Kerala Monsoon Bumper Lottery Result 2020: ചൊവ്വാഴ്ചയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംപർ BR 74ന്റെ നറുക്കെടുപ്പ് നടന്നത്. വെള്ളൂർകുന്നം ജയം ബ്രദേഴ്സ് ലോട്ടറി മൊത്ത വ്യാപാര ഏജൻസിയിൽ നിന്നും പെരുമ്പാവൂരിൽ എത്തിച്ചു വിറ്റ എംഡി 240331 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടിരൂപ അടിച്ചിരിക്കുന്നത്. പെരുമ്പാവൂർ കുട്ടൻപിള്ള റോഡിലുള്ള ആർകണി ലോട്ടറി ഏജൻസി ഉടമ എം രാജനാണ് ഈ ടിക്കറ്റ് വിറ്റത്. ജയം ബ്രദേഴ്സ് ഉടമ ജയകുമാറിന്റെ അനുജനാണ് രാജൻ. സമ്മാനാർഹമായ ടിക്കറ്റിന്റെ ഉടമയെ തേടുകയാണ് ജയകുമാറും രാജനും ഇപ്പോൾ.
“ഇതുവരെ സമ്മാനാർഹമായ ടിക്കറ്റുമായി ആരും വന്നിട്ടില്ല. എന്റെ അനിയൻ രാജനാണ് ടിക്കറ്റ് വിറ്റത്. കൗണ്ടറിൽ നിന്നും ചില്ലറയ്ക്ക് വിറ്റുപോയ ടിക്കറ്റാണ്, ആരാണ് വാങ്ങിയതെന്ന് ഒരു ഐഡിയ ഇല്ല. ഇന്നൊരാൾ അതേ നമ്പറിലുള്ള മറ്റൊരു ടിക്കറ്റുമായി വന്നിരുന്നു, അതിന്റെ സീരിയൽ നമ്പറിൽ വ്യത്യാസമുണ്ടായിരുന്നു. ഫലം ഇന്ന് പത്രത്തിൽ വന്നതുകൊണ്ട് വൈകുന്നേരത്തോടെ ഉടമ ടിക്കറ്റുമായി എത്തുമെന്ന പ്രതീക്ഷയിലാണ്,” ജയകുമാർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ഇതാദ്യമായല്ല ജയം ബ്രദേഴ്സ് വിറ്റ ടിക്കറ്റിന് ലോട്ടറിയടിക്കുന്നത്. “മുൻപ് 50 ലക്ഷം മുതൽ ഒരു കോടി വരെയൊക്കെ അടിച്ചിട്ടുണ്ട്. ബംബറിന് ആദ്യമായിട്ടാണ് അടിക്കുന്നത്.” ജയകുമാർ പറഞ്ഞു.
കോവിഡ് 19 വ്യാപനത്തെ തുടർന്നാണ് ഇത്തവണ നറുക്കെടുപ്പ് നീണ്ടുപോയത്. തിരുവനന്തപുരം ഗോർക്കി ഭവനിൽവച്ചായിരുന്നു നറുക്കെടുപ്പ്.
മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം എട്ട് പേർക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേർക്ക് വരെ കിട്ടും. അഞ്ചാം സമ്മാനം 5,000 രൂപ വീതം 1,3500 പേർക്ക് ലഭിക്കും. ആറാം സമ്മാനം 2,000 രൂപ വീതം 1,3500 പേർക്കും ഏഴാം സമ്മാനം 1,000 രൂപ വീതം 45,000 പേർക്കും എട്ടാം സമ്മാനം 500 രൂപ വീതം 45,000 പേർക്കും കിട്ടും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.