തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായി തുടരും. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ’ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു. ഈ ചുഴലിക്കാറ്റ് ന്യൂനമർദമായി രൂപപ്പെടുന്നത്തിന്റെ സ്വാധീനത്തിൽ അടുത്ത മൂന്ന് ദിവസം വരെ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള പുതിയ ന്യൂനമർദം കേരളത്തിൽ വ്യാപകമായ മഴയ്‌ക്ക് കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. നാളെയോടെ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത.

ശക്തമായ മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ മുന്നറിയിപ്പുകൾ പുതുക്കി. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 204.5 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കും. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൽ കാലവർഷം കൊട്ടിക്കലാശത്തിലേക്ക്. കാലവർഷം പിൻവാങ്ങുമ്പോൾ അതിശക്തമായ മഴയായിരിക്കും വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ലഭിക്കുക. അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാകുന്നതും മഴ വർധിപ്പിക്കും.

Uppum Mulakum: വഴക്ക് പറഞ്ഞാൽ കിട്ടിയതും കയ്യിലെടുത്ത് ഇറങ്ങിയൊരു പോക്കാണ്; പാറുക്കുട്ടിയുടെ വീഡിയോ വൈറലാവുന്നു

മണിക്കൂറില്‍ 60 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനു സാധ്യതയുണ്ട്. മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകരുത്. കടല്‍ക്ഷോഭം ശക്തമാണ്. മലയോര മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാധ്യത.

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.