തിരുവനന്തപുരം: കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുൻ കലക്ടർ എൻ.പ്രശാന്തിനെ നിയമിക്കാനുള്ള നീക്കത്തിനെതിരെ ബിജെപിയിൽ പ്രതിഷേധം. ഇക്കാര്യം മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എൻ.പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കേന്ദ്രത്തിന് കത്തയച്ചതായാണ് വിവരം. മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പ്രവർത്തിച്ചവരെ ബിജെപി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിക്കരുതെന്ന മോദിയുടെ നിർദേശം മറികടന്നതായാണ് കുറ്റപ്പെടുത്തൽ.
കലക്ടർ ബ്രോ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന എൻ.പ്രശാന്ത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേന്ദ്രത്തിൽ നടപ്പിലാക്കുന്ന വിനോദസഞ്ചാര പദ്ധതികൾക്ക് മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥൻ വേണമെന്ന നിലപാടിനെ തുടർന്നാണ് എൻ.പ്രശാന്തിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്നാണ് വിവരം.