/indian-express-malayalam/media/media_files/2025/11/05/votter-list-sir-election-poll-2025-11-05-19-18-40.jpg)
Express photo by Amit Mehra
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ (എസ്ഐആർ) സുപ്രീം കോടതിയെ സമീപിക്കാൻ കേരളം. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സര്‍വകക്ഷി യോഗത്തിലാണ്, കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നതിനെ നിയമപരമായി നേരിടാൻ തീരുമാനമായത്.
സർക്കാർ തീരുമാനത്തെ ബിജെപി ഒഴികെ യോഗത്തിൽ പങ്കെടുത്ത കക്ഷികൾ പിന്തുണച്ചതായാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്‌ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയോട് യോജിക്കുന്നുവെന്നും സർക്കാർ കോടതിയിൽ പോയാൽ കക്ഷിചേരാൻ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യോഗത്തിൽ പറഞ്ഞു.
Also Read: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; വോട്ടർമാർ അറിയേണ്ടതെല്ലാം
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കിയ വോട്ടർപട്ടിക നിലവിലുണ്ടെന്നും, 2002 ലെ പട്ടിക അടിസ്ഥാനമാക്കി തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം അടക്കം 12 സംസ്ഥാനങ്ങളിലാണ് രണ്ടാം ഘടത്തിൽ എസ്ഐആർ നടപ്പാക്കുന്നത്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ടാം ഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്ഐആറിനെതിരെ നേരത്തെ ഭരണപക്ഷവും പ്രതിപക്ഷവും കൊണ്ടുവന്ന സംയുക്ത പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു. തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണെന്നും സുതാര്യമായി വോട്ടർപട്ടിക പുതുക്കൽ നടത്തണമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ ഇന്നലെ മുതൽ എസ്ഐആർ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബിഎൽഒമാർ വീടുകൾ സന്ദർശനം തുടങ്ങിയിട്ടുണ്ട്. പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമായത്. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. നടപടികൾ ഒരുമാസത്തോളം നീളും. പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. ഡിസംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കുക. അതേസമയം, എസ്ഐആർ നടപ്പാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Read More:ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന നിലയിൽ; സംഭവം അങ്കമാലിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us