ലോകമെമ്പാടും കൊറോണഭീതിയിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോവുമ്പോഴും തന്നെ തേടി വലിയൊരു ഭാഗ്യമെത്തിയ സന്തോഷത്തിലും അമ്പരപ്പിലുമാണ് കോടനാട് കുറിച്ചിലക്കോട് കീഴക്കാപ്പുറത്തുകുടി സ്വദേശി റെജിൻ രവി. കേരള സർക്കാരിന്റെ ഈ വർഷത്തെ മൺസൂൺ ബംപർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ അഞ്ച് കോടി നേടിയിരിക്കുന്നത് ഈ മുപ്പത്തിയാറുകാരനാണ്. നറുക്കെടുപ്പ് ഫലം ചൊവ്വാഴ്ച പ്രഖ്യാപിച്ചെങ്കിലും താനെടുത്ത എംഡി 240331 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമെന്ന കാര്യം ഇന്നലെ ഉച്ചയോടെയാണ് റെജിൻ അറിയുന്നത്.
“സ്ഥിരമായി ലോട്ടറി എടുക്കാറില്ല. വല്ലപ്പോഴും ബംപർ ലോട്ടറികൾ എടുക്കും. പിന്നെ ഒട്ടും വയ്യാത്ത, പ്രായമായ ആളുകളൊക്കെ ലോട്ടറി ടിക്കറ്റും കൊണ്ടുവരുമ്പോൾ അവരെ സഹായിക്കാനായി എടുക്കും. മുൻപ് ഒരിക്കൽ 5000 രൂപ അടിച്ചിട്ടുണ്ട്,” റെജിൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
” ഒരു ദിവസം ഉച്ചയ്ക്കാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് എടുത്ത് ഓഫീസിൽ ആയിരുന്നു വെച്ചത്. എന്നാണ് നറുക്കെടുപ്പ് എന്നൊന്നും കൃത്യമായി ഓർത്തുവെച്ചിരുന്നില്ല. അതുകൊണ്ട് വൈകിയാണ് ടിക്കറ്റ് നോക്കിയത്. നോക്കുമ്പോഴും വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. വല്ല അയ്യായിരമോ രണ്ടായിരമോ കിട്ടിയാൽ ആയെന്നു കരുതി. ഇത്തവണയും അവസാനത്തെ നാല് അക്കങ്ങൾ ആണ് ആദ്യം നോക്കിയത്. ഒന്നാം സമ്മാനം എന്റെ ടിക്കറ്റിന് ആണെന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ആദ്യം വിളിച്ചുപറഞ്ഞത് ഭാര്യയെയാണ്.”
പെരുമ്പാവൂരിലെ പവർ ലിങ്ക് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്യുകയാണ് റെജിൻ. ഭാര്യ സിബി പവർ ഗാർഡ് എന്ന സ്ഥാപനത്തിൽ ഓഫീസ് ജീവനക്കാരിയാണ്. നൈനികയാണ് മകൾ.
“ഇപ്പോൾ താമസിക്കുന്നത് ചെറിയൊരു വീട്ടിലാണ്. കുറച്ചു സ്ഥലം വാങ്ങി സൗകര്യമുള്ളൊരു വീട് വെയ്ക്കണം. കുറച്ചുപേർക്കെങ്കിലും തൊഴിലവസരം നൽകുന്ന എന്തെങ്കിലും ഒരു സ്ഥാപനം തുടങ്ങണം. ആളുകളെ പണം നൽകി സഹായിക്കുന്നതിലും ഭേദം അതാവുമെന്ന് തോന്നുന്നു,” റെജിൻ പറയുന്നു.
പെരുമ്പാവൂർ കുട്ടൻപിള്ള റോഡിലുള്ള ആർകണി ലോട്ടറി ഏജൻസി ഉടമ എം രാജനിൽ നിന്നുമാണ് റെജിൻ ടിക്കറ്റ് വാങ്ങിയത്. വെള്ളൂർകുന്നം ജയം ബ്രദേഴ്സ് ലോട്ടറി മൊത്ത വ്യാപാര ഏജൻസിയിൽ നിന്നും പെരുമ്പാവൂരിൽ എത്തിച്ചു വിറ്റ ടിക്കറ്റാണ് ഇത്. ജയം ബ്രദേഴ്സ് ഉടമ ജയകുമാറിന്റെ അനുജനാണ് രാജൻ. സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂർ ശാഖയിൽ ഏൽപ്പിച്ചിരിക്കുകയാണ് റെജിൻ.