തിരുവനന്തപുരം: ഒരു ഇടവേളയ്ക്കു ശേഷം നിയമസഭാ സമ്മേളനത്തിനു ഇന്നു തുടക്കമായി. പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിനാണു ഇന്ന് തുടക്കമായത്. നവംബര്‍ 21 വരെ സമ്മേളനം നടക്കും. 16 ഓര്‍ഡിനന്‍സ് ബില്ലുകളും മറ്റ് പ്രധാന ബില്ലുകളും നിയമസഭാ സമ്മേളനത്തില്‍ പരിഗണനയ്‌ക്കെത്തും.

ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച അഞ്ച് എംഎല്‍എമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിനാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. മഞ്ചേശ്വരത്തു നിന്നു വിജയിച്ച എം.സി.ഖമറുദീന്‍ (യുഡിഎഫ്), എറണാകുളത്തു നിന്നു വിജയിച്ച ടി.ജെ.വിനോദ് (യുഡിഎഫ്), അരൂരില്‍ നിന്നു വിജയിച്ച ഷനിമോള്‍ ഉസ്മാന്‍ (യുഡിഎഫ്), കോന്നിയില്‍ നിന്നു ജയിച്ച കെ.യു.ജനീഷ് കുമാര്‍ (എല്‍ഡിഎഫ്), വട്ടിയൂര്‍ക്കാവില്‍ നിന്നു വിജയിച്ച് വി.കെ.പ്രശാന്ത് (എല്‍ഡിഎഫ്) എന്നിവരാണ് ഇന്നു എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. അഞ്ച് പേരും ആദ്യമായിട്ടാണ് നിയമസഭാംഗത്വം നേടുന്നത്.

Read Also: വാളയാര്‍: മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലും പ്രതിഷേധം

വാശിയേറിയ ഭരണപക്ഷ-പ്രതിപക്ഷ പോരാട്ടത്തിനായിരിക്കും നിയമസഭ സാക്ഷ്യം വഹിക്കുക. വാളയാർ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട സംഭവം, മാർക്കുദാന വിവാദം എന്നിവ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കും. എന്നാൽ, ഉപതിരഞ്ഞെടുപ്പ് ഫലം നൽകുന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. 91 എംഎൽഎമാരുടെ പിന്തുണയോടെ ഭരണം ആരംഭിച്ച സർക്കാരിന് ഉപതിരഞ്ഞെടുപ്പ് പൂർത്തിയായതോടെ നിയമസഭയിലെ അംഗത്വം 93 ആക്കി വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇത് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാണു ഭരണപക്ഷം ശ്രമിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.