കല്ലാർ കമ്പിലൈനിലെ റിസോർട്ടിൽവച്ച് വെട്ടേറ്റ സംഭവത്തിൽ വിശദീകരണവുമായി നടൻ ബാബുരാജ്. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌ത വിഡിയോയിലാണ് ബാബുരാജ് തന്റെ ഭാഗം വിശദീകരിക്കുന്നത്. സംഭവത്തിന്റെ നിരവധി വശങ്ങൾ പ്രചരിക്കുന്നതിനാൽ അതിന്റെ വാസ്‌തവമെന്തെന്ന് അറിയിക്കാനാണ് ഈ ഫെയ്സ്ബുക്ക് വിഡിയോയിൽ വന്നതെന്ന് ബാബുരാജ് പറയുന്നു.

“നാല് വർഷം മുൻപാണ് ഇപ്പോൾ വെട്ടി പരിക്കേൽപ്പിച്ചയാളിൽ നിന്ന് ഈ സ്ഥലം വാങ്ങിയത്. മകളുടെ കല്യാണാവശ്യത്തിന് പണമില്ലെന്ന് പറഞ്ഞ് തന്നെ കൊണ്ട് നിർബന്ധിപ്പിച്ചാണ് സണ്ണിയെന്നയാൾ സ്ഥലം വാങ്ങിപ്പിച്ചത്. ഒരു കരാറുമുണ്ടാക്കാതെ അന്ന് രണ്ട് ലക്ഷം രൂപ അയാൾക്ക് കൊടുത്തു. പിന്നീടാണ് കരാറുണ്ടാക്കിയത്. സണ്ണിയെന്ന പേരിലാണ് ഇയാൾ കരാറുണ്ടാക്കിയത്. ഇയാളുടെ ഭാര്യയും മകളുമെല്ലാം കരാറിൽ ഒപ്പിട്ടിരുന്നു. അഞ്ച് ലക്ഷമായിരുന്നു സ്ഥലത്തിന് വിലയിട്ടത്. കൊടുക്കാനുളള ബാക്കി പണം പിന്നീട് കൊടുത്തു തീർത്തു. എന്നിട്ടും റജിസ്റ്റർ ചെയ്തില്ല. ചില കടലാസുകൾ നൽകാനുണ്ടെന്ന് പറഞ്ഞത് നീട്ടി വെച്ചു”- ബാബുരാജ് വിഡിയോയിൽ പറയുന്നു.

അതിന് ശേഷമാണ് ആ സ്ഥലത്ത് കുളം കുഴിച്ചത്. അതിനിടയ്ക്ക് ഇയാളുടെ സഹോദരിയിൽ നിന്ന് സ്ഥലത്ത് അനധികൃതമായി കുളം കുഴിച്ചെന്ന് പറഞ്ഞ് വക്കീൽ നോട്ടീസ് ലഭിച്ചു. അപ്പോഴാണ് ഈ സ്ഥലം സണ്ണിയുടെ അച്ഛന്റെ പേരിലുളളതായി മനസിലാക്കിയത്. തുടർന്നു കോടതിയിൽ സണ്ണിക്കെതിരെ കേസ് കൊടുത്തു. ആ കേസിൽ സണ്ണിയിപ്പോൾ ജാമ്യത്തിലാണ്. തുടർന്ന് സ്ഥലം റജിസ്റ്റർ ചെയ്ത് തരണമെന്ന് പറഞ്ഞ് മൂന്നാർ കോടതിയെ സമീപിച്ചു. അതിൽ തനിക്കനുകൂലമായ ഇൻജക്ഷൻ ഓർഡർ നിലവിലുണ്ടന്നും ബാബുരാജ് പറഞ്ഞു. കുളം വൃത്തിയാക്കാൻ കോടതിയുടെ ഓർഡറും പൊലീസും ചേർന്ന് എത്തിയപ്പോഴാണ് ഒരു പ്രകോപനവും കൂടാതെ സണ്ണിയെന്നയാൾ ആക്രമിച്ചതെന്ന് ബാബുരാജ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.