/indian-express-malayalam/media/media_files/uploads/2023/08/kerala-lottery.jpg)
എത്ര ലോട്ടറി ഒന്നിച്ചെടുക്കണം സാർ, ഭാഗ്യം കൂടെ പോരാൻ
സംസ്ഥാന ലോട്ടറിക്കച്ചവടത്തിൽ വിവാദത്തിന് വഴിയൊരുക്കി സെറ്റ് ലോട്ടറി വിൽപ്പനയുടെ ചില്ലറക്കച്ചവടം. അവസാന നാലക്കങ്ങളുമായി ബന്ധപ്പെട്ടാണ് മൂന്നാം സമ്മാനം മുതൽ ഏഴാം സമ്മാനം വരെ ലോട്ടറി വകുപ്പ് നൽകുന്നത്. ഈ സമ്മാനം സ്വന്തമാക്കാനുള്ള കുറുക്കുവഴിയിലാണ് സെറ്റ് ലോട്ടറി വിൽപ്പന പ്രചാരം നേടുന്നത്.
അവസാനത്തെ നാലക്കം വരുന്ന ലോട്ടറി ടിക്കറ്റുകൾ ഒരു സെറ്റാക്കി, പത്ത് നുറ് എന്നിങ്ങനെ വിൽക്കുന്നതാണ് സെറ്റ് ലോട്ടറിക്കച്ചടം. ഒരേ പോലുള്ള നാല് നമ്പരുകളിൽ അവസാനിക്കുന്ന വിവിധ സീരിസിലും ഒരേ സീരിസിലുമുള്ള ടിക്കറ്റുകൾ ഒന്നിച്ച് വിൽക്കുന്നതാണ് സെറ്റ് വിൽപ്പന എന്നറിയപ്പെടുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലോട്ടറി വകുപ്പ് സെറ്റ് ലോട്ടറി വിൽപ്പന പാടില്ലെന്ന് കർശനമായി നിർദ്ദേശിച്ചിരുന്നുവെങ്കിലും ഓണം ബമ്പർ വന്നതോടെ സെറ്റ് വിൽപ്പന സജീവമായതായാണ് പരാതി. ഇങ്ങനെയുള്ള ലോട്ടറി വിൽപ്പനയുടെ അപകടങ്ങൾ പലതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ലോട്ടറി സമ്മാനം കിട്ടുന്നവരുടെ എണ്ണം കുറയും, ചുരുക്കം ചില ആളുകളിലേക്ക് സമ്മാനം കുമിഞ്ഞു കൂടും. നഷ്ടമാകുന്ന പണം കുറവും ലോട്ടറി അടിച്ചാൽ ലഭിക്കുന്ന ലാഭം കൂടുതലും ആകുമെന്ന് ലോട്ടറി വിൽപ്പനക്കാർ തന്നെ പറയുന്നു.
അവാസന നാലക്കത്തിലെ ലോട്ടറികൾ സെറ്റ് ലോട്ടറികളായി എടുക്കാൻ കൂടുതൽ പണം മുടക്കേണ്ടി വരും. അതായത് 50 രൂപ വിലയുള്ള ലോട്ടറി ടിക്കറ്റ് പത്തെണ്ണമെങ്കിലും എടുക്കണമെങ്കിൽ ഒരാൾ 500 രൂപ മുടക്കേണ്ടി വരും. ഇങ്ങനെ മുടക്കി ലോട്ടറിയെടുക്കുമ്പോൾ 500 രൂപയുടെ സമ്മാനം ആണ് ലഭിക്കുന്നതെങ്കിൽ ആ വ്യക്തിക്ക് ലോട്ടറി എടുക്കാൻ ചെലവാക്കിയ 500 രൂപ ഒഴിവാക്കി 4,500 രൂപ ലഭിക്കും. ഇങ്ങനെ വരുന്നതോടെ കൂടുതൽ ലോട്ടറി എടുക്കുന്നതിന് ആളുകൾ കൂടുതൽ പണം ചെലവഴിക്കും. എല്ലാവർക്കും ലോട്ടറി അടിക്കണമെന്നുമില്ല.
സാധാരണക്കാർ സെറ്റ് ലോട്ടറിയിലേക്ക് വീണാൽ കടക്കെണിയിലാകാൻ അധിക സമയം വേണ്ടി വരില്ലെന്നും അതിനാൽ ഇത് തടയണമെന്നുമാണ് ലോട്ടറി വിൽപ്പനക്കാരിലെ തന്നെ ചിലർ പറയുന്നത്. എന്നാൽ, ലോട്ടറി വിൽപ്പന കൂടുതലാക്കാൻ എല്ലാ വഴിയും നോക്കുന്നതിനാൽ ഇത് കൂടുതൽ ടിക്കറ്റ് വിൽക്കാൻ വഴിയൊരുക്കുമെന്ന് പറയുന്നവരുമുണ്ട്.
കൂടുതൽ ലോട്ടറി വിൽക്കാൻ സഹായകരമാണ് ഇതെന്ന് അഭിപ്രായത്തോട് യോജിക്കുകയാണ് തൃശൂർ ജില്ലയിൽ ലോട്ടറി വിൽക്കുന്ന *രമേഷ്. പണം കൈവശമുള്ളവർ മാത്രമേ ഇങ്ങനെ ലോട്ടറി എടുക്കാറുള്ളൂ, അതിൽ തന്നെ എല്ലാവരെയും ഭാഗ്യം കടാക്ഷിക്കണമെന്നുമില്ല എന്ന് *രമേഷ് പറയുന്നു.
'പിന്നെ ലോട്ടറി എല്ലാം സർക്കാർ തന്നെ അടിക്കുന്നതാണ്. അതിൽ കള്ളത്തരമൊന്നുമില്ല. എല്ലായിടത്തുമുള്ള സീരിയൽ നമ്പരും അനുസരിച്ച് ലോട്ടറി എടുക്കുന്നത് ഒന്നിച്ചെടുക്കുകയാണ് ചെറുകിട കടക്കാർ ചെയ്യുന്നത്. വൻകിടക്കാർക്ക് ഏത് ജില്ലയിൽ ലഭിക്കുന്ന നമ്പരും സംഘടിപ്പിച്ച് നൽകാൻ സാധിക്കും. അതു കൊണ്ടാണ് ചിലയിടങ്ങളിൽ 12 ലേറെ ടിക്കറ്റുകൾ ഒരേ നമ്പരിൽ അവസാനിക്കുന്ന കൂടുതൽ ടിക്കറ്റുകൾ നൽകാൻ കഴിയുന്നതെന്നാണ് തോന്നുന്നത്. പിന്നെ എന്തൊക്കെ പറഞ്ഞാലും ഇത് ലോട്ടറി വകുപ്പ് അറിയാതെ നടക്കുന്ന കാര്യമൊന്നുമല്ല. അവർ കൂടെ അറിഞ്ഞുള്ള കാര്യമാണ് ഇത്. ലോട്ടറി വിറ്റാൽ പോരെ ആരെയും പറ്റിക്കുന്നുണ്ടെന്ന് തോന്നുന്നില്ല,' അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വലിയ രിതിയില്‍ ലോട്ടറി വില്‍പന നടത്തുന്ന വമ്പന്‍ ഏജന്‍സികളാണ് ലോട്ടറി സെറ്റ് വില്‍പനയ്ക്ക് പിന്നിലെന്ന് ചെറുകിട ലോട്ടറി കച്ചവടക്കാര്‍. ലോട്ടറി ടിക്കറ്റുകളുടെ അവസാനത്തെ നാലക്കം ഒരേ സംഖ്യ വരുന്നവ വില്‍ക്കുന്ന രീതി രഹസ്യമായാണ് നടന്നിരുന്നതെന്ന് കൊച്ചിയിലുള്ള ഒരു ചെറുകിട ലോട്ടറി കച്ചവടക്കാരൻ പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ടിക്കറ്റ് വില്‍ക്കുന്നുണ്ടായിരുന്നു. എന്നാൽ അന്ന് ഇത്തരം വിൽപ്പന നടത്തുന്ന ഏജന്‍സികളോട് അത് പാടില്ല എന്ന നിർദ്ദേശം നൽകിയിരുന്നു. ചിലയിടങ്ങളിലൊക്കെ പരിശോധന നടന്നതായും കേട്ടിരുന്നു. എന്നാല്‍ ഇത്തവണ പരിശോധനകള്‍ വേണ്ട വിധം നടക്കുന്നില്ല. പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടായിരിക്കാം വകുപ്പ് ഇതിന് തുനിയാത്തതെന്നും അദ്ദേഹം പറയുന്നു.
'വിശ്വസ്തര്‍ക്ക് മാത്രം ഇങ്ങനെ വന്‍കിട ഏജന്‍സികള്‍ ടിക്കറ്റ് വില്‍ക്കുന്നതിലൂടെ ഇരുകൂട്ടരും ലാഭം കൊയ്യുന്നു. എന്നാല്‍ ഇത്തരം രീതികള്‍ ചെറുകിട കച്ചവടക്കാരെ ബാധിക്കുന്നുണ്ട്, പേര് വെളിപ്പെടുത്താനാഗ്രഹിക്കാന്‍ കൊച്ചിയിലെ ഒരു ചെറുകിട ലോട്ടറി ഏജന്റ് പറഞ്ഞു.
'അത്യാവശ്യം നല്ല രീതിയിൽ ലോട്ടറി വിൽക്കുന്നുണ്ട്. എന്നാൽ, ആവശ്യക്കാർ പലവിധമാണ് വരുന്നതെന്ന്' തിരുവനന്തപുരം നഗരത്തിൽ ലോട്ടറി വിൽക്കുന്ന *രഘു പറഞ്ഞു.
'ചിലർക്ക് സെറ്റ് ലോട്ടറി വേണം. അവർ പലരും നേരത്തെ ആവശ്യപ്പെടും. അതനുസരിച്ച് അവർ പറയുന്ന നമ്പർ സംഘടിപ്പിച്ച് നൽകാൻ ശ്രമിക്കാറുണ്ട്. പക്ഷേ, അത് പന്ത്രണ്ട് ടിക്കറ്റ് വരെയെ നൽകാൻ പറ്റാറുള്ളൂ. നൂറ് ടിക്കറ്റൊക്കെ കൊടുക്കുന്ന വൻകിടക്കാരുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആവശ്യക്കാർക്കനുസരിച്ചാണ് ഇത് ക്രമം മാറുന്നത്. ഇത് തടയാൻ ഇത് നിയമവിരുദ്ധ നടപടിയൊന്നുമായി തോന്നുന്നില്ല. എനിക്ക് ഇഷ്ടമുള്ള ടിക്കറ്റ് എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിൽക്കാനും. പൈസയുള്ളവർ കൂടുതൽ ടിക്കറ്റ് എടുക്കും. അത് പണ്ടും അങ്ങനെയായിരുന്നു. സമ്മാനം കൂടുതൽ കിട്ടാൻ സാധ്യതയുള്ള കളിയിൽ ആളുകൾ ഏർപ്പെടും. അത് അത്രയേയുള്ളൂ. ഇതെടുക്കുന്ന എല്ലാവർക്കും അടിക്കണമെന്നില്ല. അതിലും ഭാഗ്യത്തിന്റെ കളിയുണ്ട്. അതു കൊണ്ട് നാലക്ക നമ്പർ എടുത്തത് കൊണ്ട് മാത്രമോ കൂടുതൽ എടുത്തതു കൊണ്ടോ ഭാഗ്യം കടാക്ഷിക്കണമെന്നില്ല,' രഘു അഭിപ്രായപ്പെടുന്നു.
നാലക്ക നമ്പർ ലോട്ടറി കളി തുടങ്ങിയത് ഇപ്പോഴല്ല, ഏറെക്കാലമായി വളരെ രഹസ്യമായി ഈ ലോട്ടറി കളി കേരളത്തിൽ നടക്കുന്നുണ്ട്. കേരളത്തിന് പുറത്തുള്ളവർ പോലും കേരള ലോട്ടറിയുടെ വിശ്വാസ്യതയെ അടിസ്ഥാനമാക്കി ഇതിൽ പങ്കാളികളാകുന്നുണ്ട്. മുൻകൂറായി നാലക്ക നമ്പർ പറയുകയും ലോട്ടറി ഏജന്റ് ആ ലോട്ടറികൾ മാറ്റി വെക്കുകയും അതിനുള്ള പണം സ്വീകരിക്കുകയും ചെയ്യും. ഡിജിറ്റലായാണ് ഇതിലെ പണമിടപാട് ഉൾപ്പടെ നടക്കുന്നത്. സമ്മാനം കിട്ടിയാൽ അതുമായി ബന്ധപ്പെട്ട തുക ഡിജിറ്റലായി നൽകും ഇല്ലെങ്കിൽ ആ പണം പോകും. വാട്ടാസാപ്പ് വഴിയാണ് ഇത്തരത്തിലുള്ള ലോട്ടറിക്കച്ചവടം രഹസ്യമായി നടന്നതിലേറെയും. അതിന് കടിഞ്ഞാണിടമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പരസ്യമായ സെറ്റ് ലോട്ടറി വിൽപ്പന നടക്കുന്നതെന്നാണ് ആരോപണം.
സമ്മാനം കുറച്ചു പേരിലൊതുങ്ങാതിരിക്കാൻ സർക്കാർ സമ്മാനക്രമം തന്നെ മാറ്റുമ്പോൾ അതിനെ അട്ടിമറിക്കുകയാണ് സെറ്റ് ലോട്ടറി വിൽപ്പന എന്ന് അഭിപ്രായമുള്ളവരുമുണ്ട്. പണ്ട് കേരളത്തിൽ വിറ്റഴിച്ചിരുന്നതും പിന്നീട് നിരോധിക്കപ്പെട്ടതുമായ ഒറ്റനമ്പർ ലോട്ടറി സൃഷ്ടിച്ച ദുരന്തത്തിലേക്ക് ഈ സെറ്റ് ലോട്ടറി വിൽപ്പന നയിച്ചേക്കുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. അതു പോലെ തന്നെ സംസ്ഥാന ലോട്ടറി ടിക്കറ്റിന് നിലവിലുള്ള വിശ്വസ്യത ഇല്ലാതാക്കാനും ഇതുപോലുള്ള കാര്യങ്ങൾ വഴിവെക്കുമെന്ന് സംശയിക്കുന്നവരുമുണ്ട്.
*അഭിപ്രായം പറഞ്ഞവരുടെ സ്വകാര്യത നിലനിർത്താൻ പേരുകൾ മാറ്റിയിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us