തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം. പത്ത് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത.

കോട്ടയം എറണാകുളം ഇടുക്കി തൃശൂർ പാലക്കാട മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

രാവിലെയുണ്ടായ ശക്തമായ കാറ്റിൽ കാസർഗോഡ് അടുക്കത്ത്ബയൽ ബീച്ചിൽ സത്യനാരായണ മഠത്തിനു സമീപം 12 വീടുകൾ ഭാഗികമായി തകർന്നു.

അറബിക്കടലിൽ ശക്തമായ കാലവർഷക്കാറ്റ് വീശുന്നതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പേപ്പാറ ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 5 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 10 ന് ഇരു ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് (മൊത്തം 20 സെ.മീ) ജില്ലാ കളക്ടർ അറിയിച്ചു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ പാലക്കാട് മലമ്പുഴ, പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. വയനാട് ബാണാസുര സാഗർ അണക്കെട്ടും തുറന്നു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടുതലാണ്. കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. മലങ്കര ഡാമിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി.

Read More: മഴ ശക്തം, അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; വിവിധ ഡാമുകൾ തുറന്നു

മലങ്കര ഡാമിന്റെ ഷട്ടറുകൾ രണ്ട് ഘട്ടമായി 20 സെന്റീമീറ്റർ കൂടി ഉയർത്തും. ഇതോടെ 150 ക്യുമിക്‌സ് വെള്ളം പുറത്തേയ്ക്ക് ഒഴുകും. നിലവിൽ ഡാമിന്റെ ആറ് ഷട്ടറുകളും 40 സെന്റീമീറ്റർ ഉയർത്തി 100 ക്യുമിക്‌സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വരുന്നു. തൊടുപുഴ , മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ബാണാസുര അണക്കെട്ടിന്റെ ഷട്ടർ 15 സെന്റിമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. 12.27 ക്യുമിക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്.

ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതു സംബന്ധിച്ച നിർദേശം നേരത്തെ തീരത്തുള്ളവർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. ജില്ല എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നും കർശന നിർദ്ദേശമുള്ളതിനാൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഇതു സംബന്ധിച്ച ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.