കോവിഡ് മഹാമാരിയുടെ വ്യാപനവും ലോക്ക്ഡൗണും മൂലം ഞായറാഴ്ചകളിൽ നിർത്തിവച്ചിരുന്ന സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഏപ്രിൽ മൂന്നാമത്തെ ഞായറാഴ്ച മുതൽ പുനരാരംഭിക്കും. ഞായറാഴ്ചകളിലെ നറുക്കെടുപ്പ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലോട്ടറി മേഖലകളിലെ സംഘടനകളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഈ തീരുമാനം.
പൗർണമി ഭാഗ്യക്കുറിയാണ് മുൻപ് ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്നത്. എന്നാൽ ഇനിയങ്ങോട്ട് ഞായറാഴ്ചകളിലെ ഭാഗ്യക്കുറി പുതിയ പേരിൽ ആരംഭിക്കാനാണ് തീരുമാനമെന്ന് സംസ്ഥാന ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ പറഞ്ഞു.
നിലവിൽ ആഴ്ചയിൽ ആറു ദിവസമാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഉള്ളത്. വിൻവിൻ(തിങ്കൾ), സ്ത്രീശക്തി (ചൊവ്വ), അക്ഷയ (ബുധൻ), കാരുണ്യ പ്ലസ്(വ്യാഴം), നിർമൽ (വെള്ളി), കാരുണ്യ (ശനി) എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പാണ് ഇപ്പോൾ ഉള്ളത്. ഇതുകൂടാതെ വർഷത്തിൽ 6 ബംപർ ഭാഗ്യക്കുറികളുമുണ്ട്.