തിരുവനന്തപുരം: മഴ കനത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് രാവിലെ 9 മണിക്ക് തുറന്നു. മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെൻറീമീറ്റർ വീതമാണ് തുറന്നത്. മലമ്പുഴ 113.59 മീറ്ററും(പരമാവധി 115.06 മീറ്റർ), പോത്തുണ്ടി 106.2 മീറ്ററുമാണ്(പരമാവധി 108.204 മീറ്റർ), നിലവിലെ ജലനിരപ്പ്.
ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം നേരത്തെ തീരത്തുള്ളവർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. ജില്ല എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നും കർശന നിർദ്ദേശമുള്ളതിനാൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഇതു സംബന്ധിച്ച ജാഗ്രത പുലർത്തണമെന്നും ജില്ലാകലക്ടർ അറിയിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ശേഷം ഷട്ടറുകള്‍ തുറന്ന് 50 ക്യുബിക് മീറ്റര്‍ ജലം വീതം പുറത്ത് വിടും. നിലവില്‍ 774.30 മീറ്ററാണ് ബാണാസുര സാഗറിലെ ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 775.60 മീറ്ററും. ഷട്ടറുകള്‍ തുറക്കുന്നതോടെ അണക്കെട്ടിന്റെ താഴ്വാരത്തെ കമാന്‍തോട്, പനമരം പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് 25 സെമീ മുതല്‍ 60 സെമീ വരെ ഉയരാന്‍ സാധ്യതയുണ്ട്.
പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ കനത്ത മഴയാണ് ഇവിടെ പെയ്യുന്നത്. വയനാട് ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്കും പൊതുജനങ്ങള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്കി.
Read More: ‘ന്യോൾ’ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു, ന്യൂനമർദമാകും; ശക്തമായ മഴ
കനത്ത മഴ തുടരുന്ന കണ്ണൂരിൽ, മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. ഉരുൾപ്പൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.
പാലക്കാട് ജില്ലയിലും കനത്ത മഴ തുടരുകയാണ്. നീരൊഴുക്ക് കൂടിയതിനാൽ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കാൻ സാധ്യത ഉണ്ട്. മണ്ണാർക്കാട് ഉൾപ്പെടെ മലയോര മേഖലകളിൽ ഉള്ളവരെ അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറാൻ ഇന്നലെത്തന്നെ നിർദേശം നൽകിയിരുന്നു.
അട്ടപ്പാടിയിലെ ഭവാനി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം കാട്ടിൽ അകപ്പെട്ട് പോയ തണ്ടർ ബോൾട്ട് സംഘം ഇന്ന് തിരിച്ചെത്തുമെന്ന് അധികൃതർ അറിയിച്ചു.
എറണാകുളം അങ്കമാലി നഗരസഭയിലെ മങ്ങാട്ടുകര പ്രദേശത്ത് അതിശക്തമായ കാറ്റിൽ വ്യാപക കൃഷിനാശം ഉണ്ടായി. വൈകിട്ടോടെ ഉണ്ടായ അതിശക്തമായ കാറ്റിൽ രണ്ടു വീടുകളിലേക്ക് വന്മരങ്ങൾ കടപുഴകി വീണു. കൂടാതെ നാല് വീടുകൾ ഭാഗികമായി തകർന്നു. മരം വീണ് കമ്പികൾ പൊട്ടിയതിനാൽ ഇലട്രിക് പോസ്റ്റുകള്‍ റോഡിന് കുറുകെ ഒടിഞ്ഞു വീണ നിലയിലാണ്.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി. അതിതീവ്ര മഴ പ്രഖ്യാപിച്ച ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.