കൊച്ചി: മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള 17 എംപിമാര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക്. മൂന്ന് എംപിമാര്‍ ഒഴികെ മറ്റെല്ലാവരും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പിട്ടു. വയനാട് എംപി രാഹുല്‍ ഗാന്ധി, കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്‍, തൃശൂര്‍ എംപി ടി.എന്‍.പ്രതാപന്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിടാത്ത മൂന്ന് പേര്‍. കേരളത്തില്‍ ഇല്ലാത്തതിനാലാണ് രാഹുല്‍ ഗാന്ധിക്ക് കത്തില്‍ ഒപ്പിടാന്‍ സാധിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധി ഒഴികെയുള്ള രണ്ട് പേരും അഭിപ്രായ വ്യത്യാസമുള്ളതിനാലാണ് കത്തില്‍ ഒപ്പിടാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മരട് വിഷയത്തില്‍ ടി.എന്‍.പ്രതാപനും എന്‍.കെ.പ്രേമചന്ദ്രനും വ്യത്യസ്ത നിലപാടാണെന്നും അതിനാലാണ് ഒപ്പിടാത്തതെന്നും വാര്‍ത്തകളുണ്ട്. മരടിലേത് പരിസ്ഥിതി പ്രശ്നം കൂടിയായതിനാല്‍ തനിക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്ന് ടി.എന്‍.പ്രതാപന്‍ മറ്റു എംപിമാരെ അറിയിച്ചു എന്നാണ് വിവരം. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉള്ളതിനാല്‍ എന്‍.കെ.പ്രേമചന്ദന്‍ എംപിയും കത്തില്‍ ഒപ്പിടാന്‍ തയ്യാറായില്ല.

Read Also: നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷമാക്കാന്‍ 700 അടി നീളമുള്ള കേക്ക്; തൂക്കം കേട്ടാല്‍ ഞെട്ടും!

കേരളത്തിൽ നിന്നുള്ള ഏക ഇടത് എംപിയായ എ.എം.ആരിഫ് കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. എറണാകുളം എംപി ഹെെബി ഈഡനാണ് എംപിമാരെ ഏകോപിപ്പിച്ച് കത്തയക്കാൻ നടപടികൾ സ്വീകരിച്ചത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

മരടിലെ ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. മരട് നഗരസഭയ്ക്ക് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഫ്‌ളാറ്റുകള്‍ നിയമാനുസൃതം ഉടമകള്‍ക്ക് വിറ്റതാണെന്നും ഇനി ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും നഗരസഭയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഉടമകള്‍ തന്നെയാണ് ഫ്ലാറ്റിന് നികുതി അടയ്ക്കുന്നതെന്നും തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് നിർമാതാക്കള്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook