മേയ് 21, 2020: തൃശൂർ: കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മുംബൈയിൽ നിന്ന് തൃശൂരിലെത്തിയ എഴുപത്തിമൂന്നുകാരിയാണ് രാത്രി മരിച്ചത്. മുംബൈയിൽനിന്ന് റോഡ് മാർഗമാണ് ഇവർ നാട്ടിലെത്തിയത്.ചാവക്കാട് താലൂക്ക് ആശുപ്ത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണ വരെ മൂന്ന് പേരോടൊപ്പം യാത്ര ചെയ്തുവന്ന ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മകൻ ആംബുലൻസുമായി ചെല്ലുകയും ഇവരെ മേയ് 20 ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനു തീരുമാനിച്ചിരുന്നെങ്കിലും അതിനു മുൻപ് മരണം സംഭവിക്കുകയായിരുന്നു.
ഇവർക്ക് നേരത്തെ തന്നെ പ്രമേഹവും രക്താദിമർദവും ശ്വാസതടസവും ഉണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോവിഡ് ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരുടെ മകനും ആംബുലൻസ് ഡ്രെെവറും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇന്നുമാത്രം കേരളത്തിൽ 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകുന്നു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ വിദേശത്തു നിന്നും (യുഎഇ-എട്ട്, കുവൈറ്റ്-നാല്, ഖത്തര്‍-ഒന്ന്, മലേഷ്യ-ഒന്ന്) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-അഞ്ച്, തമിഴ്‌നാട്-മൂന്ന്, ഗുജറാത്ത്-ഒന്ന്, ആന്ധ്രപ്രദേശ്-ഒന്ന്) വന്നതാണ്. സമ്പർക്കം മൂലം ഇന്ന് ആർക്കും രോഗം ബാധിച്ചിട്ടില്ല.
Read Also: ക്വാറന്റെയിനായിരിക്കും, എങ്കിലും അവനിങ്ങെത്തിയാൽ മതി: മല്ലിക സുകുമാരന്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്നും അഞ്ച് പേരുടെയും (ഒരാൾ മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ രോഗമുക്തരായി. എയര്‍പോര്‍ട്ട് വഴി 5,495 പേരും സീപോര്‍ട്ട് വഴി 1,621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചു.
വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിലാണ്. 79,611 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെെനിലും 527 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 49,833 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാംപിൾ ഉള്‍പ്പെടെ) സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 48,276 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 6540 സാംപിളുകൾ ശേഖരിച്ചതില്‍ 6265 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1798 സാംപിളുകളാണ് പരിശോധിച്ചത്.
Read Also: സ്‌പ്രിൻക്ലർ: സ്വകാര്യ വിവരങ്ങളിൽ കമ്പനിക്ക് നേരിട്ടു പ്രവേശനമില്ലെന്ന് സർക്കാർ
ഇന്ന് പുതുതായി മൂന്ന് പ്രദേശങ്ങളെക്കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ. അതേ സമയം എട്ട് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.