തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വീണ്ടും സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. കടകളിൽ പ്രവേശിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് ഫലമോ വേണമെന്ന തരത്തിലുള്ള നിയന്ത്രണങ്ങളിലെ പ്രശ്നങ്ങളാണ് അടിയന്തരപ്രമേയമായി പ്രതിപക്ഷം സഭയിൽ ഉന്നയിക്കുക.
കടകളിൽ പോകാൻ വാക്സിൻ രേഖ വേണമെന്ന ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്നലെ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്നും സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്നും ആയിരുന്നു മന്ത്രിയുടെ പ്രതികരണം. രേഖകൾ ഇല്ലാതെ കടകളിൽ മറ്റും എത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കലക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടായേക്കും. അതേസമയം, നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഴ്ചയിൽ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നതാണ് ഹർജിയിലെ ആവശ്യം.
Also read: കോവിഡ് മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ നിലവിൽ
നിയന്ത്രണങ്ങളിൽ ഇളവു നൽകിയ കാര്യം സർക്കാർ കോടതിയെ ഇന്ന് അറിയിക്കും. എന്നാൽ വാക്‌സിൻ രേഖ വേണമെന്നു തുടങ്ങിയ പുതിയ നിയന്ത്രണങ്ങളിലുള്ള ആശങ്ക വ്യാപാരികൾ കോടതിയെ അറിയിച്ചേക്കും.