തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വിൽപന പുനഃരാരംഭിക്കാൻ ആലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്. നശിച്ചുപോയ ടിക്കറ്റുകൾക്ക് പകരം അതേ സീരീസ് ടിക്കറ്റുകൾ നൽകും. ജൂൺ ഒന്നിന് നറുക്കെടുപ്പ് നടക്കുമെന്നും മന്ത്രി പറഞ്ഞു. 100 ടിക്കറ്റ് വിൽപ്പനക്കാർക്ക് വായ്പയായി നൽകും. ഈ പണം മൂന്നു മാസം കൊണ്ട് തിരിച്ചടച്ചാൽ മതി. എല്ലാ വിൽപനക്കാർക്കും മാസ്കും കൈയുറയും നൽകും. ഏജന്റുമാരെ സഹായിക്കാൻ കമ്മീഷൻ തീരുമാനിക്കുന്ന സ്ലാബുകളുടെ പരിധി കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ലോട്ടറി ടിക്കറ്റുകളും വിൽപ്പനയും നറുക്കെടുപ്പും നിർത്തിവച്ചത്. മേയ് 17 ന് മൂന്നാം ഘട്ട ലോക്ക്ഡൗൺ തീരുന്ന മുറയ്ക്ക് ലോട്ടറി ടിക്കറ്റ് വിൽപന പുനഃരാരംഭിക്കാനാണ് ഭാഗ്യക്കുറി വകുപ്പ് ഇപ്പോൾ ആലോചിക്കുന്നത്.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 15 മുതൽ 28 വരെയുളള ടിക്കറ്റുകൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് റദ്ദാക്കിയിരുന്നു. ഏപ്രിൽ 15 മുതൽ 28 വരെയുളള അക്ഷയ AK 441, കാരുണ്യ പ്ലസ് KN 312, നിർമൽ NR 169, കാരുണ്യ KR 444, പൗർണമി RN 439, വിൻവിൻ W 561, സ്ത്രീശക്തി SS 206, അക്ഷയ AK 442, കാരുണ്യ പ്ലസ് KN 313, നിർമൽ NR 170, കാരുണ്യ KR 445, പൗർണമി RN 440, വിൻവിൻ W 562, സ്ത്രീശക്തി SS 207 ലോട്ടറി ടിക്കറ്റുകൾ റദ്ദാക്കിയതായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറാണ് അറിയിച്ചത്.
Read Also: ഭാഗ്യക്കുറി ഓഫീസുകളിൽ സമ്മാന ടിക്കറ്റുകൾ സ്വീകരിക്കും
അതേസമയം, ഈ മാസം 31ന് നറുക്കെടുക്കേണ്ടിയിരുന്ന സമ്മർ ബമ്പർ BR 72 ന്റെ നറുക്കെടുപ്പ് ജൂൺ 25ന് നടക്കുമെന്ന് ഭാഗ്യക്കുറി ഡയരക്ടർ അറിയിച്ചു.
ഈമാസം 10, 13, 16, 19 തീയതികളിൽ നറുക്കെടുപ്പ് നടത്തേണ്ടിയിരുന്ന പൗർണമി RN 435,വിൻവിൻ W 557, സ്ത്രീശക്തി SS-202, അക്ഷയ AK-438 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ ഒന്ന്, നാല്, എട്ട് 11 തീയതികളിലേക്ക് മാറ്റി.
22, 25, 28 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് KN 309, നിർമൽ NR 166, പൗർണമി RN 436 എന്നിവയുടെ നറുക്കെടുപ്പ് യഥാക്രമം അടുത്ത മാസം 15,18, 22 തീയതികളിലേക്ക് മാറ്റി. നേരത്തേ ജൂൺ ഒന്ന് മുതൽ 30 വരെ പ്രഖ്യാപിച്ചിരുന്ന ടിക്കറ്റുകളുടെ നറുക്കെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.
ലോക്ക്ഡൗണിൽ സർക്കാർ ഇളവ് അനുവദിച്ച പ്രദേശങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ച ഭാഗ്യക്കുറി ഓഫീസുകളിൽ 2020 ജനുവരി 23 മുതൽ നറുക്കെടുത്ത ഭാഗ്യക്കുറികളുടെ സമ്മാനാർഹമായ ടിക്കറ്റുകൾ പൊതുജനങ്ങളിൽ നിന്നും ഏജന്റുമാരിൽ നിന്നും സ്വീകരിക്കാനും തീരുമാനമായിരുന്നു. ഇത്തരത്തിൽ ഹാജരാക്കുന്ന ടിക്കറ്റുകൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തി രസീത് നൽകി സൂക്ഷിക്കും. ഏജന്റുമാർ ആവശ്യപ്പെടുന്നപക്ഷം നിലവിൽ ഓഫീസുകളിൽ വിൽപനയ്ക്കുള്ള ടിക്കറ്റുകൾ പകരം നൽകുകയോ പുതിയ ടിക്കറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് നൽകുകയോ ചെയ്യും.