കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടുള്‍പ്പെടെ എട്ട് പേരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ സുഹൃത്തും വാഹനത്തിന്റെ ഡ്രൈവറുമായിരുന്ന തൃശൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് ഒന്നാം പ്രതി.
റോയ് വയലാട്ടിന്റെ സുഹൃത്തായ സൈജു എം.തങ്കച്ചനാണ് രണ്ടാം പ്രതി. സൈജു തങ്കച്ചൻ അമിത വേഗതയില്‍ മറ്റൊരു കാറുമായി ഇവരെ പിന്തുടര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. റോയ് വയലാട്ടും കൂട്ടാളികളും ദുദ്ദേശത്തോടെ മോഡലുകളോട് ഹോട്ടലിൽ തങ്ങാൻ ആവശ്യപ്പെട്ടുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാൻ അമിതമായി മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. അന്‍സിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. നമ്പര്‍ 18 ഹോട്ടലില്‍ വച്ച നടന്ന പാര്‍ട്ടിക്ക് ശേഷം മടങ്ങവെയായിരുന്നു സംഭവം. അബ്ദുള്‍ റഹ്മാനും ആഷിഖിനും മദ്യം നല്കി മോഡലുകളെ ഉപദ്രവിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഇത് മനസിലാക്കിയ അന്‍സിയും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിയതോടെയാണ് സൈജുവും സുഹൃത്തുക്കളും പിന്തുടര്ന്നത്. അന്‍സിയും അഞ്ജന ഷാജനും അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ആഷിഖ് ചികിത്സയില്‍ കഴിയവെയായിരുന്നു മരിച്ചത്. പ്രസ്തുത കേസിന് പിന്നാലെയാണ് റോയ് വയലാട്ടിനെതിരെ പോക്സോ ആരോപണങ്ങളും ഉയര്‍ന്നത്.
Also Read: Russia-Ukraine War News: ‘റഷ്യയെ സഹായിക്കരുത്’; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക