തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബിൽ നിയമമായി. ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെയാണ് സംസ്ഥാനത്തെ നിയമമായത്. നേരത്തെ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ ഗവർണർ മടക്കിയിരുന്നു. അതിനു പിന്നാലെ ഗവർണർ സർക്കാർ പോര് രൂക്ഷമാകുകയും ചെയ്‌തു. എന്നാൽ, ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ സർക്കാരിന്റെ വലിയ ആശങ്ക മാറികിട്ടി. നിയമസഭാ പാസാക്കിയ ബില്ലിലാണ് ഗവർണർ ഒപ്പിട്ടത്.
ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതോടെ നിയമനിർമാണവുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനിച്ചത്. തദ്ദേശമന്ത്രി എ.സി.മൊയ്തീൻ നേരിട്ടും രണ്ട് തവണ രേഖാമൂലവും വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ ഗവർണർ സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തതോടെ സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.
Read Also: സേതുരാമയ്യർ കെെ പിറകിൽ കെട്ടിയതിനു പിന്നിൽ; രഹസ്യം വെളിപ്പെടുത്തി സംവിധായകൻ
ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബിൽ കൊണ്ടുവരുമ്പോഴും എന്തെങ്കിലും തടസങ്ങൾ ഉന്നയിക്കുമോ എന്ന് സർക്കാരിനു ആശങ്കയുണ്ടായിരുന്നു.
വാർഡ് വിഭജന ബിൽ കേന്ദ്ര നിയമത്തിന് എതിരല്ലെന്നാണ് സർക്കാർ പറയുന്നത്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ 31 വോട്ടിനെതിരെ 73 വോട്ടുകൾക്കാണ് കേരള മുൻസിപാലിറ്റി നിയമ ഭേദഗതി ബിൽ പാസാക്കിയത്.