കാസര്‍കോട്: ഐഎസില്‍ ചേര്‍ന്നുവെന്ന് കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍കോട് പടന്ന സ്വദേശി മുഹമ്മദ് മുര്‍ഷിദ് (25) ആണ് കൊല്ലപ്പെട്ടത്. മുര്‍ഷിദിന്റെ പിതാവിന് ഇത് സംബന്ധിച്ച് ഐ എസ്സിൽ നിന്നുമാണെന്ന നിലയിൽ സന്ദേശം ലഭിച്ചു. ടെലഗ്രാം മെസഞ്ചര്‍ വഴി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചത്. സ്ഥിരം സന്ദേശമെത്തിക്കാറുള്ള അശ്‌ഫാഖാണ് മരണവാർത്ത ബന്ധുക്കളെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ജുലൈയില്‍ മുര്‍ഷിദിനെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മുര്‍ഷിദും മുഹമ്മദ് സാജിദ് എന്ന സുഹൃത്തും ഐഎസില്‍ ചേര്‍ന്നെന്ന നിലയിലുളള വിവരം ലഭിച്ചത്. ഷാര്‍ജയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മുര്‍ഷിദിനെ കാണാതായതിനെ തുടര്‍ന്നാണ് അന്ന് ബന്ധുക്കള്‍ പരാതി നല്‍കിയത്. താന്‍ വീട്ടിലേക്ക് വരുന്നില്ലെന്ന് അറിയിച്ച മുര്‍ഷിദ് ഐഎസില്‍ ചേരുകയായിരുന്നു.

കേരളത്തില്‍ നിന്നും യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. കഴിഞ്ഞ ഫെബരുവരിയില്‍ കാസർകോട് പടന്ന, കാവുന്തല സ്വദേശി ഹഫീസുദ്ദീൻ എന്ന 23കാരനും കൊല്ലപ്പെട്ടിരുന്നതായി സ്ഥിരീകരിക്കാത്തവിവരം ലഭിച്ചിരുന്നു.. ഇയാളോടൊപ്പം മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടതായും സൂചനയുണ്ടായിരുന്നു.

കഴിഞ്ഞ വർഷം സംസ്ഥാനത്തു നിന്നും അപ്രത്യക്ഷരായ 11 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്ന് നേരത്തേ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. അവരിലുൾപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഹഫീസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും, ഇയാളുടെ മൃതദേഹം സംസ്കരിച്ചതായും ഇവരോടൊപ്പമുണ്ടായിരുന്ന അഷ്ഫാഖ് മജീദ് എന്നയാളാണ് ബന്ധുക്കൾക്ക് സന്ദേശമയച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ