ആലപ്പുഴ: കുട്ടനാട്ടിൽ പാടശേഖരങ്ങളിലെ വെളളം വറ്റിക്കാൻ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മന്ത്രി തോമസ് ഐസകിനെതിരെ മന്ത്രി ജി സുധാകരന്റെ വിമർശനനം. വെളളം വറ്റിക്കാൻ നടപടിയുണ്ടായില്ലെന്നും പണം നൽകേണ്ട ആളുകൾ ഇത് പരിശോധിക്കണമെന്നുമാണ് ജി സുധാകരൻ ആവശ്യപ്പെട്ടത്.

നവകേരള ലോട്ടറിയുടെ പ്രകാശന ചടങ്ങിലായിരുന്നു വിമർശനം. എന്നാൽ മന്ത്രി ജി സുധാകരന്റെ വിമർശനത്തോട് പ്രതികരിച്ച മന്ത്രി ഐസക്, രണ്ടായിരത്തോളം പമ്പുകൾ ഇപ്പോഴും വെളളത്തിനടിയിലാണെന്ന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഉടൻ‌ നീക്കുമെന്നു മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

“കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ ഇത്രയേറെ കാത്തിരിക്കേണ്ട സമയമുണ്ടായിട്ടില്ല. പണം നൽകേണ്ടവർ അതു പരിശോധിക്കണം,” എന്നാണ് മന്ത്രി ജി സുധാകരൻ വിമർശിച്ചത്.

“മാറിത്താമസിക്കുന്നവർക്കു വീടുകളിലേക്കു മടങ്ങാൻ ഒരാഴ്ചയ്ക്കുള്ളില്‍ സാഹചര്യമൊരുക്കും. വെള്ളം വറ്റിക്കാൻ ഒരാഴ്ചയെടുക്കും. രണ്ടായിരത്തോളം പമ്പുകൾ വെള്ളത്തിലാണ്. പാടശേഖര സമിതികൾക്കു മോട്ടോറുകൾ നന്നാക്കാൻ 20,000 രൂപ വീതം നൽകിയിട്ടുണ്ട്,” എന്നായിരുന്നു മന്ത്രി തോമസ് ഐസകിന്റെ മറുപടി.

പ്രളയബാധിതർക്കു ലഭിക്കേണ്ട ധനസഹായത്തിന്റെ വിതരണം നീളുമെന്ന് മന്ത്രി ഐസക് വിശദീകരിച്ചു. “10,000 രൂപ ലഭിക്കേണ്ട പകുതിപ്പേരുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചിട്ടില്ല. ബിഎൽഒമാർ നടപടികൾ തുടരുകയാണ്. പ്രളയബാധിതർക്കുള്ള കിറ്റുകളുടെ വിതരണം 30 ശതമാനം മാത്രമാണു പൂർത്തിയായത്. ശേഷിക്കുന്നവ ഇന്നും നാളെയും പഞ്ചായത്തു തലത്തിൽ വിതരണം ചെയ്യും,” മന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ