തിരുവനന്തപുരം: വിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ എര്‍പ്പെടുത്തിയ വിലക്കിന് സംസ്ഥാനത്തെ മന്ത്രിമാരുടെ പിന്തുണ. ഔദ്യോഗിക ഉത്തരവ് പുറത്തുവരും മുമ്പാണ് കേരളത്തിലെ മന്ത്രിമാരായ തോമസ് ഐസകും മാത്യു ടി. തോമസും തങ്ങളുടെ ഔദ്യോഗിക വാഹനത്തിന്റെ ബീക്കണ്‍ നീക്കം ചെയ്തത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തന്റെ ഔദ്യോഗിക വാഹനത്തിന്റെ ബീക്കണ്‍ നീക്കം ചെയ്തു. മെയ് ഒന്നുമുതല്‍ ഇത് നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശമെങ്കിലും അതിന് മുന്‍പേ തന്നെ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലേയും മന്ത്രിമാര്‍ ബീക്കണ്‍ ചെയ്തു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരും ബീക്കണ്‍ ലൈറ്റുകള്‍ മാറ്റിയിരുന്നു.

കേന്ദ്ര മന്ത്രിസഭാ യോഗമാണ് വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കുകയെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മെയ് 1 മുതല്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാമെന്നാണ് തീരുമാനമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. എല്ലാ ഇന്ത്യക്കാരം വിഐപികളാണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും രംഗത്തെത്തി.

അതേസമയം, എമര്‍ജന്‍സി വാഹനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളിലും ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. പോലീസ്, ആംബുലന്‍സ്, അഗ്നിശമന സേന, പട്ടാള വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് നീല നിറത്തിലുള്ള ബീക്കണ്‍ ലൈറ്റും ഉപയോഗിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ