ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്കെതിരെ എംപിമാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. കേരളത്തിലെ കോൺഗ്രസ് എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിലേക്കു നടത്തിയ മാർച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കയ്യേറ്റം ചെയ്തതായും മർദിച്ചതായും എംപിമാർ ആരോപിച്ചു.
മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ എംപിമാർ ശ്രമിച്ചു. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു. തുടർന്നാണ് പൊലീസ് അതിക്രമം നടത്തിയത്. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദനമേറ്റു. പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപൻ, കെ മുരളീധരൻ തുടങ്ങിയവരെ പൊലീസ് പിടിച്ചു തള്ളി. തനിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായതായും വനിതാ പൊലീസുകാർ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പോലീസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആരോപിച്ചു. സംഭവം യുഡിഎഫ് പാർലമെന്റിൽ ഉന്നയിച്ചു. ഇതേത്തുടർന് എന്താണ് സംഭവിച്ചതെന്ന് എഴുതി നൽകാൻ സ്പീക്കർ ആവശ്യപ്പെട്ടു. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിലാണ് പൊലീസ് അതിക്രമം.
സിൽവർലൈൻ പദ്ധതി വേഗത്തിലാക്കാൻ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലായിരുന്നു എംപിമാരുടെ പ്രതിഷേധം. അതേസമയം, കയ്യേറ്റ ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു. എംപിമാര്‍ തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ വിസമ്മതിച്ചുവെന്നു പൊലീസ് പറഞ്ഞു.
“മാധ്യമ പുൽത്തകിടി ഭാഗത്തുനിന്ന് കുറച്ച് ആളുകൾ മലയാളത്തിൽ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നോർത്ത് ഫൗണ്ടൻ ബാരിക്കേഡ് പോയിന്റിലേക്ക് വന്നു. ഇവരെ ജീവനക്കാർ തടഞ്ഞു. എംപിമാരാണെന്ന് അവകാശപ്പെട്ട് അവർ ബഹളം തുടർന്നു. ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. തുടർന്ന്, എംപിമാരെ തിരിച്ചറിയാൻ പാർലമെന്റിന്റെ ഒന്നാം നമ്പർ ഗേറ്റിലെ സുരക്ഷാ പിക്കറ്റിൽനിന്ന് ജീവനക്കാരെ വിളിച്ചുവരുത്തി. ജീവനക്കാർ വന്ന് അവരെ തിരിച്ചറിഞ്ഞു. തുടർന്ന് എംപിമാരെ മുന്നോട്ടുപോകാൻ അനുവദിച്ചു,” ഡൽഹി പൊലീസ് പിആർഒ സുമൻ നൽവ പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു.
Also Read: സിൽവർലൈൻ: കോട്ടയത്ത് പ്രതിഷേധം; നട്ടാശേരിയിൽ 100 പേർക്കെതിരെ കേസ്