ന്യൂഡൽഹി: വിവാദമായ മതം മാറ്റ കേസിന്റെ വിധി അറിയുന്നതിന് ഷെഫിൻ ജഹാനും സുപ്രീം കോടതിയിലേക്ക്. ഇന്ന് അദ്ദേഹം ഡൽഹിക്ക് പോകും. നാളെ വൈകിട്ട് 3.30 നാണ് ഹാദിയ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.

നേരത്തെ ഹൈക്കോടതി ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം അസാധുവായി ഉത്തരവിട്ടിരുന്നു. ഇതിന് ശേഷമാണ് ഹാദിയയെ മാതാപിതാക്കൾക്ക് ഒപ്പം വിടാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചത്. സുപ്രീം കോടതിയിൽ ഹാജരാകാനിരിക്കെ തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് ഹാദിയ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. താനൊരു മുസ്ലിമാണെന്നും മതംമാറിയത് സ്വന്തം തീരുമാനം ആണെന്നും അവർ പറഞ്ഞു.

“ഞാനൊരു ഇസ്ലാമാണ്. മതംമാറിയത് എന്റെ സ്വന്തം തീരുമാനപ്രകാരമായിരുന്നു. ആരും എന്നെ അതിനായി നിർബന്ധിച്ചിട്ടില്ല. എനിക്ക് നീതി വേണം. എന്നെ എന്റെ ഭർത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കണം”, ഹാദിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഹാദിയയുടെ മതംമാറ്റത്തിൽ അസ്വാഭാവികതയില്ലെന്ന് ദേശീയ അന്വേഷണ ഏജൻസിയും വ്യക്തമാക്കിയതായി ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്‌പ്രസിനോട് സമ്മതിച്ചിരുന്നു. ഓഗസ്റ്റിലാണ് ഹാദിയയുടെ മതംമാറ്റം നിർബന്ധിത മത പരിവർത്തനമാണോയെന്ന് പരിശോധിക്കാൻ സുപ്രീം കോടതി എൻഐഎയോട് ആവശ്യപ്പെട്ടത്.

അഞ്ചംഗ പൊലീസ് സംഘം ഡൽഹിയിൽ ഹാദിയയെയും മാതാപിതാക്കളെയും അനുഗമിക്കുന്നുണ്ട്.  ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മാതാപിതാക്കൾക്ക് ഒപ്പം പോയ ശേഷം ഹാദിയ പൊലീസ് സംരക്ഷണത്തിലാണ്. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥർ ഹാദിയയ്ക്ക് ഒപ്പം എപ്പോഴും ഉണ്ടായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഇവർ പുറത്തിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ