മഞ്ചേരി: കോവിഡ്-19 ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസ്സുകാരി കോവിഡ് മുക്തയായി. മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശിനി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ചത്. രോഗമുക്തി നേടിയ ഇവർ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി.

സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവര്‍. ഓഗസ്റ്റ് 18നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെയിയിരുന്നു രോഗബാധ. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്നും അവർ പറഞ്ഞു.

Read More: അജ്ഞാത വയര്‍ലസ് സന്ദേശം; കടലില്‍ മുങ്ങിത്താഴ്ന്ന ആറ് ജീവനുകള്‍ രക്ഷിച്ച് പൊലീസുകാരന്‍

രോഗമുക്തി നേടി പൂര്‍ണ ആരോഗ്യവതിയായി തിരിച്ചുവന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മികച്ച പരിചരണം നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അവര്‍ നന്ദി രേഖപ്പെടുത്തുന്നതായും അവർ വ്യക്തമാക്കി.

കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ പി ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അഫ്സല്‍, ആര്‍എംഒമാരായ ഡോ ജലീല്‍, ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പാത്തുവിനെ വീട്ടിലേക്ക് യാത്രയാക്കിയത്. ഇനി 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

Read More: ജീവൻ പകുത്തുനൽകി ഡോക്‌ടർ യാത്രയായി; അഖിലേഷിന്റെ ഓണസമ്മാനം

സംസ്ഥാനത്ത് ഇത് ആദ്യമായല്ല 100 വയസ്സിൽ കൂടുതൽ പ്രായമുള്ളവർ കോവിഡ് രോഗമുക്തി നേടിയത്. നേരത്തേ കൊല്ലം സ്വദേശിനിയായ 105 വയസ്സുകാരി രോഗമുക്തി നേടിയിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചൽ സ്വദേശിനിയായ 105 വയസുകാരി അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ജൂലൈ 29ന് ആശുപത്രി വിട്ടത്.

എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 103 കാരനും രോഗമുക്തി നേടിയിരുന്നു. ഈമാസം 18നാണ് ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് പരീദ് 103-ാം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.