കൊച്ചി: കാസർകോട് കെഎസ്ടിപി റോഡ് നിർമ്മാണത്തിലെ അപാകത സംബന്ധിച്ച് രോഷത്തോടെ പ്രസംഗിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. ലോകബാങ്ക് ഉദ്യോഗസ്ഥനായ ഡോ.ബർണാഡ് അരിറ്റ്വയാണ് മന്ത്രിയുടെ അധിക്ഷേപത്തിന് പാത്രമായത്.

എന്നാൽ നീഗ്രോ എന്ന പരാമർശം തെറ്റാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് മന്ത്രി ഇന്ന് വിശദീകരിച്ചു. “കെഎസ്ടിപി പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ലോകബാങ്ക് ഉദ്യോഗസ്ഥരോട് പല തവണ പറഞ്ഞു. എന്നാൽ ഈ പരാതി ചെവിക്കൊള്ളാൻ അവർ തയ്യാറായില്ല. നീഗ്രോ വിഭാഗക്കാരനായ ഒരാൾ പാവങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കുന്നില്ല. അതാണ് പറഞ്ഞത്. അതിനെ വംശീയ വിരുദ്ധ ചിത്രീകരിക്കേണ്ടതില്ല”, മന്ത്രി വിശദമാക്കി.

ഞായറാഴ്ച കാസർകോട് നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിലെ അപാകതയെ കുറിച്ച് പ്രസംഗത്തിനിടെ പരാമർശിച്ച മന്ത്രി പിന്നീട് ലോകബാങ്കിനെതിരെ കടുത്ത വിമർശനമാണ് നടത്തിയത്.

മന്ത്രിയുടെ പ്രസംഗത്തിലെ ഭാഗം ഇങ്ങിനെ. “കെ.എസ്.ടി.പി റോഡ് നിർമ്മാണം ഇഴയുന്നത് ലോക ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കൊണ്ട് കൂടിയാണ്. അതുകൊണ്ട് വായ്പ പിൻവലിക്കുമെന്ന് പറഞ്ഞൊന്നും കേരളത്തെ പേടിപ്പിക്കാൻ നോക്കണ്ട. ലോകബാങ്ക് ഉണ്ടാകും മുൻപ് തന്നെ കേരളം ഇവിടെയുണ്ട്” എന്നും മന്ത്രി ആവേശത്തോടെ പറഞ്ഞു.

“ഞാൻ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷം നാല് തവണ ലോകബാങ്ക് പ്രതിനിധികൾ എന്നെ വന്ന് കണ്ടിരുന്നു. ഇവിടുത്തെ ടീം ലീഡർ ഒരു ആഫ്രിക്കൻ അമേരിക്കക്കാരനാണ്. എന്നുവച്ചാൽ മുൻ പ്രസിഡന്റ് ഒബാമയുടെ വംശം. അയാൾ നീഗ്രോയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് അടിമകളാക്കി അമേരിക്കയിൽ കൊണ്ടുവന്ന് പണിചെയ്യിപ്പിച്ചു. അടിമത്തം അവസാനിപ്പിച്ചപ്പോൾ സ്വതന്ത്രനായി. അതിന്റെ ഭാഗമായാണ് ഇന്ന് ഈ ഉയർന്ന സ്ഥാനത്ത് അയാൾ ഇരിക്കുന്നത്”, എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ