“ഞങ്ങളൊക്കെ കൂലിപ്പണിക്കുപോവുന്നവരാണ്. കൊടകില്‍ ഇഞ്ചിപ്പണിക്കു പോവും. രാവിലെ ജീപ്പിലാണ് പോവുക. ഇവിടുത്തെ മുതലാളിമാരാണ് അവിടെ ഇഞ്ചി നടുന്നത്. പണി കഴിഞ്ഞ് ഇവിടെ കൊണ്ടുവിടും. ഒരു ദിവസം മുതലാളി പറഞ്ഞു ചില്ലറകിട്ടാത്തതുകൊണ്ട് നാളെ പണിയില്ലെന്ന് അങ്ങിനെയാണ് നോട്ട് നിരോധിച്ചത് ഞങ്ങളറിഞ്ഞത്.” ചേകാടി സ്വദേശി സുബ്രഹ്മണ്യൻ പറഞ്ഞു.
നിരോധനം വന്ന സമയത്ത് ആകെയുള്ള സമ്പാദ്യം മൂന്നു, നാല് ആയിരത്തിന്റെ നോട്ടുണ്ടായിരുന്നു. അതപ്പം തന്നെ മാറ്റിയെടുത്തു. പുല്‍പ്പള്ളിയില്‍ ബാങ്കില്‍ ചെന്നപ്പോൾ മാറ്റിക്കിട്ടി. കുറച്ചു ദിവസം ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. രണ്ടായിരത്തിന്റെ നോട്ടിന് ചില്ലറകിട്ടാത്തതുകൊണ്ട്. നോട്ടു നിരോധിച്ചാല്‍ ഞങ്ങള്‍ക്കെന്താ? ഞങ്ങളുടെ കൈയിലെവിടെ പൈസ. കള്ളപ്പണക്കാരെ പിടിക്കാനാണെന്ന് പിന്നെയാരോ പറഞ്ഞു കേട്ടു. അതും നല്ലതല്ലെ?” സുബ്രഹ്മണ്യൻ ചോദിക്കുന്നു.
വയനാടന്‍ കാട്ടിനുള്ളിലെ ഗ്രാമമാണ് ചേകാടി. ചെക്കെ വയനാട് വനം ഡിവിഷനു കീഴിലെ ചെതലയം റെയിഞ്ചിലാണിത് . ആദിവാസികളാണ് ഭൂരിഭാഗവും. കബനി കടന്നാല്‍ ഒരതിരു കര്‍ണാടകയാണ്. കുറുവദ്വീപിന്റെ അരികിലാണ് ചേകാടി. കൃഷിയാണ് ഉപജീവനം. സമ്പൂര്‍ണ വനഗ്രാമമെന്നു പറയാം. ഭൂവുടമകള്‍ ചെട്ടിമാരാണ്. അടിയര്‍, പണിയര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയവരൊക്കെ കർഷകത്തൊഴിലാളികള്‍. ജനസംഖ്യയില്‍ അടിയര്‍ക്കാണ് മേല്‍ക്കൈ. ഞങ്ങള്‍ കണ്ടവരിലധികവും ഇവര്‍ തന്നെ.
നോട്ട് നിലവില്‍ വന്നതിനുശേഷം ആദിവാസികളുടെ ജീവിതത്തിലെന്ത് മാറ്റമെന്നന്വേഷിക്കാനാണ് ചേകാടിയിലെത്തിയത്. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും എ.ടി.എം. ശാഖകള്‍ക്കു മുന്നില്‍ വരി നിന്ന് കുഴഞ്ഞു വീണവരായിരുന്നു ഇക്കാലത്ത് പ്രധാനമായും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. സൂക്ഷിക്കാന്‍ പണമില്ലാത്തതുകൊണ്ട് ബാങ്കുകള്‍ക്ക് മുന്നിലെ വരിയില്‍ ഈ മനുഷ്യരെ കാര്യമായൊന്നും കണ്ടിട്ടില്ല.
കാളപ്പന്‍, പൊന്ന, നാരായണന്‍, ശോഭ, മക്കള്‍ എല്ലാവരും കൂരയ്ക്കു മുന്നില്‍ അലസതയിലിരുന്ന് മുറക്കുന്ന തിരക്കിലാണ്. കൂരയെന്നു പറഞ്ഞാല്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുമറച്ച കുടില്‍. ‘നോട്ടു നിരധോനമെന്ന് എവിടെയൊക്കെയോ കേട്ടു. ചില്ലറ കിട്ടാനൊക്കെ കുറച്ച് പ്രയാസപ്പെട്ടു. ചില്ലറയില്ലാത്തതുകൊണ്ടി പീടികയില്‍ നിന്നും സാധനം വാങ്ങാന്‍ കൊറച്ചു പ്രയാസപ്പെട്ടു. വീടിതുവരെ പണിതു തീര്‍ത്തിട്ടില്ലെന്ന് തൊട്ടടുത്ത പകുതി ചുമര്‍ തീര്‍ത്ത കെട്ടിടം നോക്കി അവരിലൊരാള്‍ പറഞ്ഞു. “കുറെ വീടിങ്ങിനെ പകുതിയായി കിടക്കുന്നത് കരാറുകാരനും ചില്ലറയില്ലെന്നാ തോന്നുന്നത്’.” ‘അഞ്ചുകിലോ അരിയൊക്കെയെ റേഷന്‍ കടയില്‍ നിന്നു കിട്ടുന്നുള്ളു. അതു തന്നെ നല്ലതുമല്ല’ പൊന്ന പറഞ്ഞു.
പന്നിക്കല്‍ അടിയ കോളനിയിലെ മുതിര്‍ന്നവരില്‍ ഒരാളാണ് ജഡയന്‍. കഴിഞ്ഞ കുറെക്കാലമായി രോഗിയാണ്. ഭാര്യ മാര. പെന്‍ഷന്‍ കിട്ടാന്‍ വൈകിയെന്ന് പരാതി. –മാരയ്ക്കു ബാങ്കില്‍ അക്കൗണ്ടുണ്ടെങ്കിലും ജഡയനില്ല. എല്ലാംകൂടി ഗുലുമാലാവുമോയെന്ന ആശങ്ക പതുങ്ങിയ സ്വരത്തില്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഇരുമുറി കുടിലില്‍ നാലു കുടുംബങ്ങളാണ് താമസം. കുട്ടികള്‍ ഉള്‍പ്പടെ പതിനാലു പേര്‍. ജഡയന്റെയും മാരയുടെയും മകളുടെ നാലുപെണ്‍മക്കള്‍ ഭര്‍ത്താക്കന്മാരോടൊപ്പം ഇവിടെയാണ് താമസം. എന്നു പറഞ്ഞാല്‍ കഴിഞ്ഞുകൂടുന്നത്. ഓര്‍മ്മയില്‍ നിന്നും തപ്പിയെടുത്താണ് കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകളെല്ലാം കുടിലിനകത്തെ ഇരുട്ടില്‍ നിന്നൊരാള്‍ പറഞ്ഞൊപ്പിച്ചത്. ഞങ്ങള്‍ക്കെന്ത് നോട്ടു നിരോധനം എന്ന മറുചോദ്യമാണ് ഇവരുടെ കണ്ണുകളില്‍.
സരോജിനിയുടെ വാക്കുകള്‍ക്കു നല്ല തീര്‍ച്ചയുണ്ട്. ‘ഒരു പ്രയാസവുമില്ല. തൊഴിലുറപ്പു പണിയുള്ളതുകൊണ്ടു ബുദ്ധിമുട്ടൊന്നുമില്ല. ചെട്ടിമാരുടെ തോട്ടത്തിലെ പണിയായിരുന്നു കാര്യമായുണ്ടായിരുന്നത്. തോട്ടങ്ങളൊക്കെ വെറുതെ കിടക്കുകയാ. വയലും അങ്ങിനെ തന്നെ. പച്ചക്കറി നടന്നതുപോലുമില്ല. വയലൊക്കെ മുറിച്ചു വിറ്റു. സരോജിനി പറഞ്ഞു.
നോട്ട് നിരോധനം ജീവിതത്തെ സ്പര്‍ശിക്കാതെ കടന്നുപോയ വലിയ ജനസാമാന്യം വനത്തിനുള്ളിലും പുറമ്പോക്കുകളിലും കഴിയുന്നുണ്ടെന്നും വ്യക്തമാക്കുന്നതാണ് ചേകാടിയിലെ ഈ അനുഭവങ്ങള്‍. അവരിപ്പോഴും ചുമര്‍തീര്‍ത്ത ചോര്‍ന്നൊലിക്കാത്ത വീടുകള്‍ സ്വപ്നം കാണുന്നവരാണ്. അനുകൂലികളും എതിരാളികളും ഇവര്‍ക്കു മുന്നിലവതരിപ്പിച്ച വാദങ്ങള്‍ ഇവര്‍ മുഖവിലക്കെടുത്തിട്ടില്ലെന്ന് നോട്ടു നിരോധനത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. മുന്നിലെ വയലുകളില്‍ കൃഷിയിറക്കുന്നതും കാത്തിരിക്കുകയാണ് ഇവരിലധികവുമിപ്പോഴും. കബനിക്കടവിലെ പലചരക്കുകടക്കാരനായ അലവിക്കുട്ടി ഇവർ പറഞ്ഞതെല്ലാം ശരിവെക്കുന്നുണ്ട്.