മലപ്പുറം: അഫ്ഗാനിസ്ഥാനിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്നു എന്ന് സംശയിക്കപ്പെടുന്ന മലപ്പുറം സ്വദേശി അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇക്കാര്യം അറിയിച്ചുകൊണ്ട് ബന്ധുക്കൾക്ക് സന്ദേശമെത്തി.

എടപ്പാൾ സ്വദേശി മുഹമ്മദ് മുഹ്സിൻ കൊല്ലപ്പെട്ടെന്നാണ് സന്ദേശം. എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് മുഹ്സിനെ 2017 ഒക്ടോബർ മാസം മുതലാണ് കാണാതായതെന്ന് പൊലീസ് പറയുന്നു.

മുഹസിന്റെ കുടുംബത്തിന് ചൊവ്വാഴ്ച വാട്‌സ്ആപ്പിൽ ഒരു സന്ദേശം ലഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. “നിങ്ങളുടെ സഹോദരൻ രക്തസാക്ഷിത്വം തേടുകയായിരുന്നു, അല്ലാഹു അവന്റെ ആഗ്രഹം നിറവേറ്റി. 10 ദിവസം മുമ്പ് അദ്ദേഹം ഒരു ഷഹീദായി മാറി, ’’ എന്നായിരുന്നു സന്ദേശമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യരുതെന്ന മുന്നറിയിപ്പുമായാണ് സന്ദേശം വന്നത്.

മുഹ്സിൻ മരിച്ചു കിടക്കുന്നതായി കാണപ്പെടുന്ന ഫോട്ടോയോടൊപ്പമാണ് സന്ദേശമെത്തിയതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “ഫോട്ടോയിൽ നിന്ന് കുടുംബം മുഹ്സിനെ തിരിച്ചറിഞ്ഞു. എന്നാൽ ഈ സന്ദേശവും ഫോട്ടോയും കൂടാതെ, ഞങ്ങൾക്ക് എവിടെ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല,” പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മലയാളത്തിലാണ് സന്ദേശം ലഭിച്ചതെന്നും, അങ്ങിനെയെങ്കിൽ കേരളത്തിൽ നിന്നുള്ള മറ്റൊരു വ്യക്തിയും സംഘത്തിൽ ഉണ്ടെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. “സന്ദേശം അയച്ച വ്യക്തിയെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല,” മുഹസിനെ കാണാതായ കാലയളവിൽ മലപ്പുറത്ത് നിന്ന് മറ്റൊരു എഞ്ചിനീയറിംഗ് ബിരുദധാരിയും ഐ‌എസിൽ ചേർന്നിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഐഎസിൽ ചേരാനായി 2016 ജൂൺ മാസത്തിൽ കാസർഗോട്ട് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 25 അംഗ സംഘത്തിന്റെ ഭാഗമല്ല മുഹ്സിൻ എന്ന് കരുതപ്പെടുന്നതായി വൃത്തങ്ങൾ പറയുന്നു. ‘കാസർഗോട് ഘടകം’ എന്ന് പറയപ്പെടുന്ന ഇവരിൽ ഭൂരിപക്ഷവും ഐ‌എസ്‌ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രദേശത്തെത്തിയതായി സുരക്ഷാ ഏജൻസികൾ പിന്നീട് കണ്ടെത്തിയിരുന്നു.

കണ്ണൂർ ജില്ലയിൽ നിന്ന് കുറഞ്ഞത് 35 പേരടങ്ങുന്ന മറ്റൊരു സംഘം ഐ‌എസിനായി പോരാടാനായി സിറിയയിലേക്ക് കുടിയേറിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മുഹ്സിൻ തുടക്കത്തിൽ ദുബായിൽ പോകുകയും പിന്നീട് ഐഎസിൽ ചേരുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. എഞ്ചിനീയറിംഗ് പഠിക്കുന്നതിനിടെ 2017ലാണ് മുഹ്സിനെ കാണാതായത്. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബം മലപ്പുറത്തെ ലോക്കൽ പോലീസിൽ പരാതി നൽകിയിരുന്നു.

യാഥാസ്ഥിതിക ചായ്‌വുകളില്ലാത്ത ഒരു മധ്യവർഗ കുടുംബത്തിൽ നിന്നാണ് മുഹ്സിൻ വരുന്നതെന്ന് ഇടപ്പാളിലെ വട്ടംകുളം പ്രദേശവാസികൾ പറയുന്നു. “അദ്ദേഹം അന്തർമുഖനും മറ്റുള്ളവരിൽ നിന്നും പൊതുവെ അകന്നു കഴിയുന്ന ഒരാളും ആയിരുന്നു. കുടുംബത്തിലെ ഏക മകനാണ് മുഹസിൻ. പിന്നെ രണ്ട് സഹോദരിമാരുമുണ്ട്, അവർ രണ്ടുപേരും വിദ്യാർത്ഥികളാണ്, ’’ ഒരു പ്രദേശവാസി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.