scorecardresearch

ടിക്കറ്റ് വാങ്ങാൻ 50 രൂപയുടെ കുറവുണ്ടായി, മകന്റെ കുടുക്ക പൊട്ടിച്ചു; ബംപർ അടിച്ച് അനൂപ്

കടങ്ങൾ വീട്ടാൻ മലേഷ്യയിൽ ഷെഫിന്റെ ജോലിക്കായി പോകാനിരിക്കെയാണ് അനൂപിനെ തേടി ഭാഗ്യദേവതയെത്തിയത്

anoop, onam bumper, ie malayalam

തിരുവനന്തപുരം: തിരുവോണം ബംപർ അടിച്ച സന്തോഷത്തിലാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപും കുടുംബവും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് അനൂപിന് അടിച്ചത്. ടിക്കറ്റ് വാങ്ങാൻ 50 രൂപയുടെ കുറവുണ്ടായിരുന്നതിനാൽ മകൻ അദ്വൈതിന്റെ കുടുക്ക പൊട്ടിച്ചാണ് അനൂപ് ടിക്കറ്റ് വാങ്ങിയത്. ആദ്യം മറ്റൊരു ടിക്കറ്റാണ് എടുത്തതെന്നും നമ്പർ ഇഷ്ടപ്പെടാത്തതിനാൽ മാറ്റി എടുത്തുവെന്നും അനൂപ് പറയുന്നു.

സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ടെന്ന് അനൂപ് പറയുന്നു. 5000 രൂപവരെ അടിച്ചിട്ടുണ്ട്. കാശില്ലാത്തതിനാൽ ഓണം ബംപർ എടുക്കേണ്ട എന്നാണു വിചാരിച്ചത്. ശനിയാഴ്ച കുറച്ചു പൈസ കിട്ടിയപ്പോൾ ടിക്കറ്റെടുക്കാൻ തീരുമാനിച്ചുവെന്ന് അനൂപ് പറഞ്ഞു. കടങ്ങൾ വീട്ടാൻ മലേഷ്യയിൽ ഷെഫിന്റെ ജോലിക്കായി പോകാനിരിക്കെയാണ് അനൂപിനെ തേടി ഭാഗ്യദേവതയെത്തിയത്. ഇനി വിദേശത്തേക്കു പോകുന്നില്ലെന്നും ലോട്ടറി എടുക്കുന്നതു നിർത്താനും പോകുന്നില്ലെന്നും പറയുകയാണ് അനൂപ്. ഹോട്ടൽ ബിസിനസ് നടത്തി നാട്ടിൽ തന്നെ ജീവിക്കാനാണ് അനൂപിന്റെ തീരുമാനം.

അനൂപിന് ബംപർ അടിച്ചതോടെ ഇന്നലെ അസാധാരണമായൊരു നടപടിയും ഉണ്ടായി. ഞായറാഴ്ച ബാങ്ക് അവധിയായിരുന്നിട്ടും വൈകീട്ട് 6.30 ഓടെ കാനറ ബാങ്കിന്റെ മണക്കാട് ശാഖയിലെ മാനേജരും മറ്റ് ജീവനക്കാരുമെത്തി അനൂപിന് ടിക്കറ്റ് സൂക്ഷിക്കാൻ ലോക്കർ സൗകര്യം ലഭ്യമാക്കി. ലോട്ടറി രാത്രി വീട്ടിൽ സൂക്ഷിക്കാൻ സുരക്ഷാ പ്രശ്നമുള്ളതിനാലാണ് ബാങ്കിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടായത്.

തിരുവോണം ബംപർ ഒന്നാം സമ്മാനം ലഭിച്ച അനൂപിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് 15.75 കോടി രൂപയാണ് ലഭിക്കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery onam bumper 2022 br 87 result keralalotteries com first prize winner anoop