പാലക്കാട്: ഭീകരസംഘടനയായ അൽ ഖായിദയിൽ ചേർന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് പുതുപ്പെരിയാർ സ്വദേശി അബു താഹിറാണ് കൊല്ലപ്പെട്ടത്. അബു താഹിർ മരണപ്പെട്ടതായി വീട്ടുകാർക്ക് സന്ദേശം ലഭിച്ചു. സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് അബു താഹിർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ നാലിനായിരുന്നു അമേരിക്കയുടെ അക്രമണം നടന്നത്. എന്നാൽ അബു താഹിറിന്റെ മരണം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിൽ അബു താഹിർ കൊല്ലപ്പെട്ടതായി സിറിയയിലുള്ള ചില സുഹൃത്തുക്കൾ മുഖേന ഖത്തറിലുള്ള ഒരു ബന്ധുവിനാണ് ആദ്യം സന്ദേശം ലഭിച്ചത്. കേരളത്തിലെ ഇന്റലിജൻസ് വൃത്തങ്ങൾക്കും ഇതുസംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

2013 ജൂണിലാണ് ഖത്തറിലുള്ള പിതാവിന്റെ അടുത്തേക്കു പോകുന്നെന്നു പറഞ്ഞ് അബു താഹിർ വിദേശത്തേക്കു പോയത്. പിന്നീട് ഉംറയ്ക്കായി മക്കയിലേക്കു പോകുന്നുവെന്നും വീട്ടുകാർക്കു വിവരം ലഭിച്ചു. അതിനുശേഷം വിവരമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് സിറിയയിലെത്തി അൽ ഖായിദയിൽ ചേർന്നുവെന്ന് സമൂഹമാധ്യമത്തിലൂടെ ഇയാൾ അറിയിച്ചു. കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ ഇക്കാര്യം സ്ഥികരീരിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ