആര്‍ക്കിടെക്ചര്‍ പ്രവേശന പരീക്ഷാ ജേതാക്കളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്, ആക്വിബ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. Read More

14:06 (IST)10 Jun 2019

മരടിലെ ഫ്ലാറ്റുകൾ തൽക്കാലം പൊളിക്കേണ്ട: സുപ്രീം കോടതി ഉത്തരവ്

എറണാകുളം മരടിലെ ഫ്ലാറ്റുകള്‍ തല്‍ക്കാലം പൊളിക്കേണ്ടെന്ന് സുപ്രീം കോടതി. ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാമെന്ന് കോടതി ഉത്തരവിട്ടു. ആൽഫാ സെറീൻ അപ്പാർട്മെന്റിലെ 32 താമസക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്ര്, ആൽഫാ വെഞ്ചേഴ്സ് എന്നിവ പൊളിച്ചു നീക്കാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

13:35 (IST)10 Jun 2019

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് തിരിമറി: വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച്

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് തിരിമറിയിൽ സമഗ്രമവും വിശദവുമായ അന്വേഷണം ആവശ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച്.
അന്വേഷണം പുരോഗമിക്കുകയാണന്നും കുടുതൽ സമയം വേണെമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസ് കോടതി 16 ലേക്ക് മാറ്റി. ലോക്സഭാ തിരഞ്ഞടുപ്പിൽ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകളിൽ സിപിഎം അനുകൂല സംഘടനയായ പൊലീസ് അസോസിയേഷൻ നേതാക്കൾ തിരിമറി നടത്തിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് ഐജി എസ്.ശ്രീജിത് സാവകാശം തേടിയത്. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ വരണാധികാരികളിൽ നിന്ന് രേഖകൾ ലഭിക്കാനുണ്ടന്നും ക്രൈംബ്രാഞ്ച് ബോധിപ്പിച്ചു.

12:59 (IST)10 Jun 2019

കലാകാരൻ ഗിരീഷ് കര്‍ണാടിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

12:49 (IST)10 Jun 2019

സഹകരണ മേഖലയില്‍ നിന്ന് സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

സഹകരണ മേഖലയിൽ നിന്ന് സർഫാസി നിയമം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് Read More

12:19 (IST)10 Jun 2019

തിരുവനന്തപുരത്ത് വൈദ്യുതി ലൈന്‍ പൊട്ടി വെളളക്കെട്ടില്‍ വീണു; ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം Read More

12:18 (IST)10 Jun 2019

നിപ വൈറസ്: വവ്വാലുകളുടെ സ്രവം ശേഖരിച്ചു

പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നുള്ള രണ്ടാമത്തെ സംഘവും കേരളത്തിലെത്തി. സംഘം പന്നിഫാമുകളില്‍നിന്ന് പന്നികളുടെ രക്തസാമ്പിളുകളും ശേഖരിക്കുന്നുണ്ട്. തൊടുപുഴ, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പന്നി വളര്‍ത്തുന്ന വീടുകളിലും പന്നി ഫാമുകളിലും നിരീക്ഷണം നടത്താനും അസ്വാഭാവിക രോഗങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Read More

മൂന്നു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ ഡൽഹിക്ക് മടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വോട്ടർമാർക്ക് നന്ദി പറയാനായി സ്വന്തം മണ്ഡലത്തിൽ എത്തിയ രാഹുൽ ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് വയനാട് നൽകിയത്. കനത്ത മഴയെ പോലും അവഗണിച്ച് രാഹുൽ ഗാന്ധിയെ കാണാൻ ആയിരങ്ങളാണ് എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിനോട് കാണിക്കുന്ന സ്നേഹം അദ്ദേഹം കേരളത്തോട് കാണിക്കില്ലെന്നും രാഹുല്‍ തുറന്നടിച്ചു. വയനാട് ലോക്‌സഭാ മണ്ഡല പര്യടനത്തിന്റെ ഭാഗമായി ഈങ്ങാംപുഴയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേയും മറ്റുള്ളവയേയും കേന്ദ്ര സര്‍ക്കാര്‍ വേര്‍തിരിച്ച് കാണുന്നു. ഉത്തര്‍പ്രദേശിന് നല്‍കുന്ന പരിഗണന കേരളത്തിന് പ്രധാനമന്ത്രി നല്‍കില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന സിപിഎമ്മോ കോണ്‍ഗ്രസോ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മോദി നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news june 10 politics weather crime traffic train airport police live updates