തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കോർപറേഷനിലെ ബന്ധുനിയമന വിവാദത്തിൽ യൂത്ത് ലീഗ് അദ്ധ്യക്ഷൻ പി.കെ.ഫിറോസിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീൽ വീണ്ടും രംഗത്ത്. ഇന്ന് തന്നെ രണ്ടാമത്തെ പത്രസമ്മേളനമാണ് മന്ത്രി ഈ വിഷയത്തിൽ വിളിച്ചു ചേർത്തത്.

ആനുകൂല്യങ്ങൾ കുറച്ച് വാങ്ങി ഒരാൾ ജോലിക്ക് തയ്യാറാകുന്നത് ഏത് അർത്ഥത്തിലാണ് അഴിമതിയാവുക എന്ന് മന്ത്രി ചോദിച്ചു. പതിനായിരം രൂപയോളം അദ്ദേഹത്തിന് വേതനത്തിൽ കുറവുണ്ട്. ന്യൂനപക്ഷ കോർപറേഷനിൽ എംഡി നിയമനത്തിന് മാത്രമാണ് വിജിലൻസ് വകുപ്പിന്റെ അനുമതി വേണ്ടതെന്നും മന്ത്രി വിശദീകരിച്ചു.

“ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്”, ജലീലിനും ജയരാജനും എതിരെ ആഞ്ഞടിച്ച് ഫിറോസ്

“ഡെപ്യൂട്ടേഷനിലാണ് നിയമനം. അതും ഒരു വർഷത്തെ കരാറാണ്. വായ്പ തിരിച്ചുപിടിക്കുന്നതിന് വേണ്ടിയിട്ടാണ് ഈ നിയമനം നടത്തിയിരിക്കുന്നത്. കൊടുവളളി ഭാഗത്താണ് കൂടുതൽ പേർ വായ്പ തിരിച്ചടക്കാനുളളത്. യുഡിഎഫ് കാലത്ത് ലെഡ്‌ജറുകളിൽ എഴുതിയാണ് വായ്പ നൽകിയത്. ഇതിന് കൈയ്യും കണക്കുമില്ല,” മന്ത്രി പറഞ്ഞു.

കെ.ടി.ജലീലിന്റേത് സ്വജനപക്ഷപാതം, രാജിവയ്ക്കണം: രമേശ് ചെന്നിത്തല

“കോർപറേഷനെ കംപ്യൂട്ടർവത്കരിക്കണം. എല്ലാ വായ്പകളും തിരിച്ച് പിടിക്കണം, ഓഡിറ്റിങ് കൃത്യമായി നടത്തണം. ഇതിനൊക്കെ വേണ്ടിയാണ് മികച്ച ഓഫീസറെ നിയമിച്ചത്. പണം പിരിക്കുകയും മുക്കുകയും ചെയ്യുന്നത് എന്നും ലീഗിന്റെ ശീലമാണ്. കടം വാങ്ങിയാൽ തിരിച്ച് കൊടുക്കാത്തവരാണവർ,” മന്ത്രി വിമർശിച്ചു.

ഇന്ന് രാവിലെ ബന്ധു നിയമന വിവാദത്തിൽ ജലീൽ നടത്തിയ പത്രസമ്മേളനത്തിന് മറുപടിയായി വൈകിട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് മറുപടി നൽകിയിരുന്നു. ഇതിനോട് പ്രതികരിച്ചാണ് വീണ്ടും മന്ത്രി രംഗത്ത് വന്നത്.

ആളില്ലാത്തതുകൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന് കെ.ടി.ജലീല്‍

“കുഞ്ഞാലിക്കുട്ടി സാഹിബിനെ ഞാൻ പരാജയപ്പെടുത്തിയ കാലം മുതൽ ലീഗ് ഞാൻ രാജിവയ്ക്കണം എന്നാണ് ആവശ്യപ്പെടുന്നത്. എനിക്കെതിരെ അവർ അന്ന് മുതലേ സമരം ചെയ്യുന്നുണ്ട്. കുടുംബശ്രീയിൽ അഴിമതിയെന്ന് ആരോപിച്ച് എനിക്കെതിരെ വിജിലൻസ് പരാതി കൊടുത്തിട്ട് എന്തായി? ഇപ്പോൾ മറ്റൊന്നുമായി വരുന്നു. ഇതൊന്നും കണ്ട് ഒരിഞ്ച് പോലും പിന്നോട്ടില്ല. വായ്‌പ തിരിച്ച് പിടിക്കുക തന്നെ ചെയ്യും,” ജലീൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.